| Friday, 11th July 2025, 10:06 pm

ഗസയിലെ വീടുകള്‍ തകര്‍ക്കുന്ന ഓപ്പറേറ്റര്‍മാര്‍ക്ക് പ്രതിമാസ ശമ്പളം 9,000 ഡോളര്‍; റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജെറുസലേം: ഗസയിലെ വീടുകള്‍ തകര്‍ത്ത് ഇസ്രഈലി സിവിലിയന്മാര്‍ പ്രതിമാസം 9,000 ഡോളര്‍ വരെ സമ്പാദിക്കുന്നതായി റിപ്പോര്‍ട്ട്. സൈനികരും ഇസ്രഈലിലെ സാധാരണക്കാരുമാണ് ഇത്തരത്തില്‍ പണം സമ്പാദിക്കുന്നത്. ദി മാര്‍ക്കറാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഇസ്രഈലിലെ ഹാരെറ്റ്സ് ഗ്രൂപ്പ് പ്രസിദ്ധീകരിക്കുന്ന ഹീബ്രു ഭാഷയിലുള്ള ഒരു ദൈനംദിന ബിസിനസ് പത്രമാണ് ദി മാര്‍ക്കര്‍. റിപ്പോര്‍ട്ട് അനുസരിച്ച്, പരിശീലനം ലഭിച്ച ഒരു ഹെവി ബുള്‍ഡോസര്‍ ഓപ്പറേറ്റര്‍ക്ക് പ്രതിദിനം ഏകദേശം 1,200 ഷെക്കല്‍ ($360) സമ്പാദിക്കാനാകും.

എന്നാല്‍ ഗസയിലെ വീടുകള്‍ തകര്‍ക്കാന്‍ ഉപയോഗിക്കുന്ന യന്ത്രങ്ങളുടെ ഉടമസ്ഥര്‍ക്ക് ഇസ്രഈല്‍ വിദേശകാര്യ മന്ത്രാലയം 5,000 ഷെക്കലാണ് നല്‍കുന്നത്. ഇതില്‍ നിന്നുള്ള ഒരു വിഹിതമാണ് ഓപ്പറേറ്റര്‍മാര്‍ക്ക് ലഭിക്കുന്നത്.

‘ഞാന്‍ ആദ്യം പണത്തിന് വേണ്ടിയാണ് ഗസയിലെ വീടുകള്‍ തകര്‍ത്തത്. പക്ഷെ പിന്നീടത് പ്രതികാരത്തിന് വേണ്ടിയും ചെയ്തു. വളരെ കഠിനമായ ജോലിയാണ് ഗസയില്‍ ചെയ്തിരുന്നത്. സമര്‍ത്ഥമായി സൈന്യം കൈകാര്യം ചെയ്യാത്തതുകൊണ്ട് തന്നെ അവിടെയുള്ളതെല്ലാം നശിച്ചിരിക്കുകയാണ്,’ ഒരു ഹെവി യന്ത്ര ഓപ്പറേറ്റര്‍ ദി മാര്‍ക്കറിനോട് പ്രതികരിച്ചതായി മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനുപുറമെ സ്വകാര്യ കോണ്‍ട്രാക്ടര്‍മാരും ഗസയിലെ വീടുകള്‍ തകര്‍ക്കാന്‍ മുന്‍പന്തിയിലുണ്ട്. മൂന്ന് നില കെട്ടിടമാണ് പൊളിക്കുന്നതെങ്കില്‍ കോണ്‍ട്രാക്ടര്‍മാര്‍ക്ക് ലഭിക്കുക 2500 ഷെക്കലാണ്. ഉയരം കൂടിയ കെട്ടിടങ്ങള്‍ക്ക് 5000 ഷെക്കലും ലഭിക്കും.

കൂടാതെ ഗസയിലെ പൊളിക്കല്‍ നടപടിക്ക് ഇസ്രഈല്‍ സേന വലിയ പ്രോത്സാഹനമാണ് നല്‍കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എത്ര വേഗത്തിലാണോ കെട്ടിടം തകര്‍ക്കുന്നത് അതിനനുസരിച്ച് ഓപ്പറേറ്റര്‍മാരുടെയും ഉടമകളുടെയും വരുമാനം വര്‍ധിക്കുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

ജെ.സി.ബി, ബുള്‍ഡോസര്‍ പോലുള്ള ഹെവി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിവുള്ളവരെ തേടിയുള്ള പരസ്യങ്ങളിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗസയിലെ കെട്ടിടങ്ങള്‍ തകര്‍ക്കാന്‍ സൈന്യത്തിന്റെ ഡി-9 ബുള്‍ഡോസറും സ്ഥലത്തുണ്ട്.

അതേസമയം 2006 മുതല്‍ ജെ.സി.ബി ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് ഫലസ്തീനികളുടെ വീടുകള്‍ ഇസ്രഈല്‍ തകര്‍ക്കുന്നതിന്റെ ഫോട്ടോകളും വിവരങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രഈലി സെറ്റില്‍മെന്റുകളുടെ നിര്‍മാണത്തിനായി ഇസ്രഈല്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും കണ്ടെത്തുയിരുന്നു.

2018നും 2022നും ഇടയിലായി ഫലസ്തീനിലെ 262 വീടുകള്‍ അടക്കം 767 നിര്‍മിതികള്‍ ജെ.സി.ബി ഉപകരണങ്ങള്‍ കൊണ്ട് നശിപ്പിച്ചിട്ടുണ്ട്. ഈ ജെ.സി.ബികളുടെ നിയന്ത്രണം ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ജെസി ബാംഫോര്‍ഡ് എക്സ്‌കവേറ്റേഴ്സ് ലിമിറ്റഡിനാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Content Highlight: Gaza home demolition operators earn $9,000 per month, report

We use cookies to give you the best possible experience. Learn more