| Wednesday, 1st October 2025, 1:49 pm

ഈ യാത്ര എന്റെ മക്കള്‍ക്കു കൂടി വേണ്ടി; അവര്‍ ജീവിക്കുന്നത് കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്നൊരു ലോകത്താകരുത്; ഫ്‌ളോട്ടില്ലയില്‍ നിന്നും ഐറിഷ് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന വംശഹത്യ അവസാനിപ്പിക്കാനും മാനുഷിക സഹായം എത്തിക്കാനുമായി സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നിന്നും യാത്ര തിരിച്ച സുമുദ് ഫ്‌ളോട്ടില്ലയില്‍ നിന്നും വൈകാരിക സന്ദേശം പങ്കുവെച്ച് ഐറിഷ് സ്റ്റാന്റ് അപ്പ് കൊമേഡിയന്‍
കോര്‍ക്ക് മാന്‍ താദ്ഗ് ഹിക്കി.

സുമുദ് ഫ്‌ളോട്ടില്ല ഗസ തീരമണയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഹിക്കിയുടെ സന്ദേശം ചര്‍ച്ചയാകുന്നത്.

തന്റെ മക്കള്‍ക്ക് വേണ്ടിയാണ് താന്‍ ഇങ്ങനെയൊരു ദൗത്യത്തിന്റെ ഭാഗമായതെന്നും ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയും വിശന്നു മരിക്കുകയും ചെയ്തിട്ടും അതിന് നേരെ കണ്ണടയ്ക്കുന്ന ഒരു ലോകത്തായിരിക്കരുത് അവര്‍ വളരേണ്ടതെന്നും ഹിക്കി പറഞ്ഞു.

തന്റെ രാജ്യം ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍ ഇസ്രഈലുമായുള്ള ആയുധ വ്യാപാര പങ്കാളിത്തം അവസാനിപ്പിച്ചിരുന്നെങ്കില്‍ തനിക്ക് ഫ്ലോട്ടിലയില്‍ പോകേണ്ടി വരില്ലായിരുന്നെന്നും ഹിക്കി കൂട്ടിച്ചേര്‍ത്തു.

അറസ്റ്റിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നും തങ്ങള്‍ ‘ചരിത്രത്തിന്റെ ശരിയായ പക്ഷത്താണ്’ എന്നതില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഹിക്കി പറഞ്ഞു.

തങ്ങള്‍ റെഡ് സോണിലേക്ക് പ്രവേശിച്ചിരിക്കുകയാണെന്നും ഇത് തന്റെ അവസാന സന്ദേശമാകില്ലെന്ന് കരുതാമെന്നും പറഞ്ഞാണ് ഹിക്കി സംസാരിച്ചു തുടങ്ങിയത്.

‘സുഹൃത്തുക്കളേ, ഇത് എന്റെ അവസാന സന്ദേശമാണ്. എന്റെ ജീവിതത്തിലെ അവസാന സന്ദേശമാകില്ലെന്ന് കരുതാം. ഞങ്ങള്‍ ഇപ്പോള്‍ ‘റെഡ് സോണ്‍’ല്‍ പ്രവേശിക്കുന്നു. ഇസ്രഈല്‍ ഞങ്ങളെ തടയാനുള്ള സാധ്യതയുണ്ട്. പിടിച്ചുകൊണ്ടുപോവാനുമിടയുണ്ട്. അതിനാല്‍ ഞാന്‍ എന്റെ നിലപാട് രേഖപ്പെടുത്തുകയാണ്.

എനിക്ക് ഒട്ടും പശ്ചാത്താപമില്ല. ഞാന്‍ ഒന്നിലും ഖേദിക്കുന്നില്ല. ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ട്. ജീവിതം തിരികെ ലഭിച്ചാല്‍, ഞാന്‍ ഈ ദൗത്യത്തില്‍ വീണ്ടും പങ്കെടുക്കും.

ഞാന്‍ എന്റെ രണ്ടു മക്കളെ അതിയായി സ്‌നേഹിക്കുന്നു എന്ന് കൂടി പറയണം. അവരെ ഞാന്‍ വളരെ മിസ്സ് ചെയ്യുന്നു. അവരെ കാണാനുള്ള ആകാംക്ഷയുണ്ട്. എന്നാല്‍ ഒരുതരത്തില്‍, ഞാന്‍ ഈ ദൗത്യത്തിലേക്ക് വന്നത് എന്റെ മക്കള്‍ക്കായി തന്നെയാണ്.

കാരണം ആളുകള്‍ കൂട്ടത്തോടെ കൊല്ലപ്പെടുകയും വിശന്നു മരിക്കുകയും ചെയ്തിട്ടും അതിന് നേരെ കണ്ണടയ്ക്കുന്ന ഒരു ലോകത്തായിരിക്കരുത് അവര്‍ വളരേണ്ടത്.

എന്റെ കുട്ടികള്‍ വളരുമ്പോള്‍ തങ്ങള്‍ മഹത്വമുള്ളവരാണെന്ന് അവര്‍ അറിയണം, എന്നാല്‍ എല്ലാവരും മഹത്വമുള്ളവരാണെന്ന്, ഒരു കുഞ്ഞും മറ്റൊരു കുഞ്ഞിനെക്കാള്‍ മികച്ചതോ മോശമോ അല്ലെന്ന ഉറപ്പോടെ അവര്‍ക്ക് ജീവിക്കാനാവണം.

അടുത്ത കുറച്ച് മണിക്കൂറുകളില്‍ എന്ത് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. ഞങ്ങളെ തടയുമോ എന്നതാണ് ചോദ്യം, അത് തന്നെയാണ് യഥാര്‍ത്ഥത്തില്‍ യുദ്ധക്കുറ്റം.

ഞങ്ങളെ കൂട്ടക്കൊലചെയ്യുമോ എന്ന ഭയവും ഉണ്ട്. കാരണം കഴിഞ്ഞ ഏതാനും മണിക്കൂറുകള്‍ക്കിടെ ഇസ്രഈല്‍ അതിനായി കോപ്പുകൂട്ടുകയാണ്.

ഒന്നും സംഭവിച്ചില്ലെങ്കില്‍, ഞങ്ങള്‍ ഗസയില്‍ എത്തും, ഞാന്‍ എന്റെ സ്വപ്നങ്ങളുടെ തീരമണയും. എന്റെ ഉടപ്പിറപ്പുകളെ ഗസയുടെ കടല്‍ത്തീരത്ത് കാണും.

എന്താണ് മുന്നില്‍ കാത്തിരിക്കുന്നതെന്ന് എനിക്ക് അറിയില്ല. പക്ഷേ ഒരു കാര്യം ഞാന്‍ ഉറപ്പിച്ചു പറയുന്നു, എന്റെ പിന്നാലെ മനുഷ്യത്വത്തിന്റെ പ്രത്യാശയുടെ ക്ഷീണിക്കാത്ത യാത്ര തുടര്‍ന്നുകൊണ്ടിരിക്കും.

ഞാന്‍ എത്തുന്നില്ലെങ്കില്‍, ഒരുനാള്‍ എന്റെ സഹപ്രവര്‍ത്തകര്‍ അത് പൂര്‍ത്തിയാക്കും. വളരെ വളരെ അടുത്തുതന്നെ. ഫലസ്തീന്‍ സ്വതന്ത്രമാവും. എന്റെ എല്ലാ സ്‌നേഹവും സമാധാനവും നേരുന്നു. വീണ്ടും കാണാം,’ ഹിക്കി പറഞ്ഞു.

ഈ ദൗത്യം കേവലം പ്രതീകാത്മകമല്ലെന്നും ഗസയുടെ തീരത്ത് എത്തി അവശ്യ സഹായങ്ങള്‍ നല്‍കുകയും നിയമവിരുദ്ധമായ ഉപരോധത്തെ ചോദ്യം ചെയ്യുകയെന്നതുമാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യമെന്നും ഹിക്കി നേരത്തെ പറഞ്ഞിരുന്നു.

അടിസ്ഥാനപരമായ മനുഷ്യത്വം കാണിക്കാനും പട്ടിണിയിലായവര്‍ക്ക് സഹായമെത്തിക്കാനും സാധാരണ പൗരന്മാര്‍ അവരുടെ ജീവന്‍ തന്നെ പണയപ്പെടുത്തേണ്ട അവസ്ഥ വന്നിരിക്കുകയാണെന്ന പറഞ്ഞ അദ്ദേഹം ഗസയിലെ മനുഷ്യനിര്‍മ്മിത ക്ഷാമത്തിനെതിരെ കണ്ണടയ്ക്കുന്ന പാശ്ചാത്യ സര്‍ക്കാരുകളുടെ ഭീരുത്വത്തെയും രൂക്ഷമായി വിമര്‍ശിച്ചു.

ഗസയിലെ ഇപ്പോഴത്തെ സാഹചര്യത്തെ അയര്‍ലന്‍ഡില്‍ മുന്‍കാലത്ത് സംഭവിച്ചിരുന്ന മനുഷ്യനിര്‍മ്മിത ക്ഷാമവുമായും അടിച്ചമര്‍ത്തലുമായും ബന്ധമുണ്ടെന്നും ചരിത്രബോധമുള്ള ഏതൊരു ഐറിഷ് പൗരനും ഫലസ്തീനിലെ അടിച്ചമര്‍ത്തപ്പെട്ട ജനങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തങ്ങള്‍ക്ക് പിന്നാലെ ‘അനന്തമായ മനുഷ്യത്വത്തിന്റെയും പ്രതീക്ഷയുടെയും ഒരു പ്രവാഹം’ തന്നെ ഉണ്ടാകുമെന്നും, ഈ ദൗത്യത്തിന് ലോകമെമ്പാടുമുള്ള വര്‍ദ്ധിച്ചുവരുന്ന പിന്തുണ ഇസ്രഈലിനെ പൊള്ളിക്കുമെന്നും ഹിക്കി പറഞ്ഞു.

ലോകമെമ്പാടുമുള്ള ആക്ടിവിസ്റ്റുകള്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, ഹാസ്യനടന്മാര്‍, പാര്‍ലമെന്റേറിയന്മാര്‍ എന്നിവര്‍ സുമുദ് ഫ്‌ളോട്ടില സംഘത്തിലുണ്ട്. ഗസയുടെ ഉപരോധം തകര്‍ക്കുക, ഒരു മാനുഷിക ഇടനാഴി തുറക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് അവരുടെ ഈ യാത്ര.

‘നമ്മള്‍ ഇതിനകം ഒരു മാറ്റം വരുത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ആഗോള സമൂഹത്തില്‍ തന്നെ ഇസ്രഈലിനോടുള്ള കാഴ്ചപ്പാടില്‍ മാറ്റം വന്നിട്ടുണ്ട്. ഇറ്റലിയിലെ തെരുവില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ നോക്കൂ, ആ തൊഴിലാളികള്‍ തങ്ങളുടെ ഉപജീവനമാര്‍ഗ്ഗം അപകടത്തിലാക്കുകയാണ്. ആ സമരത്തിന് അയര്‍ലന്‍ഡ് നേതൃത്വം നല്‍കിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ ഹിക്കി പറഞ്ഞു.

Content Highlight: Gaza Help what the aid flotilla is trying

We use cookies to give you the best possible experience. Learn more