ഗസ: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു കഴിഞ്ഞ ദിവസം യു.എന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തില്‍ എട്ട് നുണകള്‍ പ്രചരിപ്പിച്ചതായി ഗസ മീഡിയ ഓഫീസ്. നെതന്യാഹുവിന്റെ പ്രസംഗം തെറ്റിദ്ധരിപ്പിക്കുന്നതും വൈരുധ്യങ്ങള്‍ നിറഞ്ഞതാണെന്നും ഗസ മീഡിയ ഓഫീസ് പ്രസ്താവനയിലൂടെ പറഞ്ഞു. ഇത് ഗസയിലെ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും ന്യായീകരിക്കാന്‍ വേണ്ടിയുള്ള ശ്രമമാണെന്നും അവര്‍ ആരോപിച്ചു.
‘നെതന്യാഹു യു.എന്നിലെ തന്റെ പ്രസംഗത്തില്‍ ബന്ദികളുടെ കഷ്ടപ്പാടുകള്‍ കുറച്ച് കാണിച്ചു. ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്രാഈലിന് അന്താരാഷ്ട്ര പിന്തുണ വര്‍ധിച്ചുവെന്നും പെരുപ്പിച്ചു കാണിച്ചു. ഫലസ്തീന്‍ അവകാശങ്ങള്‍ക്കുള്ള ആഗോള പിന്തുണയെ തീവ്രവാദികളില്‍ നിന്നുള്ള സമ്മര്‍ദ്ദമാണെന്ന് തെറ്റായി ചിത്രീകരിച്ചു,’ മീഡിയ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.
ഇസ്രഈല്‍ ഏഴ് അതിര്‍ത്തികളില്‍ ഭീകരതക്കെതിരെ പോരാടുന്നുവെന്ന് നെതന്യാഹു നടത്തിയ പ്രസ്താവനയെയും ഗസ മീഡിയ ഓഫീസില്‍ നിരസിച്ചു. ഇസ്രഈലിന്റെ സൈനിക നടപടികള്‍ ഗസയിലെ സാധാരണ ജനങ്ങളെയും സിവിലിയന്‍ കെട്ടിടങ്ങളുമാണ് ലക്ഷ്യമിട്ടത്.
കൊല്ലപ്പെട്ട ഫലസ്തീനികളില്‍ 30000ത്തിലധികം സ്ത്രീകളും കുട്ടികളുമടക്കം 94 ശതമാനം പേരും സാധാരണക്കാരാണ്. ആശുപത്രികള്‍, സ്‌കൂളുകള്‍, മറ്റ് പ്രധാന കെട്ടിടങ്ങള്‍ എന്നിവയുടെ 90 ശതമാനത്തിലധികം നശിപ്പിക്കപ്പെട്ടുവെന്നും പ്രസ്താവന ചൂണ്ടിക്കാട്ടി. അന്താരാഷ്ട്ര റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ചാണ് ഗസ മീഡിയ ഓഫീസ് ഇക്കാര്യം പരാമര്‍ശിച്ചത്.
ഫലസ്തീന്‍ പ്രതിരോധ വിഭാഗങ്ങള്‍ ഗസയിലെ ജനങ്ങളെ പലായനം ചെയ്യുന്നത് തടഞ്ഞുവെന്നും അതേസമയം തന്നെ 70000 ഫലസ്തീനികള്‍ പലായനം നടത്തിയെന്ന് പറഞ്ഞതും നെതന്യാഹുവിന്റെ പ്രസ്താവനയിലെ വൈരുധ്യങ്ങളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇസ്രഈല്‍ നല്‍കിയ സഹായം ഫലസ്തീനി പ്രതിരോധ ഗ്രൂപ്പുകള്‍ മോഷ്ടിച്ചുവെന്ന ആരോപണവും മീഡിയ ഓഫീസില്‍ തള്ളിക്കളഞ്ഞു. എയ്ഡ് പോസ്റ്റുകളില്‍ ഇസ്രഈല്‍ സൈന്യം മരണകെണികള്‍ സൃഷ്ടിച്ചുവെന്നും പട്ടിണിയിലൂടെ 147 കുട്ടികളടക്കം നിരവധി പേര് കൊല്ലപ്പെട്ടുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.
‘ഫലസ്തീനികളെ അംഗീകരിക്കുന്ന രാജ്യങ്ങളെ കുറിച്ചുള്ള നെതന്യാഹുവിന്റെ വിമര്‍ശനം തെറ്റാണ്. അംഗീകാരം ഞങ്ങളുടെ നിയമപരമായ അവകാശമാണ്. പതിറ്റാണ്ടുകളുടെ പോരാട്ടത്തിന് ശേഷം ഫലസ്തീനിന്റെ അവകാശങ്ങളെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്നതിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ,’ പ്രസ്താവനയില്‍ പറഞ്ഞു.
കാലങ്ങളായി ഇസ്രഈല്‍ നടത്തുന്ന കൊലപാതകങ്ങള്‍, നിര്‍ബന്ധിത നാടുകടത്തല്‍, നാശനഷ്ടങ്ങള്‍ എന്നിവ മറച്ച് പിടിക്കാനും ഇവയുടെ നിയമപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുമുള്ള ശ്രമമാണ് നെതന്യാഹുവിന്റെ പ്രസ്താവനയെന്നും മീഡിയ ഓഫീസ് പറഞ്ഞു.
ഗസയിലെ വംശഹത്യ ഇസ്രഈലിന് നേരെയുള്ള തെറ്റായ ആരോപണം മാത്രമാണെന്ന് നെതന്യാഹു കഴിഞ്ഞ ദിവസം യു.എന്നിലെ പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍, നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ ഇന്നലെ യു.എന്നില്‍ അദ്ദേഹത്തിനെ കൂക്കിവിളിച്ച് വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ നൂറിലേറെ പ്രതിനിധികള്‍ ഇറങ്ങിപ്പോയിരുന്നു.
അതേസമയം, യു.എന്നിലെ നെതന്യാഹുവിന്റെ പ്രസംഗം തികച്ചും നുണയും വൈരുധ്യങ്ങളുമാണെന്ന് ഹമാസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
Content Highlight: Gaza government says Israel PM Benjamin Netanyahu promoted eight lies in his speech in UN