ഗസസിറ്റി: ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഏകദേശം ഒരു വര്‍ഷമായിട്ടും ഇസ്രഈല്‍ ഫലസ്തീന്‍കാരെ കൊലപ്പെടുത്തുന്നത് തുടരുകയാണെന്ന് സന്നദ്ധ സംഘടനയായ മെഡിക്കല്‍ എയ്ഡ് ഫോര്‍ ഫലസ്തീനിയന്‍സ് (എം.എ.പി). ഇപ്പോഴും ഗസയിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതും അവശ്യവസ്തുക്കളുടെ വിതരണം തടയുന്നതും ഇസ്രഈല്‍ തുടരുകയാണെന്ന് എം.എ.പി മുന്നറിയിപ്പ് നല്‍കി.
2025 ഒക്ടോബര്‍ പത്തിനായിരുന്നു ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. ഈ കരാര്‍ നിലവില്‍ വന്ന ശേഷം 1,400-ലധികം ഫലസ്തീന്‍കാരെ കൊലപ്പെടുത്തിയതായാണ് കണക്ക്. ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണങ്ങളില്‍ ഈ കാലയളവില്‍ അയ്യായിരത്തിലധികം പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തതായാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
ഗസയില്‍ ഇപ്പോഴും ആശുപത്രികളില്‍ മരുന്നുകള്‍ക്കും ഇന്ധനത്തിനും അവശ്യവസ്തുക്കള്‍ക്കും ഇപ്പോഴും ക്ഷാമം നേരിടുന്നതായി എം.എ.പി പ്രസ്താവനയില്‍ പറഞ്ഞു. ഇത് ആരോഗ്യമേഖലയുടെ തിരിച്ചുവരവിനെ ദുഷ്‌കരമാക്കുന്നുവെന്നും അവര്‍ ചൂണ്ടിക്കാട്ടി.
‘കൊലപാതകങ്ങള്‍ അവസാനിക്കുമെന്നും ജീവിതം കെട്ടിപ്പടുക്കാന്‍ അവസരം ലഭിക്കുമെന്നും ഒരു വര്‍ഷം മുമ്പ് ഫലസ്തീന്‍കാരോട് പറഞ്ഞിരുന്നു. എന്നാല്‍, മരണവും പലായനവും നാശവും നിറഞ്ഞ ഒരു വര്‍ഷമാണ് അവര്‍ പിന്നിട്ടത്,’ എം.എ.പി ഗസ ഡയറക്ടര്‍ ഫിക്ര്‍ ഷാല്‍തൂട്ട് പറഞ്ഞു.
ഈ വംശഹത്യ യാതൊരു തടസ്സവുമില്ലാതെ തുടരുകയാണ്. ജീവന്‍ നിലനിര്‍ത്താന്‍ മാത്രം പരിശ്രമിച്ചുകൊണ്ട് മറ്റൊരു വര്‍ഷം കൂടി ചെലവഴിക്കേണ്ട വരുന്ന അവസ്ഥയില്‍ ഫലസ്തീന്‍കാര്‍ തളച്ചിടപ്പെടരുതെന്നും ഷാല്‍തൂട്ട് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ പ്രകാരം ഇസ്രഈല്‍ സേന പിന്‍മാറേണ്ട അതിര്‍ത്തി നിര്‍ണയിച്ചിരുന്നു. യെല്ലോ ലൈന്‍ എന്ന പേരുള്ള ഈ അതിര്‍ത്തി കടന്ന് ഇസ്രഈല്‍ സേന മുന്നോട്ട് പോയെന്ന് എം.എ.പി ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ ഗസയുടെ 70 ശതമാനത്തോളം ഇസ്രഈല്‍ നിയന്ത്രണത്തിലാണ്. ബാക്കിയുള്ള പ്രദേശങ്ങളില്‍ ഇരുപത് ലക്ഷത്തിലധികം ഫലസ്തീന്‍കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇസ്രഈല്‍ ഈ കുടുംബങ്ങളെ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. അവരുടെ വീടുകള്‍, ആരോഗ്യ സംരക്ഷണം, ശുചിത്വ സൗകര്യങ്ങള്‍ എന്നിവയിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നും എം.എ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.
2026 ജനുവരിക്കും ഓഗസ്റ്റിനും ഇടയില്‍ ആരോഗ്യമേഖലയ്ക്കുനേരെ 56 ആക്രമണങ്ങള്‍ നടന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് എം.എ.പി വ്യക്തമാക്കി. ഈ ആക്രമണങ്ങളില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസയിലെ 57 ആശുപത്രികളില്‍ 35 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്. പൂര്‍ണമായി പ്രവര്‍ത്തിക്കുന്ന ആശുപത്രികളൊന്നും ഗസയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി.
ഈ വര്‍ഷം സെപ്റ്റംബര്‍ 15ന്, ജബാലിയയില്‍ എം.എ.പി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഒരു ആരോഗ്യ കേന്ദ്രത്തിനുനേരെ ഇസ്രായേല്‍ സൈന്യത്തിന്റെ ക്വാഡ്കോപ്റ്റര്‍ നടത്തിയ വെടിവെപ്പില്‍ 65 വയസ്സുള്ള ഒരു രോഗി കൊല്ലപ്പെട്ടു. തൊട്ടടുത്ത ആഴ്ച, മധ്യ ഗാസയിലുള്ള മറ്റൊരു മെഡിക്കല്‍ കേന്ദ്രത്തിന് സമീപം ഇസ്രായേല്‍ വെടിവെപ്പില്‍ ഒരു സ്ത്രീക്കും കുട്ടിക്കും ഗുരുതരമായി പരിക്കേറ്റതിനെത്തുടര്‍ന്ന് ആരോഗ്യ കേന്ദ്രം ഒഴിപ്പിക്കേണ്ടി വന്നെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
ഇസ്രഈല്‍ സൈന്യത്തിന്റെ മുന്നേറ്റം കാരണം കമല്‍ അദ്വാന്‍ ആശുപത്രിയില്‍ എം.എ.പി നടപ്പിലാക്കിയിരുന്ന നവജാത ശിശു സംരക്ഷണ പദ്ധതി നിര്‍ത്തിവെക്കേണ്ടി വന്നു. യൂറോപ്യന്‍ ഗാസ ആശുപത്രിയിലേക്കുള്ള പ്രവേശനം തടസ്സപ്പെട്ടു. ആശുപത്രി പിന്നീട് പ്രവര്‍ത്തനരഹിതമാവുകയും ചെയ്തു. അതോടെ അവിടെയുണ്ടായിരുന്ന പുനരധിവാസ പദ്ധതി നാസര്‍ ആശുപത്രിയിലേക്ക് മാറ്റി സ്ഥാപിച്ചുവെന്നും എം.എ.പി ചൂണ്ടിക്കാട്ടി.
സ്ഥിരമായ വെടിനിര്‍ത്തല്‍ നടപ്പിലാക്കുക, തടസ്സങ്ങളില്ലാത്ത മാനുഷിക സഹായ വിതരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ലോക നേതാക്കളുടെ പിന്തുണ തേടുന്നതായും സംഘടന വ്യക്തമാക്കി. ആരോഗ്യമേഖലയ്ക്കുനേരെയുള്ള ആക്രമണങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര അന്വേഷണങ്ങളെ പിന്തുണയ്ക്കാനും എം.എ.പി ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ വ്യാപകമായ ലംഘനങ്ങള്‍ ഇസ്രായേല്‍ അവസാനിപ്പിക്കുന്നത് വരെ യു.കെ-ഇസ്രഈല്‍ വ്യാപാര കരാര്‍ മരവിപ്പിക്കണം. ഇസ്രഈലിനുള്ള ആയുധ വില്‍പ്പനയും സൈനിക സഹകരണവും ഉടനടി നിര്‍ത്തിവെക്കണമെന്നും ണമെന്നും സംഘടന ആവശ്യപ്പെട്ടു.
Content Highlight: Gaza genocide continues a year after ‘ceasefire’, Medical Aid for Palestinians warns