| Wednesday, 24th December 2025, 10:44 pm

ഗസ വംശഹത്യ; ഇസ്രഈലിനെതിരായ ഐ.സി.സിയുടെ കേസിൽ കക്ഷി ചേർന്ന് ബെൽജിയം

ശ്രീലക്ഷ്മി എ.വി.

ഹേഗ്: ഗസയിൽ വംശഹത്യ നടത്തുന്നെന്നാരോപിച്ച് ഇസ്രഈലിനെതിരായി ദക്ഷിണാഫ്രിക്ക അന്താരാഷ്ട്ര ക്രിമിനൽ കോടതി ആരംഭിച്ച കേസിൽ കക്ഷിചേർന്ന് ബെൽജിയം.

ബെൽജിയത്തിന് പുറമെ ബ്രസീൽ, കൊളംബിയ, അയർലൻഡ് മെക്സിക്കോ, സ്പെയിൻ, തുർക്കി എന്നീ രാജ്യങ്ങളും ഹേഗിലെ ഇസ്രഈലിനെതിരായ കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.

ഗസ വംശഹത്യ കേസിൽ അന്വേഷണം തടയണമെന്ന ഇസ്രഈലിന്റെ ഹരജി അന്താരാഷ്ട്ര ക്രിമിനൽ കോടതി തള്ളിയ പശ്ചാത്തലത്തിലാണ് ബെൽജിയവും കേസിൽ കക്ഷിചേർന്നത്. 2023 ഡിസംബറിലായിരുന്നു ഇസ്രഈലിനെതിരായ കേസ് ഫയൽ ചെയ്തത്.

വംശഹത്യ കുറ്റകൃത്യം തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള 1948 ലെ യു.എൻ കൺവെൻഷന്റെ ലംഘനമാണ് ഇസ്രഈൽ നടത്തിയതെന്ന് അന്താരാഷ്ട്ര കോടതി നേരത്തെ പറഞ്ഞിരുന്നു.

എന്നാൽ ഈ ആരോപണങ്ങൾ ഇസ്രഈൽ നിഷേധിക്കുകയും കേസിനെ വിമർശിക്കുകയും ചെയ്തിരുന്നു.

ഫലസ്തീൻ പ്രദേശത്ത് ഇസ്രഈലിന്റെ സാന്നിധ്യം നിയമവിരുദ്ധമാണെന്നും അവരുടെ നയങ്ങൾ പിടിച്ചെടുക്കലിന് തുല്യമാണെന്നും ഐ.സി.ജെ പറഞ്ഞിരുന്നു.

ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഐ.സി.സി അംഗങ്ങൾക്കെതിരെ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിയിരുന്നു.

വിധികളും അന്താരാഷ്ട്ര വിമർശനങ്ങളും വർധിച്ചുവരുന്നുണ്ടെങ്കിലും, ഗസയിലും വെസ്റ്റ് ബാങ്കിലും ഇസ്രഈൽ ആക്രമണം തുടരുകയാണെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ബെൽജിയവും ഉൾപ്പെടുന്നുണ്ട്. ഐക്യരാഷ്ട്രസഭയിലെ അംഗരാജ്യങ്ങളിൽ ഏകദേശം 80 ശതമാനവും ഇപ്പോൾ ഫലസ്തീനെ അംഗീകരിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: Gaza genocide; Belgium joins ICC case against Israel

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.

We use cookies to give you the best possible experience. Learn more