ഗസ: ഗസ വംശഹത്യ യുദ്ധത്തിനിടെ ഇസ്രഈൽ ആക്രമണങ്ങളിൽ 1700 ആരോഗ്യ പ്രവർത്തകരും നഴ്സുമാരും കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്. ഫലസ്തീൻ നാഷണൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി അസോസിയേഷനാണ് (പി.എൻ.എൻ.എം.എ) പ്രസ്താവന പുറത്തുവിട്ടത്.
ഗസയിലെ മെഡിക്കൽ സ്റ്റാഫുകൾക്ക് അന്താരാഷ്ട്ര സംരക്ഷണം നൽകണമെന്നും കാണാതായവരുടെ കാര്യത്തിൽ വ്യക്തത വരുത്തണമെന്നും പി.എൻ.എൻ.എം.എ ആവശ്യപ്പെട്ടു.
ഇസ്രഈലിന്റെ അതിരില്ലാത്ത ആക്രമണങ്ങളിലും മരുന്നുകളുടെയും മറ്റ് മെഡിക്കൽ അവശ്യവസ്തുക്കളുടെയും കടുത്ത ക്ഷാമവും ഉണ്ടെങ്കിലും ഡോക്ടർമാരും നഴ്സുമാരും രോഗികൾക്കും ആക്രമണങ്ങളിൽ പരിക്കേറ്റവർക്കും ഇപ്പോഴും ചികിത്സ നൽകുന്നുണ്ടെന്നും അസോസിയേഷൻ പറഞ്ഞു.
സമ്പൂർണ ഉപരോധമാണ് ഇസ്രഈൽ ഗസയ്ക്കുമേൽ ഏർപ്പെടിത്തിയതെന്നും അടിയന്തര ചികിത്സ ലഭിച്ചില്ലെങ്കിൽ 2100ത്തിലധികം രോഗികൾ ഗസയിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, താമസ സൗകര്യത്തിനുള്ള സാമഗ്രികൾ, താത്കാലിക വീടുകൾ എന്നിവ ഗസയിലേക്ക് പ്രവേശിപ്പിക്കുന്നതിന് ഇസ്രഈൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇപ്പോഴും തുടരുകയാണ്.
ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023 ഒക്ടോബർ മുതൽ ഗസയിൽ ഇസ്രഈൽ നടത്തിയ ആക്രമണങ്ങളിൽ 74000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 175000 ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്.
ഗസയിലെ 90 ശതമാനം അടിസ്ഥാന സൗകര്യങ്ങളും തകരുകയും കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ടെന്നും പുനർനിർമാണത്തിനായി 71.4 ബില്യൺ ഡോളർ ചെലവാകുമെന്നും ഐക്യരാഷ്ട്ര സഭ അറിയിച്ചു.
Content Highlight: Gaza Genocide: 1,700 Healthcare Workers and Nurses Killed – PNNMA