| Wednesday, 9th July 2025, 10:06 pm

ഗസയില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 10 മടങ്ങ് വര്‍ധിച്ചു: എം.എസ്.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലണ്ടന്‍: ഗസയിലെ ഫലസ്തീനികള്‍ക്കെതിരായ യുദ്ധത്തില്‍ അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണനിരക്ക് 10 മടങ്ങ് വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഒരു മാസത്തിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ മരണനിരക്ക് ആറ് മടങ്ങായി ഉയര്‍ന്നതായും റിപ്പോര്‍ട്ട് പറയുന്നു. എം.എസ്.എഫ് (മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്സ്/ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2023 ഒക്ടോബര്‍ ഏഴ് മുതല്‍ സര്‍വേയില്‍ പങ്കെടുത്ത രണ്ട് ശതമാനത്തിലധികം ഫലസ്തീനികളും മരിച്ചതായാണ് എം.എസ്.എഫ് പറയുന്നത്. ഏഴ് ശതമാനം പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സ്‌ഫോടനങ്ങളിലാണ് ഭൂരിഭാഗം ഫലസ്തീനികളും കൊല്ലപ്പെട്ടിരിക്കുന്നത്.

ഫലസ്തീന്‍ ജീവനക്കാരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് എം.എസ്.എഫ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. ജീവനക്കാരില്‍ 48 ശതമാനം പേരും വീടുകള്‍ക്ക് നേരെയുണ്ടായ ഇസ്രഈല്‍ ആക്രമണത്തില്‍ മരിച്ചതായാണ് എം.എസ്.എഫ് പറയുന്നത്. ഇതില്‍ 40 ശതമാനവും കുട്ടികളായിരുന്നു. ഭൂരിഭാഗവും പത്ത് വയസിന് താഴെയുള്ളവര്‍.

ഗസയില്‍ പ്രതിദിനം 10,000 പേരില്‍ 0.41 ശതമാനം ആളുകള്‍ മരിക്കുന്നുണ്ടെന്നും സര്‍വേയില്‍ കണ്ടെത്തി. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 0.70 ശതമാനം മരണനിരക്കുമാണ് രേഖപ്പെടുത്തുന്നത്. ഇക്കാലയളവില്‍ ഗസയിലെ സാധാരണമായ മരണകേസുകളിലും ഗണ്യമായ വര്‍ധനവുണ്ടായിട്ടുണ്ട്.

പകര്‍ച്ചവ്യാധി, ജന്മനായുള്ള രോഗങ്ങള്‍, പാരമ്പര്യ രോഗങ്ങള്‍ തുടങ്ങിയവയാണ് ഈ വര്‍ധനവുണ്ടാക്കിയത്. കടുത്ത മാനസിക സമ്മദം മുതിര്‍ന്നവരിലെ ഉയര്‍ന്ന മരണനിരക്കിനും കാരണമായി. എം.എസ്.എഫ് പറയുന്നത് അനുസരിച്ച് ഗസയില്‍ 10,000ത്തിലധികം ആളുകള്‍ അടിയന്തിര ചികിത്സയ്ക്കും ശാസ്ത്രക്രിയകള്‍ക്കും പുറത്താണ്.

കൂടാതെ ഇസ്രഈല്‍ ആക്രമണത്തില്‍ 59 ശതമാനം എം.എസ്.എഫ് ജീവനക്കാരുടെയും വീടുകള്‍ പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. 39 ശതമാനം ആളുകളുടെ വീടുകള്‍ ഭാഗികമായും തകര്‍ന്നു. ഇവരില്‍ 41 ശതമാനം പേര്‍ ടെന്റുകളിലാണ് താമസിക്കുന്നത്.

ഗസയിലെ പലസ്തീനികള്‍ക്കെതിരായ വംശഹത്യ അവസാനിപ്പിക്കണമെന്നും ഭക്ഷണം, ഇന്ധനം, മെഡിക്കല്‍ ഉപകരണങ്ങള്‍, മാനുഷിക സാമഗ്രികള്‍ എന്നിവയുടെ മേലുള്ള ഉപരോധം പിന്‍വലിക്കണമെന്നും റിപ്പോര്‍ട്ടില്‍ എം.എസ്.എഫ് ഇസ്രഈലിനോട് ആവശ്യപ്പെടുന്നുണ്ട്. ജീവനോട് മല്ലടിക്കുന്ന പ്രത്യേകിച്ച് കുട്ടികളെ അടിയന്തിര ചികിത്സയ്ക്ക് വിധേയമാക്കണമെന്നും സ്ഥാപനം ആവശ്യപ്പെട്ടു.

നിലവിലെ കണക്കുകള്‍ അനുസരിച്ച് 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ആരംഭിച്ച ഇസ്രഈല്‍ ആക്രമണത്തില്‍ കുറഞ്ഞത് 56,156 പലസ്തീനികള്‍ കൊല്ലപ്പെടുകയും 132,239 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Death rate of children under five in Gaza has increased 10-fold: MSF

We use cookies to give you the best possible experience. Learn more