ന്യൂയോർക്ക്: ഗസ വെടിനിർത്തലിന്റെ രണ്ടാം ഘട്ടം ഉടനെയുണ്ടാകുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഒക്ടോബർ പത്തിലെ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നിട്ടും ഇസ്രഈൽ ആക്രമണം തുടരുന്ന സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന.
ഗസയിൽ ഇസ്രഈൽ ലംഘനങ്ങൾ നടത്തിയിട്ടും നിലവിലുള്ള കരാറിൽ പുരോഗതിയുണ്ടെന്നാണ് ട്രംപിന്റെ വാദം. വെടിനിർത്തൽ പദ്ധതിയുടെ അടുത്ത ഘട്ടവും വളരെ നന്നായി പുരോഗമിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു.
രണ്ടാം ഘട്ടം എപ്പോൾ ആരംഭിക്കുമെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് കൃത്യമായ മറുപടി പറയാതെ കരാറിനായുള്ള പ്രവർത്തനങ്ങൾ നന്നായി നടക്കുന്നു എന്നുമാത്രമായിരുന്നു ട്രംപ് പറഞ്ഞത്.
മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ടെന്നും വെടിനിർത്തൽ കരാറിന് പിന്തുണയുണ്ടെന്നും ബുധനാഴ്ച വൈറ്റ് ഹൗസിൽ സംസാരിക്കുകയായിരുന്ന ട്രംപ് പറഞ്ഞു.
‘ഒരു ബോംബ് പൊട്ടിത്തെറിച്ചു. അതിൽ ചിലർക്ക് സാരമായി പരിക്കേറ്റു. ഒരുപക്ഷെ ചിലർ കൊല്ലപ്പെട്ടിട്ടുണ്ടാവാം.
എന്നിരുന്നാലും മിഡിൽ ഈസ്റ്റിൽ സമാധാനമുണ്ട് വെടിനിർത്തൽ കരാറിന് വലിയ പിന്തുണയുണ്ട്. അത് ആളുകൾ മനസിലാക്കുന്നില്ല,’ ട്രംപ് പറഞ്ഞു.
ഗസയുടെ പുനർനിർമ്മാണം, ഹമാസില്ലാതെ ഒരു പുതിയ ഭരണ സംവിധാനം സ്ഥാപിക്കൽ എന്നിവ വെടിനിർത്തൽ കരാറിന്റെ രണ്ടാം ഘട്ട പദ്ധതിയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ദിവസം ഒക്ടോബറിലെ വെടിനിർത്തൽ കരാറിന് ശേഷം ഫലസ്തീനിൽ സമാധാന ചർച്ചകളുടെ രണ്ടാം ഘട്ടം നടത്തണമെന്ന ആവശ്യം ഖത്തർ മുന്നോട്ടുവെച്ചിരുന്നു.
ഇസ്രഈലിനെയും ഹമാസിനെയും പുതിയ ചർച്ചകളിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുമെന്നും ഖത്തർ വിദേശകാര്യ വക്താവ് മജീദ് അൽ അൻസാരി പറഞ്ഞു.
‘വളരെ പെട്ടെന്ന് തന്നെ രണ്ടാം ഘട്ടത്തിലേക്ക് ഇരുകക്ഷികളെയും എത്തിക്കണമെന്നും സ്ഥിതി സങ്കീർണമാക്കുന്ന പ്രശ്നങ്ങളാണ് നടക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Gaza ceasefire plan; Phase 2 coming soon: Trump