ഇസ്താംബുൾ: ഗസ വെടിനിർത്തൽ കരാറിനെ കുറിച്ച് ചർച്ച ചെയ്യാനായി തുർക്കി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി ഹമാസ്.
ഹമാസ് മേധാവി ഖലീൽ അൽ ഹയ്യയുടെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം തുർക്കി ഇന്റലിജിൻസ് മേധാവി ഇബ്രാഹിം കാലിനുമായി കഴിഞ്ഞ ദിവസം ഇസ്താംബൂളിലാണ് കൂടിക്കാഴ്ച നടത്തിയത്.
ഗസ വെടിനിർത്തൽ കരാർ ഉറപ്പാക്കുന്നതിലും പ്രക്രിയയിലെ വെല്ലുവിളികൾ പരിഹരിക്കുന്നതിലും ഇരുവരും ചർച്ചകൾ നടത്തി.
വെടിനിർത്തൽ കരാറിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും എന്നാൽ കരാറിന് ശേഷവും ഇസ്രഈൽ ലംഘനങ്ങൾ നടത്തിയിട്ടുണ്ടെന്നും അൽ ഹയ്യ പറഞ്ഞു.
ഒക്ടോബർ പത്തിന് ശേഷം മാത്രം ഇസ്രഈൽ വെടി നിർത്തൽ കരാർ ലംഘിച്ച് ഗസയിൽ നടത്തിയത് 194 നിയമലംഘനങ്ങളാണെന്ന് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചിരുന്നു.
അധിനിവേശത്തിനെതിരായ ഫലസ്തീന്റെ പോരാട്ടത്തിന് നൽകുന്ന പിന്തുണയ്ക്കും വെടിനിർത്തൽ കരാറിൽ പങ്കുവഹിച്ചതിനും ഖലീൽ അൽ ഹയ്യ തുർക്കിക്ക് നന്ദി അറിയിച്ചു.
വെടിനിർത്തൽ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും കരാറിന്റെ അടുത്ത ഘട്ടങ്ങൾ നടപ്പിലാക്കുന്നതിനും നിലവിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമുള്ള നടപടികൾ യോഗത്തിൽ ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.
അടുത്ത ഘട്ടങ്ങളിൽ ഗസയിലേക്ക് തുർക്കി നൽകുന്ന മാനുഷിക സഹായത്തെക്കുറിച്ചും ദുരന്തം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളെക്കുറിച്ചും ഇരു സംഘവും ചർച്ച നടത്തി.
ഗസയിലേക്കുള്ള അവശ്യ സഹായങ്ങൾ വർധിപ്പിക്കുന്നതിന് അന്താരാഷ്ട്ര സംഘടനകളുമായി തുടർച്ചയായ ഏകോപനം നടത്തണമെന്നും ചർച്ചയിൽ പറഞ്ഞു.
അതേസമയം ഇന്ന്(വ്യാഴം) ഗസ സമാധാന പദ്ധതിയുടെ കരട് പ്രമേയം തുർക്കി, ഈജിപ്ത്, ഖത്തർ, യു.എ.ഇ, സൗദി അറേബ്യയടക്കം യു.എൻ സുരക്ഷാ കൗൺസിലിലെ തെരഞ്ഞെടുക്കപ്പെട്ട 10 അംഗങ്ങൾക്ക് മുന്നിൽ യു.എസ് അവതരിപ്പിച്ചിരുന്നു
Content Highlight: Gaza ceasefire agreement; Hamas meets with Turkey