റോം: ഗസയിലേക്കുള്ള സഹായ ട്രക്കുകള്‍ ഈജിപ്ത് വഴി നീങ്ങിത്തുടങ്ങിയതായി വേള്‍ഡ് ഫുഡ് പ്രോഗാം (WFP). പട്ടിണി കിടക്കുന്ന ഗസയിലെ 2.1 ദശലക്ഷം മനുഷ്യരുടെ വിശപ്പകറ്റാന്‍ ആവശ്യമായ ഭക്ഷണം തങ്ങളുടെ പക്കലുണ്ടെന്ന് ഡബ്ല്യൂ.എഫ്.പി പറഞ്ഞു. മൂന്ന് മാസത്തേക്കുള്ള ഭക്ഷണം ട്രക്കുകളില്‍ ഉണ്ടെന്നാണ് യു.എന്‍ ഏജന്‍സി പ്രസ്താവനയില്‍ പറയുന്നത്.
ഗസക്കാരുടെ വിശപ്പകറ്റാനുള്ള ഏക മാര്‍ഗം ഭക്ഷ്യസഹായമാണെന്നും കാലതാമസമില്ലാതെ തന്നെ ഇസ്രഈല്‍ സഹായനീക്കങ്ങള്‍ വര്‍ധിപ്പിക്കണമെന്നും വേള്‍ഡ് ഫുഡ് പ്രോഗാം ആവശ്യപ്പെട്ടു.
കൂടുതല്‍ ട്രക്കുകള്‍ക്ക് ഗസയിലേക്ക് പ്രവേശനം അനുവദിക്കണം, ഗസയിലേക്ക് ബദല്‍ മാര്‍ഗങ്ങള്‍ ഉപയോഗിക്കാന്‍ കഴിയണം, മാനുഷിക സഹായങ്ങളടങ്ങുന്ന വാഹനവ്യൂഹങ്ങള്‍ക്ക് നേരെ ആക്രമണങ്ങളുണ്ടാകരുത്, സഹായ വിതരണം ഏകോപിപ്പിക്കാന്‍ ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്ക് അനുവദിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും ഡബ്ല്യൂ.എഫ്.പി മുന്നോട്ടുവെച്ചു.
കഴിഞ്ഞ ദിവസം കനത്ത അന്താരാഷ്ട്ര സമ്മര്‍ദത്തെ തുടര്‍ന്ന് ഗസയില്‍ ദിവസവും 10 മണിക്കൂര്‍ സമയത്തേക്ക് ഇസ്രഈല്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. അല്‍ മവാസി, ഡെയിര്‍ അല്‍ ബലാഹ്, ഗസ സിറ്റി എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ രാത്രി 8 വരെ ആക്രമണങ്ങള്‍ നടത്തില്ലെന്നാണ് ഇസ്രഈല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ഗസയിലെ യുദ്ധത്തില്‍ പട്ടിണിയേയും ഒരായുദ്ധമായി ഉപയോഗിക്കുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹങ്ങളില്‍ നിന്ന് വ്യാപകമായ വിമര്‍ശനമുണ്ടായതിന് പിന്നാലെയായിരുന്നു ഇസ്രഈലിന്റെ തീരുമാനം. ഇതിനെ തുടര്‍ന്നാണ് ഗസയിലേക്കുള്ള സഹായ ട്രക്കുകള്‍ നീങ്ങിത്തുടങ്ങിയത്.
നിലവില്‍ ഗസയിലെ ഏകദേശം 470,000 ആളുകള്‍ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ട്. ഇവരില്‍ 90,000 സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അടിയന്തിരമായി പോഷകാഹാര ചികിത്സ ആവശ്യമുള്ളവരാണ്. 2025ല്‍ പോഷകാഹാരത്തിന്റെ അഭാവം മൂലം 74 മരണങ്ങളാണ് ഗസയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അഞ്ച് വയസിന് താഴെയുള്ള 24 കുട്ടികളും 38 മുതിര്‍ന്നവരും ഉള്‍പ്പെടുന്നു.
ഗസയിലെ അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ അഞ്ചില്‍ ഒരാള്‍ക്ക് ഇപ്പോള്‍ കടുത്ത പോഷകാഹാരക്കുറവുണ്ടെന്നാണ് ന്യൂട്രീഷന്‍ ക്ലസ്റ്റര്‍ പാര്‍ട്ണര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അതേസമയം ഇസ്രഈല്‍ ഗസയില്‍ യുദ്ധം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 127 ഫലസ്തീനികള്‍ പട്ടിണി കിടന്ന് മരിച്ചതായാണ് ഗസ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്. ഇതില്‍ 85 പേര്‍ കുട്ടികളായിരുന്നു.
കഴിഞ്ഞ ദിവസം ജോര്‍ദാന്റേയും യു.എ.ഇയുടേയും നേതൃത്വത്തില്‍ 25 ടണ്‍ സാധനങ്ങള്‍ പാരച്ചൂട്ടുകള്‍വഴി ഗസയില്‍ എത്തിച്ചിരുന്നു. മാസങ്ങള്‍ നീണ്ട് നിന്ന ഉപരോധത്തിന് ശേഷമാണ് ഇത്തരത്തില്‍ സഹായങ്ങള്‍ എത്തിക്കാന്‍ സാധിക്കുന്നതെന്ന് ജോര്‍ദാനിയന്‍ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഉപരോധത്തിന് അയവ് വന്നതോട് കൂടി ഗസയിലേക്ക് 100 ട്രക്കുകളിലായി 1200 മെട്രിക് ടണ്‍ ഭക്ഷണസാധനങ്ങള്‍ കൊടുത്തയക്കുമെന്ന് ഈജിപ്ഷ്യന്‍ റെഡ് ക്രസന്റ് അറിയിച്ചിരുന്നു. കരേം ഷാലോം ക്രോസിങ് വഴിയായിരിക്കും ഭക്ഷണ സഹായമെത്തിക്കുക.
അതേസമയം റഫാ അതിര്‍ത്തി പൂര്‍ണമായും തുറക്കാന്‍ ഈജിപ്ത് തയ്യാറാകുകയാണെങ്കില്‍ ഗസയിലേക്കുള്ള സഹായ ട്രക്കുകളുടെ ഒഴുക്ക് കൂടുതല്‍ വേഗത്തിലാകും.
എന്നാല്‍ നിലവില്‍ റഫാ അതിര്‍ത്തി തുറക്കാന്‍ ഈജിപ്ത് തയ്യാറായിട്ടില്ല. ഇതിനെതിരെ നെതര്‍ലാന്‍ഡ്, തുര്‍ക്കി എന്നീ രാജ്യങ്ങളിലെ ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ ഈജിപ്ഷ്യന്‍ എംബസികളുടെ ഗേറ്റ് ചങ്ങലയിട്ട് പൂട്ടി പ്രതിഷേധിക്കുന്നുണ്ട്.
Content Highlight: WFP says aid trucks have begun moving into Gaza