| Wednesday, 8th October 2025, 2:05 pm

സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം തടഞ്ഞ് ഇസ്രഈല്‍; പിന്മാറില്ലെന്ന് ഗസ ഫ്രീഡം ഫ്‌ളോട്ടില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഗസയിലേക്ക് മാനുഷിക സഹായവുമായി എത്തിയ സുമുദ് ഫ്ളോട്ടില്ലയുടെ ഭാഗമായ പുതിയ ഒമ്പത് കപ്പലുകളില്‍ മൂന്നെണ്ണം തടഞ്ഞ് ഇസ്രഈല്‍.

സണ്‍ബേര്‍ഡ്‌സ്, അല അല്‍-നജാജര്‍, അനസ് അല്‍-ഷെരീഫ് എന്നീ കപ്പലുകളെയാണ് ഇസ്രഈല്‍ സൈന്യം ഇന്ന് പുലര്‍ച്ചെ 04:34 ന് ഗസയില്‍ നിന്ന് 120 നോട്ടിക്കല്‍ മൈല്‍ (220 കി.മീ) അകലെ വെച്ച് തടഞ്ഞത്.

കപ്പലിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന നിരായുധരായ മനുഷ്യരെ തട്ടിക്കൊണ്ടുപോവുകയും ഗസയിലെ ആശുപത്രികളിലേക്കായി സമാഹരിച്ചിരുന്ന 110,000 ഡോളറിലധികം വിലമതിക്കുന്ന മരുന്നുകള്‍, ശ്വസനോപകരണങ്ങള്‍, പോഷകാഹാരങ്ങള്‍ എന്നിവ സൈന്യം പിടിച്ചെടുക്കുകയുമായിരുന്നു.

കപ്പലുകളിലെ സന്നദ്ധപ്രവര്‍ത്തകരെ തടഞ്ഞുവെക്കാന്‍ ഇസ്രഈലിന് നിയമപരമായി യാതൊരു അധികാരവുമില്ലെന്ന് ഗസ ഫ്രീഡം ഫ്ലോട്ടില്ല കോളിഷന്‍ സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഡേവിഡ് ഹീപ്പ് പറഞ്ഞു.

‘ഈ പിടിച്ചെടുക്കല്‍ അന്താരാഷ്ട്ര നിയമ ലംഘനമാണ്. മാത്രമല്ല ഗസയിലേക്ക് തടസമില്ലാതെ മാനുഷിക സഹായങ്ങള്‍ അനുവദിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവുകള്‍ക്ക് വിരുദ്ധവുമാണ്.

ഞങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ ഇസ്രഈലിന്റെ അധികാരപരിധിക്ക് വിധേയരല്ല, സഹായം എത്തിച്ചതിന്റെയോ നിയമവിരുദ്ധമായ ഉപരോധത്തെ ചോദ്യം ചെയ്തതിന്റെയോ പേരില്‍ അവര്‍ക്കുമേല്‍ ക്രിമിനല്‍ കുറ്റം ചുമത്താന്‍ സാധിക്കില്ല. ഇവരെ തടഞ്ഞുവെച്ചിരിക്കുന്നത് ഏകപക്ഷീയവും നിയമവിരുദ്ധവുമാണ്. ഇത് അവസാനിപ്പിക്കണം’, ഡേവിഡ് ഹീപ്പ് പറഞ്ഞു.

നേരത്തെ ഗസയിലേക്ക് മാനുഷിക സഹായവുമായി സ്പെയ്ന്‍ നഗരമായ ബാഴ്‌സലോണയില്‍ നിന്ന് തിരിച്ച ഗ്ലോബല്‍ സുമുദ് ഫ്ലോട്ടില്ലയുടെ 44 കപ്പലുകളും 470ലധികം ആക്ടിവിസ്റ്റുകളെയും ഇസ്രഈല്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഫ്ലോട്ടില്ല പോരാളികളെ കെറ്റ്സിയോട്ട് ജയിലിലാണ് ഇസ്രഈല്‍ പാര്‍പ്പിച്ചിരിക്കുന്നത്.

ഇതില്‍ പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തെന്‍ബെര്‍ഗം അടക്കം 170 ഫ്ലോട്ടില്ല പോരാളികളെയും ഇസ്രഈല്‍ നാടുകടത്തി. നിലവില്‍ 341 പേരെയാണ് നാടുകടത്തിയത്.

ഗ്രീസ്, ഇറ്റലി, ഫ്രാന്‍സ്, അയര്‍ലന്‍ഡ്, സ്വീഡന്‍, പോളണ്ട്, ജര്‍മനി, ബള്‍ഗേറിയ, ലിത്വാനിയ, ഓസ്ട്രിയ, ലക്സംബര്‍ഗ്, ഫിന്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്ലൊവാക്യ, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ, യു.കെ, സെര്‍ബിയ, അമേരിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാരെയാണ് ഇസ്രഈല്‍ നാടുകടത്തിയത്.

അതേസമയം ഫ്ളോട്ടില്ല കപ്പലുകളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ആക്ടിവിസ്റ്റുകളോട് ക്രൂരമായാണ് ഇസ്രഈല്‍ സൈന്യം പെരുമാറിയയത്. ഭക്ഷണവും വെള്ളവും കൊടുക്കാതെയും ദോഹോപദ്രവും ഏല്‍പ്പിച്ചും പണം മോഷ്ടിച്ചും സൈന്യം ക്രൂരത കാട്ടി.

ഇസ്രഈല്‍ സൈനികര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന മരുന്നുകള്‍ പിടിച്ചെടുക്കുകയും തങ്ങളെ കുരങ്ങുകളെ പോലെയാണ് കൈകാര്യം ചെയ്തതെന്നും ഫ്‌ളോട്ടില്ലയിലെ അംഗങ്ങള്‍ പറഞ്ഞിരുന്നു.

ഇസ്രഈല്‍ ഗസയില്‍ ഏര്‍പ്പെടുത്തിയ നിയമവിരുദ്ധ ഉപരോധം അവസാനിപ്പിക്കുക, വംശഹത്യ അവസാനിപ്പിക്കുക, തട്ടിക്കൊണ്ടുപോയ എല്ലാ സന്നദ്ധപ്രവര്‍ത്തകരെയും മോചിപ്പിക്കുക, ഇസ്രഈലിന്റെ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമായി സഹായങ്ങള്‍ ഫലസ്തീനികള്‍ക്ക് നേരിട്ട് എത്തിക്കുക, ഫ്ലോട്ടില്ലാ ബോട്ടുകള്‍ക്ക് നേരെയുണ്ടായ സൈനിക ആക്രമണങ്ങളുടെ പൂര്‍ണ്ണമായ ഉത്തരവാദിത്തം ഏറ്റെടുക്കുക തുടങ്ങിയവയാണ് ഫ്രീഡം ഫ്ലോട്ടില്ല കൊളിഷന്‍സിന്റെ ആവശ്യം.

Content Highlight: Gaza aid flotilla says Israeli forces intercepted its boats

We use cookies to give you the best possible experience. Learn more