ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ഗായത്രി സുരേഷ്. ഒരു മെക്സിക്കൻ അപാരത, ഒരേ മുഖം, സഖാവ്, ചിൽഡ്രൻസ് പാർക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ സജീവമായി തുടരുന്നതിന്റെ കാരണത്തെക്കുറിച്ചും സിനിമയിൽ വിസിബിലിറ്റി നിലനിർത്തുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കിനെക്കുറിച്ചും തുറന്ന് പറയുകയാണ് ഇപ്പോൾ താരം. തന്റെ പുതിയ ചിത്രമായ ‘മധുരമീ ജീവിത’ത്തിന്റെ പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
‘എനിക്ക് ആക്ടിങ് ഭയങ്കര ഇഷ്ടമാണ്. അതുകൊണ്ടുതന്നെ സോഷ്യൽ മീഡിയയിൽ കൂടുതലായും ആക്ടിങ് റീലുകളാണ് ചെയ്യാറുള്ളത്. ഉദ്ഘാടന പരിപാടികൾക്ക് പോകുമ്പോൾ നന്നായി ഡ്രസ് ചെയ്ത് പോകാറുള്ളതിനാൽ അവിടെ റീലുകളും ഫോട്ടോഷൂട്ടും ചെയ്യാൻ സമയം കിട്ടും. ഫോട്ടോഷൂട്ട് ചെയ്യാനും എനിക്ക് ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് ഇതൊക്കെ സ്വാഭാവികമായി ചെയ്യാൻ തുടങ്ങിയത്,’ ഗായത്രി സുരേഷ് പറഞ്ഞു.
ഗായത്രി സുരേഷ്.Photo: Screengrab/ Youtube.com
സിനിമയിൽ സജീവമായി തുടരാൻ സോഷ്യൽ മീഡിയയിൽ സാന്നിധ്യം അനിവാര്യമാണെന്നും അതിനായി ബോധപൂർവം പ്രവർത്തിക്കാറുണ്ടെന്നും ഗായത്രി വ്യക്തമാക്കി.
‘സിനിമ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാൻ കഴിയുന്ന ഒരു ഘട്ടത്തിലോട്ട് ഞാൻ എത്തിയിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. ഇന്ന് സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ സോഷ്യൽ മീഡിയയിലും ആക്റ്റീവായിരിക്കണം. ഫോട്ടോഷൂട്ടുകളും റീലുകളും ചെയ്യണം, സ്റ്റോറികൾ പങ്കുവെക്കണം. അങ്ങനെയായാലേ ആളുകൾക്ക് നമ്മൾ ഇപ്പോഴും സിനിമയുടെ ഭാഗമാണെന്നും ഇവിടെ സജീവമാണെന്നും മനസിലാകൂ. അതുകൊണ്ടുതന്നെ വിസിബിലിറ്റിക്ക് സോഷ്യൽ മീഡിയ വളരെ പ്രധാനമാണ്. പിന്നെ ഇതൊക്കെ ചെയ്യാൻ എനിക്ക് ശരിക്കും ഇഷ്ടവുമാണ്,’താരം കൂട്ടിച്ചേർത്തു.
‘മധുരമീ ജീവിതം’ എന്ന ചിത്രത്തിൽ ഞാൻ ഒരു കാമിയോ വേഷമാണ് ചെയ്യുന്നത്. ദീപ എന്നാണ് എന്റെ കഥാപാത്രത്തിന്റെ പേര്. ആകെ രണ്ട് സീനുകൾ മാത്രമേ എനികൊള്ളു. എന്നാൽ സിദ്ദിഖ് സാറിന്റെ കഥാപാത്രത്തോട് ശക്തമായ ഒരു ചോദ്യം ചോദിക്കുന്ന ആളായിട്ടാണ് ഞാൻ എത്തുന്നത്. സിദ്ദിഖ് സാറിനൊപ്പമുള്ള രംഗങ്ങളായതിനാൽ തന്നെ ആ കഥാപാത്രത്തിന് അതിന്റേതായ പ്രാധാന്യമുണ്ടെന്നും ഗായത്രി പറഞ്ഞു.
ഗായത്രി സുരേഷ്.Photo: Screengrab/Mazhavil manorama/Youtube.com
സിദ്ദിഖ്, വിനയ പ്രസാദ്, പൂജിത മേനോൻ, ജോണി ആന്റണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് മധുരമീ ജീവിതം. മാത്യു സക്കറിയ സംവിധാനം ചെയ്യുന്ന ഫാമിലി ഡ്രാമയായ ചിത്രം ഓഗസ്റ്റ് 14ന് തിയേറ്ററുകളിലെത്തും.