| Sunday, 18th October 2026, 4:50 pm

ബിക്കിനിയോ അതുപോലുള്ള റിവീലിങ് ഡ്രസ്സുകളോ ഇടില്ലെന്ന് ശപഥമെടുത്തയാളായിരുന്നു ഞാന്‍, അത് മാറ്റാന്‍ കാരണം.... ഗായത്രി സുരേഷ്

അമര്‍നാഥ് എം.

മോഡലിങ് രംഗത്തുനിന്ന് സിനിമയിലേക്കെത്തിയ താരമാണ് ഗായത്രി സുരേഷ്. കുഞ്ചാക്കോ ബോബന്‍ നായകനായ ജമ്‌നാ പ്യാരിയിലൂടെയാണ് ഗായത്രി സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ താരം ചെയ്തിട്ടുണ്ട്. മലയാളത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കാതെ തമിഴിലും തെലുങ്കിലും ഗായത്രി തന്റെ സാന്നിധ്യമറിയിച്ചു.

ഉല്ലാസ് ചെമ്പന്‍ സംവിധാനം ചെയ്യുന്ന ഡിസ്‌കോയാണ് താരത്തിന്റെ പുതിയ ചിത്രം. അടുത്തിടെ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായത് ഗായത്രി സുരേഷായിരുന്നു. ചിത്രത്തില്‍ ബിക്കിനി ധരിച്ചെത്തിയ ഗായത്രിയുടെ പോര്‍ഷന്‍ വലിയ ചര്‍ച്ചയായി. ബിക്കിനി ധരിക്കാന്‍ ഇഷ്ടമല്ലാത്തതുകൊണ്ട് മിസ് ഇന്ത്യ മത്സരത്തില്‍ നിന്ന് ഒഴിവായെന്ന് പറഞ്ഞ ഗായത്രിയുടെ പഴയ അഭിമുഖവും ഇതിന് പിന്നാലെ വൈറലായി.

ഇപ്പോഴിതാ പഴയ നിലപാടില്‍ മാറ്റം വരുത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗായത്രി സുരേഷ്. പണ്ട് പറഞ്ഞ വാക്കില്‍ നിന്ന് എന്തുകൊണ്ടാണ് മാറിയതെന്ന് പലരും തന്നോട് ചോദിച്ചെന്ന് താരം പറഞ്ഞു. തന്റെ പഴയ ഇന്റര്‍വ്യൂവിന്റെ വീഡിയോ വൈറലായത് ശ്രദ്ധയില്‍ പെട്ടെന്നും ഗായത്രി പറയുന്നുയ ഡിസ്‌കോയുടെ സിംഗിള്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു താരം.

‘സത്യം പറഞ്ഞാല്‍ ബിക്കിനി മാത്രമല്ല, അതുപോലുള്ള റിവീലിങ്ങായിട്ടുള്ള ഡ്രസ്സുകള്‍ ഇടാന്‍ ഒട്ടും താത്പര്യമില്ലാത്ത ആളായിരുന്നു ഞാന്‍. ഇത്തരം ഡ്രസ്സുകള്‍ ഒരിക്കലും ഇടില്ലെന്ന് ശപഥം ചെയ്തിരുന്നു. അതൊക്കെ അന്നത്തെ ചിന്താഗതിയില്‍ എടുത്ത തീരുമാനങ്ങളായിരുന്നു. പിന്നീട് കാലക്രമേണ എന്റെ ചിന്താഗതി മാറി. കുറച്ച് പ്രോഗ്രസ്സീവായി ചിന്തിച്ചുതുടങ്ങി.

അങ്ങനെയിരിക്കുമ്പോഴാണ് ഉല്ലാസേട്ടന്‍ എന്നോട് ഈ സിനിമയെക്കുറിച്ചും ക്യാരക്ടറിനെക്കുറിച്ചും പറഞ്ഞത്. ആ ഒരു സമയത്തെ തീരുമാനത്തില്‍ ചെയ്യുകയായിരുന്നു. ഈ സിനിമയുടെ ടീസര്‍ കാണുമ്പോള്‍ തന്നെ ഇതിന് ഇന്റര്‍നാഷണല്‍ ടച്ചുണ്ടെന്ന് നിങ്ങള്‍ക്ക് മനസിലാകും. സിനിമ നിങ്ങള്‍ക്ക് നല്ലൊരു ട്രീറ്റാകുമെന്ന് ഉറപ്പാണ്,’ ഗായത്രി പറഞ്ഞു.

ടീസറിന്റെ റിലീസിന് ശേഷമുണ്ടായ പ്രതികരണങ്ങളെക്കുറിച്ചും താരം സംസാരിച്ചു. പലരും തന്നെ ഈ ഗെറ്റപ്പില്‍ കണ്ട് സര്‍പ്രൈസായെന്നും അവരെല്ലാവരും മെസേജയച്ചിരുന്നെന്നും ഗായത്രി പറയുന്നു. ചില ട്രോളുകളും കളിയാക്കലുകളുമുണ്ടായെന്നും അതൊന്നും മൈന്‍ഡ് ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം ഡ്രസ്സുകള്‍ എല്ലാവരും ഇട്ട് തുടങ്ങുമ്പോള്‍ ഞാനും ഇടുമെന്ന് തീരുമാനിച്ചിരുന്നു. അല്ലാതെ ഇതൊക്കെ ആദ്യമേ ചെയ്യാനുള്ള ധൈര്യം എനിക്കില്ല. ബിക്കിനി സീന്‍ കണ്ടപ്പോള്‍ അമ്മക്ക് സങ്കടമായി. അമ്മയോട് ഞാന്‍ ഈ സീനിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. ഈ ഡ്രസില്‍ അധികം വള്‍ഗാരിറ്റിയില്ലെന്ന് അമ്മയെ പറഞ്ഞ് മനസിലാക്കി,’ ഗായത്രി പറയുന്നു.

Content Highlight: Gayathri Suresh about bikini scene in Disco movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more