ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ഗായത്രി അരുണ്‍. ദീപ്തി ഐ. പി. എസ് എന്ന കഥാപത്രം ഇന്നും ഓരോ മലയാളിയുടെയും മനസിലുണ്ട്. സീരിയല്‍ രംഗത്ത് നിന്നും സിനിമയിലെത്തിയ ഗായത്രി വണ്‍ ഉള്‍പ്പെടയുള്ള ചുരുങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
മമ്മൂട്ടിയും വിനായകനും പ്രധാനവേഷങ്ങളിലെത്തിയ കളങ്കാവലിലും ഗായത്രി അരുണ്‍ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ഇപ്പോഴിതാ സിനിമയോട് തനിക്കുള്ള ഇഷ്ടത്തെ കുറിച്ച് മനസ് തുറക്കുകയാണ് ഗായത്രി അരുണ്‍. സിനിമയില്‍ അഭിനയിക്കുക ചെറുപ്പം മുതലേയുള്ള ആഗ്രഹമായിരുന്നുവെന്ന് നടി പറയുന്നു.
‘ചെറുപ്പം മുതലേ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. സ്‌കൂള്‍ പഠനകാലത്ത് കലാ മത്സരങ്ങളിലൊക്കെ ആക്ടീവായിരുന്നു. അഭിനയം, പാട്ട്, നൃത്തം എല്ലാമുണ്ടായിരുന്നു. ബിരുദം കഴിഞ്ഞയുടനെ വിവാഹിതയായി. മാതൃഭൂമിയില്‍ ജോലി ലഭിച്ചു. അപ്പോഴും ജോലിക്കൊപ്പം വേറെ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു.
ഡബ്ബിങ് അങ്ങനെ എന്തെങ്കിലും നോക്കാമെന്നായിരുന്നു മനസില്‍. അങ്ങനെയിരിക്കുമ്പോഴാണ് ‘ഇന്ദിര’ എന്ന സീരിയലിലേക്ക് ഓഫര്‍ വരുന്നത്. ഹീറോയിന് പകരക്കാരിയായാണ് എത്തിയത്. ഏതാണ്ട് മുപ്പത് എപ്പിസോഡുകള്‍ ചെയ്തു. അഭിനയത്തോട് ഇഷ്ടമുള്ളത് കൊണ്ടുതന്നെ ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കുന്നത് അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. അതുകൊണ്ട് വിളിച്ചപ്പോള്‍ പരിഭ്രമമൊന്നും തോന്നിയില്ല. ആസ്വദിച്ചു തന്നെയാണ് ചെയ്തത്. ടെന്‍ഷനേ ഉണ്ടായിരുന്നില്ല,’ ഗായത്രി അരുണ്‍ പറയുന്നു.
ജീവിതത്തില്‍ സംഭവിക്കേണ്ട കാര്യങ്ങളൊക്കെ അതാത് സമയങ്ങളില്‍ സംഭവിക്കുമെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും അതിനായി പ്രത്യേക പ്ലാനിങ്ങോ കണക്കുകൂട്ടലോ ഒന്നുമുണ്ടാകാറില്ലെന്നും അവര്‍ പറയുന്നു. അപ്പോള്‍ വരുന്നതിനനുസരിച്ച് തീരുമാനമെടുക്കുക, മുന്നോട്ട് പോവുക എന്നുമാത്രമാണ് ചെയ്യുന്നതെന്നും ഗായത്രി അരുണ്‍ പറഞ്ഞു. തങ്ങള്‍ അടുത്തിടെ ഒരു ക്ലോത്തിങ് ബ്രാന്‍ഡ് തുടങ്ങിയെന്നും മുഴുവന്‍ സമയവും എന്‍ഗേജ്ഡ് ആയിരിക്കുന്നുവെന്നത് തന്നെ സന്തോഷിപ്പിക്കുന്ന കാര്യമാണെന്നും നടി കൂട്ടിച്ചേര്‍ത്തു.
Content Highlight: Gayathri Arun on her love for cinema