| Wednesday, 18th February 2026, 4:22 pm

ഗിഗ് തൊഴിലാളിക്ക് പൈസയും കൊടുത്ത് സ്‌കൂട്ടറിന് പിന്നില്‍ കയറിയിരുന്നു; കര്‍ണാടകയില്‍ എന്തെങ്കിലും ചെയ്‌തോ? കെ.സി. വേണുഗോപാലിനോട് വി. ശിവന്‍കുട്ടി

അനിത സി

ബെംഗളൂരു: ഭക്ഷണത്തിന്റെ ഓര്‍ഡറെത്തിക്കുന്ന ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സഞ്ചരിച്ച് ഗിഗ് തൊഴിലാളികളുടെ അവകാശത്തെ കുറിച്ച് സംസാരിച്ച എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന് എതിരെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.

കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തില്‍ ഗിഗ് തൊഴിലാളികള്‍ക്ക് വേണ്ടി എന്തുചെയ്‌തെന്ന് മന്ത്രി ചോദിച്ചു. കര്‍ണാടകത്തില്‍ ഒന്നും ചെയ്തിട്ടില്ല. കേരള സര്‍ക്കാര്‍ 20 കോടിയാണ് ഗിഗ് തൊഴിലാളികള്‍ക്ക് വേണ്ടി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

പാവപ്പെട്ട ഒരു ഗിഗ് തൊഴിലാളിക്ക് പൈസയും കൊടുത്ത് അയാളുടെ സ്‌കൂട്ടറിന്റെ പുറത്ത് കയറിയിരിക്കുകയായിരുന്നു കെ.സി. വേണുഗോപാലെന്നും മന്ത്രി ആരോപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ഗിഗ് തൊഴിലാളികള്‍ക്ക് വേണ്ടി ലേബര്‍ സെക്രട്ടറിയായിരുന്ന ഡോ. വാസുകിയുടെ നേതൃത്വത്തില്‍ ഒരു നിയമം നിര്‍മിച്ചിട്ടുണ്ട്. അത് നിയമസഭയില്‍ അവതരിപ്പിച്ചിട്ടില്ല.

ഗിഗ് തൊഴിലാളികളായ യുവതീയുവാക്കള്‍ക്ക് വേണ്ടി ഉച്ചസമയത്ത് വിശ്രമിക്കാനുള്ള വിശ്രമകേന്ദ്രങ്ങള്‍ നിര്‍മിക്കാന്‍ പദ്ധതിയുണ്ട്. അതൊന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ കര്‍ണാടകയില്‍ ചെയ്തിട്ടില്ലല്ലോയെന്നും മന്ത്രി ചോദിച്ചു.

അടുക്കളയില്‍ കയറി കപ്പയും മത്തിയും നോക്കിയാല്‍ വോട്ട് കിട്ടുമെന്ന് ആരോ പറഞ്ഞുകൊടുത്തത് കേട്ടാണ് കെ.സി. വേണുഗോപാല്‍ അത്തരത്തില്‍ പെരുമാറിയതെന്നും വി. ശിവന്‍കുട്ടി വിമര്‍ശിച്ചു.

ഇതുവരെ കപ്പയും മത്തിയും കാണാത്തത് പോലെയാണ് കെ.സി. വേണുഗോപാല്‍ പെരുമാറിയതെന്നും ആദ്യമായിട്ടാണോ അടുക്കളയില്‍ ഇതൊക്കെ കാണുന്നതെന്നും കെ.സി. വേണുഗോപാലിന്റെ വൈറലായ വീഡിയോ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞദിവസമാണ് തിരുവനന്തപുരം നഗരത്തില്‍ സെക്രട്ടറിയേറ്റിനരികിലെ വൈ.എം.സി.എയില്‍ നിന്നും എം.എല്‍.എ ഹോസ്റ്റലിന് അരികിലുള്ള ഹോട്ടലിലേക്ക് പോവുകയായിരുന്ന ഫുഡ് ഡെലിവറി ബോയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ കെ.സി വേണുഗോപാലും കയറിയത്. ഈ യാത്രയുടെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലടക്കം വൈറലായിരുന്നു.

തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനാണ് ഈ യാത്രയെന്ന് പിന്നീട് കെ.സി. വേണുഗോപാല്‍ വിശദീകരിച്ചിരുന്നു.

കേരളത്തില്‍ യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കര്‍ണാടക മാതൃകയില്‍ ഗിഗ് തൊഴിലാളി ക്ഷേമം നടപ്പാക്കുമെന്നും വെല്‍ഫയര്‍ ബോര്‍ഡിന്റെ കീഴില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlight: Gave money to a gig worker and rode on the back of a scooter; V. Sivankutty to K.C. Venugopal
അനിത സി

ഡൂള്‍ ന്യൂസ് സബ് എഡിറ്റര്‍

We use cookies to give you the best possible experience. Learn more