| Wednesday, 10th August 2022, 2:23 pm

എല്ലാം കാശിന് വേണ്ടി തന്നെ അല്ലേ, നിങ്ങളുടെ ആ നീക്കം മനസിലാക്കാന്‍ വലിയ ബുദ്ധിയൊന്നും വേണ്ട; ഗില്‍ക്രിസ്റ്റിനെതിരെ ഒളിയമ്പുമായി ഗവാസ്‌കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഒരു സാധാരണ ക്രിക്കറ്റ് ലീഗില്‍ നിന്നാരംഭിച്ച്, സാക്ഷാല്‍ ഐ.സി.സിയുടെ ക്രിക്കറ്റ് കലണ്ടറില്‍ പോലും ചലനമുണ്ടാക്കുന്ന രീതിയില്‍ വളര്‍ന്നായിരുന്നു ഇന്ത്യയുടെ സ്വന്തം ഫ്രാഞ്ചൈസി ലീഗായ ഐ.പി.എല്‍ ക്രിക്കറ്റ് ലോകത്തെ ഒന്നാകെ ഞെട്ടിച്ചത്.

ഇപ്പോള്‍ നിലവിലുള്ള എല്ലാ ക്രിക്കറ്റ് ലീഗിനേക്കാളും എത്രയോ കാതം അകലെയാണ് ഐ.പി.എല്‍. ക്വാളിറ്റി ഓഫ് ക്രിക്കറ്റിലും കളിക്കാര്‍ക്ക് നല്‍കുന്ന പേയ്‌മെന്റിന്റെ കാര്യത്തിലും എന്നും ഐ.പി.എല്‍ മുന്നിട്ട് നില്‍ക്കുന്നു.

ഏതാണ്ട് എല്ലാ രാജ്യത്തേയും താരങ്ങള്‍ ഐ.പി.എല്‍ കളിക്കാനെത്താറുണ്ട്. എന്നാല്‍ ഇന്ത്യന്‍ താരങ്ങളെ പുറത്തുള്ള ലീഗില്‍ കളിക്കാന്‍ ബി.സി.സി.ഐ അനുവദിക്കാറുമില്ല. നിരവധി താരങ്ങള്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.

ഓസീസ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി അവസാനം രംഗത്തുവന്നത്.

ലോകത്തെ എല്ലാ താരങ്ങളെയും ഐ.പി.എല്ലില്‍ കളിക്കാന്‍ അനുവദിക്കുന്ന ഇന്ത്യ എന്തുകൊണ്ട് അവരുടെ താരങ്ങളെ മറ്റ് ലീഗുകളില്‍ കളിക്കാന്‍ വിടുന്നില്ല എന്നായിരുന്നു ഗില്ലിയുടെ ചോദ്യം. എന്നാല്‍ ഗില്‍ക്രിസ്റ്റിന് മറുപടിയുമായി എത്തിയിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും ഇന്ത്യയുടെ ലോകകപ്പ് ഹീറോയുമായ സുനില്‍ ഗവാസ്‌കര്‍.

അവരുടെ ലീഗിന് ഐ.പി.എല്ലിലേതെന്നപോലെ കൂടുതല്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇന്ത്യന്‍ താരങ്ങളെ മറ്റ് ലീഗുകളില്‍ കളിക്കാന്‍ ആവശ്യപ്പെടുന്നതെന്നായിരുന്നു ഗവാസ്‌കറിന്റെ മറുപടി.

‘ചില മുന്‍ വിദേശ താരങ്ങള്‍ പറയുന്നത് ഇന്ത്യ അവരുടെ താരങ്ങളെ ബി.ബി.എല്ലോ ഹണ്‍ഡ്രഡോ പോലുള്ള ലീഗുകളില്‍ കളിക്കാന്‍ വിട്ടുനല്‍കണമെന്നാണ്. അടിസ്ഥാനപരമായി അവര്‍ക്ക് കൂടുതല്‍ സ്‌പോണ്‍സര്‍മാരെ ലഭിക്കണം, അതിന് വേണ്ടിയാണ് ഇത് പറഞ്ഞുകൊണ്ടിരിക്കുന്നത്.

അവര്‍ അവരുടെ ക്രിക്കറ്റിനെ കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നത്. അത് എളുപ്പം മനസിലാക്കാവുന്നതുമാണ്.

ഇന്ത്യ അവരുടെ താരങ്ങളെ എപ്പോഴും ഫ്രഷ് ആയി വെക്കുകയും വിദേശത്ത് ചെന്ന് കളിക്കുന്നതില്‍ അവരെ റെസ്ട്രിക്ട് ചെയ്യുകയും വഴി അവരുടെ ക്രിക്കറ്റിനെ സംരക്ഷിക്കാനാണ് നോക്കുന്നത്. ഇത് പല പഴയ താരങ്ങള്‍ക്കും മനസിലായിക്കൊള്ളണമെന്നില്ല,’ ഗവാസ്‌കര്‍ തന്റെ കോളത്തില്‍ എഴുതി.

‘അവര്‍ക്ക് ഇന്ത്യയില്‍ നിന്നുള്ള താരങ്ങളെ മാത്രമാണ് ആവശ്യം. മികച്ച രീതിയില്‍ തന്ത്രങ്ങള്‍ മെനയുന്ന കോച്ചും സപ്പോര്‍ട്ടിങ് സ്റ്റാഫും ഇവിടെയുണ്ട്. എന്നാല്‍ അതൊന്നും അവര്‍ക്ക് വേണ്ട,’ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ ഐ.പി.എല്‍ വീണ്ടും വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

ക്രിക്കറ്റ് ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സൗത്ത് ആഫ്രിക്ക ടി-20 ലീഗില്‍ ഇന്ത്യന്‍ ഫ്രാഞ്ചൈസികളാണ് ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. ക്രിക്കറ്റ് ലോകത്ത് ഇത് വലിയ ചര്‍ച്ചയായിരുന്നു.

അടുത്ത വര്‍ഷം ജനുവരി – ഫെബ്രുവരി മാസത്തിലാണ് ടൂര്‍ണമെന്റ് നടക്കുക.

Content highlight:  Gavaskar slams Gilchrist for his demand to release Indian players for overseas T20 leagues

We use cookies to give you the best possible experience. Learn more