| Monday, 13th April 2026, 9:23 pm

ഫോളോവേഴ്‌സിനെ അനുസരിച്ചാണ് ഇപ്പോള്‍ സിനിമയിലേക്ക് വിളിക്കുന്നത്; ജീവിതം ആസ്വദിക്കാന്‍ ആളുകള്‍ മറന്നു: ഗൗതമി നായര്‍

ഐറിന്‍ മരിയ ആന്റണി

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങേറ്റം കുറിച്ച സെക്കന്‍ഡ് ഷോയിലൂടെ തന്നെ വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് ഗൗതമി നായര്‍. ചുരങ്ങിയ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും മലയാളികള്‍ക്കിടയില്‍ താരം സുപരിചിതയാണ്. ലാല്‍ ജോസിന്റെ സംവിധാനത്തില്‍ എത്തിയ ഡയമണ്ട് നെക്ലേഴ്‌സിലെ ലക്ഷ്മി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയില്‍ സജീവമല്ലാത്ത താരം ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുകയാണ്. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയെ കുറിച്ച് ഗൗതമി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

‘സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സുണ്ടെങ്കിലേ ആളുകള്‍ പ്രൊജക്ടില്‍ വിളിക്കുകയുള്ളൂ. പല പ്രൊഡക്ഷന്‍ ഹൗസുകളും അത്തരത്തില്‍ മില്യണ്‍ ഫോളോവേഴ്‌സുണ്ടെങ്കില്‍ വിളിക്കുന്ന സാഹചര്യം വന്നിട്ടുണ്ട്. കാരണം അത്രയും ഓഡിയന്‍സിനെ കൊണ്ടുവരാന്‍ കഴിയും, അത് ബിസിനസാണ്. അതുകൊണ്ട് അവരെ കുറ്റം പറയാനും കഴിയില്ല.

ഇപ്പോഴത്തെ ലോകം അങ്ങനെയാണ്. ഞാന്‍ ഫോളോ ചെയ്യുന്ന ഇന്‍ഡസ്ട്രിയിലുള്ളവരും അല്ലാത്തവരും ആയ ആളുകള്‍ സോഷ്യല്‍ മീഡിയ ഉപയോഗിച്ച് വളരെ ക്ഷീണിച്ചു. എല്ലാവരും ഇന്‍സ്റ്റാഗ്രാമും മറ്റും ഉപയോഗിച്ച് ആകെ എക്‌സോസ്റ്റഡായി. സോഷ്യല്‍ മീഡിയയുടെ പ്രധാന പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ ജീവിതത്തെ ആളുകള്‍ ആസ്വദിക്കാന്‍ മറന്നു. ഇന്ന് നമ്മള്‍ എന്ത് ചെയ്താലും അഭിപ്രായം പറയാന്‍ പത്താളുകള്‍ വരും,’ ഗൗതമി പറയുന്നു.

അഞ്ച് മിനിറ്റ് ഒഴിവുകിട്ടുകയാണെങ്കില്‍ എല്ലാവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയാണ് ചെയ്യുന്നതെന്നും നമ്മുടെ തന്നെ ചിന്തകളില്‍ മുഴുകിയിരിക്കാന്‍ എന്തിനാണ് ആളുകള്‍ ഇത്രയും പേടിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

താന്‍ പങ്കാളിയുമായി പിരിയാനുള്ള കാരണം അടുത്തിടെ ഗൗതമി വെളിപ്പെടുത്തിയിരുന്നു. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനുമായി വേര്‍പിരിയാനുള്ള തീരുമാനം ഇരുവരും ചേര്‍ന്ന് എടുത്തതാണെന്നും കൈ കൊടുത്താണ് തങ്ങള്‍ പിരിഞ്ഞതെന്നും നടി പറഞ്ഞിരുന്നു.

ഗൗതമി നായര്‍ പ്രധാനവേഷത്തിലെത്തിയ കാക്കി സര്‍ക്കസ് ഏപ്രില്‍ 10ന് ഒ.ടി.ടി. സ്ട്രീമിങ് ആരംഭിച്ചു. അമീന്‍ ബാരിഫിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ സീരീസ് സീ ഫൈവിലൂടെയാണ് സ്ട്രീമിങ്  ആരംഭിച്ചത്.

Content Highlight: Gauthami Nair about  social media

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more