വ്യത്യസ്തമായ കഥപറച്ചിലിലൂടെ തമിഴില്‍ ശ്രദ്ധേയനായ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. ആദ്യചിത്രമായ മിന്നലേ അതുവരെ വന്നതില്‍ വെച്ച് മികച്ച റൊമാന്റിക് സിനിമയെന്ന് പലരും അഭിപ്രായപ്പെട്ടു. പൊലീസ് കഥകള്‍ക്ക് പുതിയൊരു ഡൈമെന്‍ഷന്‍ തന്റെ സിനിമകളിലൂടെ പരിചയപ്പെടുത്താനും ജി.വി.എമ്മിന് സാധിച്ചു. അഭിനേതാവെന്ന നിലയിലും അദ്ദേഹം തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
സൂര്യയെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്ത ചിത്രമാണ് കാക്ക കാക്ക. സൂര്യയുടെ കരിയറിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്ററായിരുന്നു ഈ ചിത്രം. അന്‍പുസെല്‍വന്‍ ഐ.പി.എസ്. എന്ന കഥാപാത്രത്തിന് ഇന്നും വലിയ ഫാന്‍ ഫോളോയിങ്ങുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍.
ചിത്രത്തില്‍ സൂര്യയെ കാണിക്കുന്ന രംഗങ്ങളിലെല്ലാം അദ്ദേഹത്തിന് നല്ല ഉയരമുണ്ടെന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഗൗതം മേനോന്‍ പറഞ്ഞു. ഒരുപാട് ലോ ആംഗിളും വൈഡ് ആംഗിളും ക്ലോസപ്പുമാണ് സിനിമയില്‍ ഉപയോഗിച്ചതെന്നും അത് വര്‍ക്കൗട്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ശ്രദ്ധിച്ച് നോക്കിയാല്‍ സൂര്യയുടെ ബാക്ക്ഗ്രൗണ്ടില്‍ അയാളെക്കാള്‍ ഉയരമുള്ള വസ്തുക്കളോ ആളുകളോ ഉണ്ടാകാറില്ലെന്നും ജി.വി.എം. പറയുന്നു. സിനിമാ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കാക്ക കാക്ക ഒരുപാട് പ്രതിസന്ധികള്‍ക്കിടയില്‍ ചിത്രീകരിച്ച സിനിമയാണ്. സൂര്യ ആ സമയത്ത് വലിയ ഹീറോയല്ല. പറഞ്ഞ ബജറ്റിന് മുകളില്‍ മുടക്കാന്‍ നിര്‍മാതാവിന് സാധിക്കില്ല തുടങ്ങി ഒരുപാട് കാര്യങ്ങള്‍ ആ സിനിമക്കിടെ ഉണ്ടായിരുന്നു. സൂര്യ ഈ സിനിമയിലേക്ക് വന്നപ്പോള്‍ ആ കഥാപാത്രത്തെ പ്രേക്ഷകരിലേക്ക് കണ്‍വേ ചെയ്യിക്കാന്‍ കുറച്ച് കാര്യങ്ങള്‍ ചെയ്യേണ്ടി വന്നു.
ഒരുപാട് ലോ ആംഗിള്‍, വൈഡ് ആംഗിള്‍, ക്ലോസപ്പ് ഷോട്ടുകളാണ് പല സീനുകളിലും എടുത്തത്. അത് ആ സമയത്ത് പലരും ശ്രദ്ധിച്ചിട്ടില്ലായിരുന്നു. ഇപ്പോഴും ആ സിനിമ കാണുമ്പോള്‍ ശ്രദ്ധിച്ചു നോക്കിയാല്‍ ഈ കാര്യം മനസിലാകും. സൂര്യയുടെ ബാക്ക്ഗ്രൗണ്ടില്‍ അയാളെക്കാള്‍ ഉയരമുള്ള ഒരൊറ്റ വസ്തുവിനെയോ ആളിനെയോ കാണാന്‍ സാധിക്കില്ല,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
സൂര്യ, ജ്യോതിക എന്നിവര്‍ പ്രധാന കഥാപാത്രമായെത്തിയ ചിത്രമാണ് കാക്ക കാക്ക. ‘ഒരു പൊലീസ് ഓഫീസറുടെ ജീവിതത്തിലെ ഒരു അദ്ധ്യായം’ എന്ന ടാഗ്‌ലൈനിലെത്തിയ ചിത്രം വന്‍ വിജയമായി. മാസ് ആക്ഷന്‍ റോളുകളിലേക്ക് ചുവടുമാറ്റുന്ന സൂര്യയെയാണ് കാക്ക കാക്കക്ക് ശേഷം കാണാന്‍ സാധിച്ചത്. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന്റെ സംഗീതം.
Content Highlight: Gautham Vasudev Menon explains the shooting experience of Kaakha Kaakha Movie