| Monday, 9th February 2026, 10:54 am

ധ്രുവ നച്ചത്തിരത്തിന്റെ കടങ്ങള്‍ വീട്ടാന്‍ എന്നെ ഒരുപാട് സഹായിച്ച സിനിമ, പ്രശ്‌നങ്ങളെല്ലാം അവസാനിക്കാറായി: ഗൗതം വാസുദേവ് മേനോന്‍

അമര്‍നാഥ് എം.

90’s കിഡ്‌സായ സിനിമാപ്രേമികളുടെ ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമാണ് ധ്രുവ നച്ചത്തിരം എന്ന തമിഴ് ചിത്രം കാണുകയെന്നത്. വര്‍ഷങ്ങളായി നീണ്ടുനില്‍ക്കുന്ന കാത്തിരിപ്പാണ് ധ്രുവ നച്ചത്തിരത്തിന്. 2014ല്‍ അനൗണ്‍സ് ചെയ്ത ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ചിത്രത്തിന്റെ ആദ്യ ടീസര്‍ റിലീസായിട്ട് 10 വര്‍ഷമാവുകയാണ്.

വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ചിത്രം നിയമപ്രശ്‌നങ്ങള്‍ കാരണം നീണ്ടുപോവുകയാണ്. സംവിധായകനുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രശ്‌നങ്ങളാണ് ചിത്രം പുറത്തിറങ്ങുന്നതിലുള്ള പ്രധാന തടസ്സം. ഏത് അഭിമുഖത്തിലും ധ്രുവ നച്ചത്തിരവുമായി ബന്ധപ്പെട്ട ചോദ്യങ്ങളാണ് ജി.വി.എമ്മിന് നേരിടേണ്ടിവരുന്നുണ്ട്.

ഗൗതം വാസുദേവ് മേനോന്‍ Photo: Screen grab/ S S Buzz

സിനിമാലോകത്ത് 25 വര്‍ഷം പിന്നിടുന്ന വേളയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗൗതം മേനോന്‍ ധ്രുവ നച്ചത്തിരത്തെക്കുറിച്ച് സംസാരിച്ചു. 2018 സമയത്ത് ധ്രുവ നച്ചത്തിരത്തിന് സീക്വലും അതുമായി ബന്ധപ്പെട്ട് യൂണിവേഴ്‌സ് ബില്‍ഡ് ചെയ്യലും മനസിലുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ സമയത്താണ് ചിത്രത്തിനെതിരെ ആദ്യമായി ഒരു നിയമപ്രശ്‌നം വരുന്നതെന്നും പിന്നീട് ചിത്രം അനിശ്ചിതമായി നീണ്ടുപോയെന്നും ജി.വി.എം കൂട്ടിച്ചേര്‍ത്തു.

‘ആദ്യത്തെ പ്രശ്‌നം സിനിമക്ക് നേരിടേണ്ടി വന്നപ്പോള്‍ ഇത്രയും കാലം പടം നീണ്ടുപോകുമെന്നൊന്നും അറിയില്ലായിരുന്നു. ഒന്നിന് പിന്നാലെ ഒന്നായി പ്രശ്‌നങ്ങള്‍ വന്നുകൊണ്ടിരുന്നു. അതെല്ലാം പരിഹരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനി ചെറിയൊരു ലീഗല്‍ ഇഷ്യു മാത്രമേ ഉള്ളൂ. ഒരാഴ്ചക്കുള്ളില്‍ അതും പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നത്.

ധ്രുവ നച്ചത്തിരവുമായി ബന്ധപ്പെട്ട ഫിനാന്‍ഷ്യല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് അഭിനയിച്ചുതുടങ്ങിയത്. ലിയോ എന്ന സിനിമ ഒരുപാട് സഹായമായി. ഇനി പൈസക്ക് വേണ്ടി അഭിനയിക്കാന്‍ താത്പര്യമില്ല. നല്ല വേഷം വന്നാല്‍ ആലോചിക്കുമെന്ന് മാത്രമേയുള്ളൂ. ഇപ്പോള്‍ മുന്നിലുള്ള ഒരേയൊരു ലക്ഷ്യം ധ്രുവ നച്ചത്തിരം തിയേറ്ററിലെത്തിക്കുക എന്ന് മാത്രം,’ ഗൗതം മേനോന്‍ പറയുന്നു.

സൂര്യയെ നായകനാക്കിയാണ് ജി.വി.എം 2014ല്‍ ചിത്രം അനൗണ്‍സ് ചെയ്തത്. എന്നാല്‍ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാകാത്തതിനാല്‍ സൂര്യ പിന്മാറുകയായിരുന്നു. തുടര്‍ന്നാണ് ചിയാന്‍ ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നത്. പലതവണ ഷൂട്ട് നീണ്ടുപോയ ചിത്രം 2023 നവംബറില്‍ റിലീസാകുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം റിലീസ് മാറ്റുകയായിരുന്നു. ചിത്രം ഈ വര്‍ഷം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.

Content Highlight: Gautham Vasudev Menon clarifies on Dhruva Natchathiram release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more