തമിഴ് സിനിമയില്‍ പുതിയൊരു മേക്കിങ് സ്റ്റൈല്‍ പരിചയപ്പെടുത്തിയ സംവിധായകനാണ് ഗൗതം വാസുദേവ് മേനോന്‍. മിന്നലേ എന്ന ഒരൊറ്റ ചിത്രത്തിലൂടെ തമിഴില്‍ തന്റേതായ സ്ഥാനം നേടാന്‍ ജി.വി.എമ്മിന് സാധിച്ചു. സംവിധാനത്തിന് പുറമെ അഭിനയത്തിലും ഗൗതം മേനോന്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ജി.വി.എമ്മിന്റെ സിനിമാജീവിതത്തിലെ 25ാം വാര്‍ഷികം ചെന്നൈയില്‍ വെച്ച് ആഘോഷിച്ചിരുന്നു.
കരിയറില്‍ ചെയ്ത സിനിമകളെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് ഗൗതം വാസുദേവ് മേനോന്‍. ഇന്ന് പലരും ക്ലാസിക്കായി വാഴ്ത്തുന്ന തന്റെ പല സിനിമകള്‍ക്കും ആദ്യദിവസം പ്രതീക്ഷിച്ച വരവേല്പായിരുന്നില്ല ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. വിണ്ണൈത്താണ്ടി വരുവായ, വാരണം ആയിരം എന്നീ സിനിമകള്‍ വലിയ പരീക്ഷണമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീര്‍ ശ്രീനിവാസനോട് സംസാരിക്കുകയായിരുന്നു ഗൗതം മേനോന്‍.
‘എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകളെന്ന് പലരും അഭിപ്രായപ്പെടുന്ന വിണ്ണൈത്താണ്ടി വരുവായക്ക് ആദ്യത്തെ ദിവസങ്ങളില്‍ നെഗറ്റീവ് റിവ്യൂവായിരുന്നു ലഭിച്ചത്. കാരണം, അതുവരെ അത്തരമൊരു സിനിമ ആളുകള്‍ കണ്ട് പരിചയിച്ചിട്ടില്ലായിരുന്നു. ഒന്നുമില്ലാത്ത മതിലിലേക്ക് നോക്കുന്നതുപോലെ എന്നായിരുന്നു പലരും പറഞ്ഞത്.
വാരണം ആയിരം Photo: Amazon Prime Video
വാരണം ആയിരത്തിനും അതേ അവസ്ഥയായിരുന്നു. ‘സിനിമയുടെ ലെങ്ത് വളരെ കൂടുതലാണ്, സൂര്യ പല സീനിലും അപ്പാ അപ്പാ എന്ന് വിളിക്കുന്നത് എന്തിനാണ്’ എന്നൊക്കെയായിരുന്നു ആദ്യദിവസം സിനിമ കണ്ടവര്‍ പറഞ്ഞ നെഗറ്റീവുകള്‍. പക്ഷേ, പിന്നീടുള്ള ദിവസങ്ങളില്‍ ഈ രണ്ട് സിനിമകളും വലിയ വിജയമായി മാറുകയായിരുന്നു,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
താന്‍ ചെയ്ത സിനിമകളില്‍ പലതും നിര്‍മാതാവിന് ലാഭം നല്‍കിയിട്ടുണ്ടെന്നും ഗൗതം മേനോന്‍ പറയുന്നു. ബജറ്റ് പോലും തിരിച്ചുകിട്ടാത്ത സിനിമ ഒന്ന് മാത്രമേ ഉള്ളൂവെന്നും ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ടയാണ് ആ സിനിമയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ ചിത്രം നിര്‍മിച്ചത് താനായതുകൊണ്ട് മറ്റൊരു നിര്‍മാതാവിന് നഷ്ടമുണ്ടായിട്ടില്ലെന്നും ജി.വി.എം പറയുന്നു.
‘ഇപ്പോള്‍ ഞാന്‍ ഒരു ലവ് സ്‌റ്റോറി എഴുതി കംപ്ലീറ്റാക്കിയിട്ടുണ്ട്. പക്ഷേ, അതിന് ചേരുന്ന സ്റ്റാര്‍ കാസ്റ്റിന് വേണ്ടി കാത്തിരിക്കുകയാണ്. എന്റെ സിനിമകളിലെ സ്ഥിരം നായകന്മാര്‍ ലവ് സ്റ്റോറി ചെയ്യുന്നത് നിര്‍ത്തിയെന്ന് അറിയിച്ചു. അതുകൊണ്ട് ഇനി ആ കഥ എങ്ങനെ ചെയ്യും എന്ന് നോക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ പുറത്തുവിടും,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Gautham Vasudev Menon about Vaaranam Aayiram movie