| Friday, 18th September 2026, 11:47 am

15 വയസായാലും 30 വയസായാലും കാത്തിരിക്കണം; നിലപാടറിയിച്ച് ഗംഭീർ

അഞ്ജലി പി.കെ.

ഇന്ത്യൻ ടി -20 പ്ലെയിങ് ഇലവനിൽ അവസരത്തിനായി വൈഭവ് സൂര്യവംശി ക്ഷമയോടെ കാത്തിരിക്കണമെന്ന് ഇന്ത്യൻ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ. അഫ്ഗാനിസ്ഥാനെതിരായ മൂന്നാം മത്സരത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മൂന്ന് മത്സരങ്ങളിലും സൂര്യവംശിയെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിനെക്കുറിച്ച് ഗംഭീർ പ്രതികരിച്ചത്.

ടീമിലെ മുതിർന്ന താരങ്ങൾ ദീർഘകാലമായി മികച്ച പ്രകടനം കാഴ്ചവെച്ചിച്ചിട്ടുണ്ടെന്നും അതിനാൽ അവരെ അവഗണിക്കാൻ കഴിയില്ലെന്നും ഗംഭീർ കൂട്ടിചേർത്തു. സൂര്യവംശിയുടെ അവസരം വരുമ്പോൾ താരത്തിന് മതിയായ ഇന്നിങ്‌സുകൾ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘വൈഭവിന്റെ കാര്യത്തിൽ വളരെ വ്യക്തമായ കാര്യമാണ് പറയാനുള്ളത്. അവൻ തന്റെ അവസരത്തിനായി കാത്തിരിക്കണം. അവനുള്ള കഴിവ് എന്താണെന്നും എന്ത് ചെയ്യാൻ കഴിയുമെന്നും ഞങ്ങൾക്ക് അറിയാം. എന്നാൽ വർഷങ്ങളായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടിരിക്കുന്ന ഒരാൾ ടീമിലെത്തിയാൽ അയാൾ പുതിയ താരത്തേക്കാൾ മുന്നിലായിരിക്കും. വൈഭവിന് അവസരം ലഭിക്കുമ്പോൾ, കൂടുതൽ കളിക്കാനും അവന് സാധിക്കും,’ ഗംഭീർ പറഞ്ഞു.

‘ഇന്ത്യൻ ക്രിക്കറ്റിന്റെ രീതിയും അതുതന്നെയാണ്. ടീമിൽ മികച്ച താരങ്ങളും ആരോഗ്യകരമായ മത്സരവും വേണം. എന്നാൽ ചിലപ്പോഴൊക്കെ ക്രിക്കറ്റ് അങ്ങനെയാണ്. 15 വയസുള്ള താരമായാലും 30 വയസുള്ള താരമായാലും അവസരത്തിനായി കാത്തിരിക്കേണ്ടിവരും,’ അദ്ദേഹം അഭിപ്രായപ്പെട്ടു.


അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിലെ അവസാന മത്സരം ദൽഹി അരുൺ ജെയ്റ്റിലി സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. മത്സരത്തിൽ ഇന്ത്യ 127 റൺസിന്റെ തകർപ്പൻ വിജയം നേടി പരമ്പര സ്വന്തമാക്കി.

എല്ലാ മത്സരങ്ങളിലും ഇന്ത്യ സഞ്ജു സാംസണെയും അഭിഷേക് ശർമയെയുമാണ് ഓപ്പണർമാരായി ഇറക്കിയത്. മൂന്നാം മത്സരം ഫലത്തെ ബാധിക്കാത്തതായിരുന്നിട്ടും ഓപ്പണിങ് കൂട്ടുകെട്ടിൽ ഇന്ത്യ മാറ്റം വരുത്തിയില്ല.

സിംബാബ്‌വേയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയിൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം സ്വന്തമാക്കിയ താരമാണ് സൂര്യവംശി. പരമ്പരയിൽ 50.33 ശരാശരിയിൽ 151 റൺസാണ് താരം നേടിയത്. 196.10 ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്.

Content Highlight: Gautham Gambhir talks about Vaibhav Suryavanshi chance’s o Indian cricket team

അഞ്ജലി പി.കെ.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്നി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദവും മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടി.

Latest Stories

We use cookies to give you the best possible experience. Learn more