| Monday, 9th February 2026, 8:47 pm

ഏതൊരു പരിശീലകനും സ്വപ്നം കാണുന്ന ഒരാള്‍; ഇന്ത്യന്‍ ക്യാപ്റ്റനെ പുകഴ്ത്തി ഗംഭീര്‍

ഫസീഹ പി.സി.

സൂര്യകുമാര്‍ യാദവ് ടി – 20 ക്രിക്കറ്റില്‍ തന്റെ ജോലി എളുപ്പമാക്കി എന്ന ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍. സൂര്യ മികച്ചൊരു നായകനുമാണെന്നും താരങ്ങളോട് ഇടപഴകുന്ന രീതിയും അവരുമൊന്നിച്ച് സമയം ചെലവഴിക്കുന്നതും എടുത്തുപറയേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

സൂര്യ ഗ്രൗണ്ടില്‍ ശാന്തത നിലനിര്‍ത്തുന്നുവെന്നും ഏതൊരു പരിശീലകനും സ്വപ്നം കാണുന്ന ഒരു ക്യാപ്റ്റനാണ് സ്‌കൈയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.

ഗൗതം ഗംഭീറും സൂര്യകുമാർ യാദവും. Photo: Shebas/x.com

‘ടി – 20 ഫോര്‍മാറ്റില്‍ എന്റെ ജോലി സൂര്യ വളരെ എളുപ്പമുള്ളതാക്കി. പുരുഷ ടീമിനെ നയിക്കാന്‍ അസാമാന്യ കഴിവുള്ള ഒരു ക്യാപ്റ്റനാണവന്‍. അവന്‍ ബാറ്റ് ചെയ്യുന്നതും ഫീല്‍ഡില്‍ ചെയ്യുന്നതും മാറ്റി നിര്‍ത്താം. അവന്‍ താരങ്ങളോട് ഇടപഴകുന്ന രീതി, അവരോട് സംസാരിക്കുന്നതും സമയം ചെലവഴിക്കുന്നതുമെല്ലാം എടുത്തുപറയേണ്ടതാണ്.

ടീമില്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാന്‍ സൂര്യയ്ക്ക് സാധിക്കുന്നുണ്ട്. ഗ്രൗണ്ടില്‍ അവന്‍ പുലര്‍ത്തുന്ന ശാന്തത ഏതൊരു പരിശീലകനും ആഗ്രഹിക്കുന്നതാണ്,’ ഗംഭീര്‍ പറഞ്ഞു.

താരം എന്നതിനേക്കാള്‍ തനിക്കിഷ്ടം ക്യാപ്റ്റന്‍ സൂര്യയെയാണെന്നും ഗംഭീര്‍ പറഞ്ഞു. അവന്‍ ഹൃദയം കൊണ്ട് നയിക്കുന്നൊരു ക്യാപ്റ്റനാണ്. സമ്മര്‍ദ ഘട്ടങ്ങളില്‍ പോലും അവന്‍ കൃത്യമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഒരു കോച്ച് എന്ന നിലയില്‍ എനിക്ക് ഇതില്‍ കൂടുതല്‍ ഒന്നും സ്വപ്നം കാണാനില്ല. സൂര്യയെ പോലെ ഒരാള്‍ നായകനായതോടെ തന്റെ ഭാരം കുറഞ്ഞുവെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യൻ ടീം. Photo: BCCI/x.com

സൂര്യക്ക് കീഴില്‍ ഇതുവരെ ഇന്ത്യ ടി – 20 ക്രിക്കറ്റില്‍ തോല്‍വി അറിഞ്ഞിട്ടില്ല. താരത്തിന് കീഴില്‍ കളിച്ച എല്ലാ ദ്വിരാഷ്ട്ര പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ, ഏഷ്യാ കപ്പില്‍ കിരീടം നേടുകയും ചെയ്തു.

അതേസമയം, സൂര്യയും ഗംഭീറും 2026 ടി – 20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനൊപ്പമാണ്. കിരീടം നിലനിര്‍ത്താനുറച്ച് സ്വന്തം മണ്ണില്‍ കളിക്കുന്ന ഇന്ത്യ ജയത്തോടെയാണ് ടൂര്‍ണമെന്റ് തുടങ്ങിയത്.Content Highlight: Gautham Gambhir talks about Suryakumar Yadav

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more