| Wednesday, 15th October 2025, 3:42 pm

രണ്ടാം ഇന്നിങ്‌സ് കളിച്ച രീതി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകും: ഗൗതം ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റും വിജയിച്ച് ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തിരുന്നു. ആദ്യ മത്സരത്തില്‍ ഇന്നിങ്സ് വിജയം സ്വന്തമാക്കിയ ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ഏഴ് വിക്കറ്റിനും വിജയിച്ചിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് പുലര്‍ത്തിയാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 518 റണ്‍സ് നേടി ഡിക്ലയര്‍ ചെയ്യുകയായിരുന്നു. തുടര്‍ ബാറ്റിങ്ങില്‍ വിന്‍ഡീസ് 248 റണ്‍സിന് ഓള്‍ ഔട്ട് ആവുകയും ചെയ്തു. ഇതോടെ രണ്ടാം ഇന്നിങ്സില്‍ ഫോളോ ഓണിനിറങ്ങിയ വിന്‍ഡീസിനെ 390 റണ്‍സിന് ഒതുക്കാനും ഇന്ത്യക്ക് സാധിച്ചു.

മത്സര ശേഷം വിന്‍ഡീസ് ക്രിക്കറ്റിനെക്കുറിച്ച് ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ സംസാരിച്ചിരുന്നു. വെസ്റ്റ് ഇന്‍ഡീസുമായി ക്രിക്കറ്റ് കളിക്കുന്നത് എപ്പോഴും പ്രിവിലേജുള്ള കാര്യമാണെന്നും ക്രിക്കറ്റ് കളിക്കുന്നതിന് വിന്‍ഡീസിന് ഒരു അടിസ്ഥാനമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു.

‘വെസ്റ്റ് ഇന്‍ഡീസുമായി ഹോം മത്സരമോ എവേ മത്സരമോ കളിക്കുന്നത് എപ്പോളും ഞങ്ങള്‍ക്ക് പ്രിവിലേജുള്ള കാര്യമാണ്. ഇന്റര്‍നാഷണല്‍ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ ഒരുപാട് ടീം കളിക്കുന്നത് അവര്‍ക്ക് ഗെയ്മിനോടുള്ള ഇഷ്ടംകൊണ്ടാണ്.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിനെ പോലെയുള്ള ചില ടീമുകള്‍ കളിക്കുന്നതിന് ഒരു അടിസ്ഥാനമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ആ അടിസ്ഥാനമാണ് കളിയോടുള്ള ഇഷ്ടത്തിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം. ക്രിക്കറ്റ് കളിക്കുന്നതിന്റെ അടിസ്ഥാനമാണ് പ്രധാനപ്പെട്ടത്. നിങ്ങളുടെ ക്രിക്കറ്റ് അടുത്ത തലമുറക്കും പ്രചോദനമാകുമെന്നാണ് ഞാന്‍ കരുതുന്നത്.

ഈ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ നിങ്ങള്‍ കളിച്ച രീതി വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനെ മുന്നോട്ട് കൊണ്ടുപോകുമെന്ന് എനിക്ക് തോന്നുന്നു. ഒന്നാം നമ്പര്‍ മുതല്‍ 11ാം നമ്പര്‍ വരെ നിങ്ങള്‍ കാണിച്ച ചെറുത്തുനില്‍പ്പ് ടീമിന് ഏറ്റവും പ്രധാനപ്പെട്ടതാണ്, ഓരോരുത്തരുടേയും ചെറിയ സംഭാവനകളും വിലമതിക്കുന്നതാണ്,’ വെസ്റ്റ് ഇന്‍ഡീസ് ടീമിനോട് സംസാരിച്ച് ഗംഭീര്‍.

മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെ ഫോളോ ഓണിന് അയച്ച ഇന്ത്യയെ വെല്ലുവിളിക്കാന്‍ കരീബിയന്‍ പടയ്ക്ക് സാധിച്ചിരുന്നു. ജോണ്‍ കാമ്പല്‍ 115 റണ്‍സും ഷായി ഹോപ്പ് 103 റണ്‍സും നേടി വിന്‍ഡീസിനെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. കൂടെ മധ്യ നിര ബാറ്റര്‍ ജസ്റ്റിന്‍ ഗ്രീവ്സ് 50 റണ്‍സ് നേടി ടീമിനെ താങ്ങി നിര്‍ത്താനും ശ്രമിച്ചു. അവസാന ഘട്ടത്തില്‍ ജെയ്ഡന്‍ സീല്‍സ് 32 റണ്‍സ് നേടി പൊരുതിയെങ്കിലും വലിയ സ്‌കോറിലേക്കെത്താന്‍ വിന്‍ഡീസിന് സാധിച്ചില്ലായിരുന്നു.

Content Highlight: Gautham Gambhir Talking About West Indies Team

We use cookies to give you the best possible experience. Learn more