ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീം. മത്സരത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് നേരത്തെ ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. മാത്രമല്ല വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയാണ് തെരഞ്ഞെടുത്തത്.
ഇപ്പോള്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. ഗില്ലിനെ പുതിയ റോളില്‍ കാണാമെന്നും നാലാം നമ്പര്‍ സ്ഥാനം ഗില്ലിന് അനുയോജ്യമാണെന്നും ഗംഭീര്‍ പറഞ്ഞു. മുമ്പ് വിരാട് കോഹ്‌ലിയുടെ സ്ഥാനമായിരുന്നു നാല് എന്നും, പക്ഷെ വിരാട് ഫോര്‍മാറ്റില്‍ നിന്ന് പെട്ടന്ന് മടങ്ങുമെന്ന് കരുതിയില്ലെന്നും ഗംഭീര്‍ പറഞ്ഞു.
‘ഇനി മുതല്‍, ശുഭ്മന്‍ ഗില്ലിന്റെ പുതിയൊരു മുഖം നമുക്ക് കാണാന്‍ കഴിയും, അവന്‍ വ്യത്യസ്തമായ ഒരു റോളിലാണ് കളിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ മധ്യനിരയിലെ നാലാം നമ്പര്‍ സ്ഥാനമാണ് അവന് ഏറ്റവും അനുയോജ്യമായ സ്ഥാനമെന്ന് ഞാന്‍ എപ്പോഴും വിശ്വസിച്ചിരുന്നു.
വിരാട് ഈ ഫോര്‍മാറ്റില്‍ നാലാം സ്ഥാനക്കാരനായിരുന്നു, ഇത്ര പെട്ടെന്ന് അദ്ദേഹം പിന്മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല, അതിനാലാണ് ഞാന്‍ ‘മധ്യനിര’യെക്കുറിച്ച് പരാമര്‍ശിച്ചത്. ഇപ്പോള്‍ ആ സ്ഥാനം ലഭ്യമായതിനാല്‍, റെഡ്‌ബോള്‍ ക്രിക്കറ്റില്‍ ഗില്ലിന് ഏറ്റവും അനുയോജ്യമായ സ്ഥാനം നാലാം നമ്പറാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഗംഭീര്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
2020ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ ഗില്‍ 59 ഇന്നിങ്‌സില്‍ ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. 1893 റണ്‍സും 35.0 ആവറേജ് 59.9 എന്ന സ്‌ട്രൈക്ക് റേറ്റും ഫോര്‍മാറ്റില്‍ ഗില്ലിനുണ്ട്. മാത്രമല്ല 128 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഫോര്‍മാറ്റില്‍ താരം രേഖപ്പെടുത്തി. അഞ്ച് സെഞ്ച്വറിയും ഏഴ് അര്‍ധ സെഞ്ച്വറിയും ടെസ്റ്റില്‍ ഗില്‍ നേടി.
വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും പിന്നാലെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായകനാകുന്ന ഗില്‍ പുതിയ ടെസ്റ്റ് പാരമ്പര്യത്തിനാണ് തുടക്കം കുറിക്കുന്നത്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിനു വേണ്ടി കാത്തിരിക്കുകയാണ്.