ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പര 2025 ജൂണ്‍ 20നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും പത്രസമ്മേളത്തില്‍ സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസം (ബുധന്‍) ആര്‍.സി.ബിയുടെ ഐ.പി.എല്‍ വിജയാഘോഷ പരിപാടിയില്‍ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരണപ്പെട്ടതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗംഭീര്‍ മറുപടി പറയുകയും ചെയ്തു.
‘എനിക്ക് ആഘോഷത്തില്‍ വലിയ വിശ്വാസമില്ല. അത് നടക്കാന്‍ പാടില്ലായിരുന്നു. ഇത്രയും വലിയ ഒരു സമ്മേളനം സംഘടിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കില്‍, അത് ചെയ്യരുത്. വിജയമാണ് പ്രധാനം, ആഘോഷമല്ല. നമുക്ക് റോഡ് ഷോകള്‍ നടത്തണമെന്ന് ഞാന്‍ കരുതുന്നില്ല. ഭാവിയില്‍, നമുക്ക് ഇതിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ജീവന്‍ നഷ്ടപ്പെട്ട ആളുകളെ ഞാന്‍ സ്മരിക്കുകയും ദുഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. ഈ ദുരന്തത്തിന് നാമെല്ലാവരും ഒരുപോലെ ഉത്തരവാദികളാണ്. എനിക്ക് പറയാന്‍ കഴിയുന്നത്, നമ്മള്‍ ഉത്തരവാദിത്തമുള്ളവരായിരിക്കണം. എല്ലാ ജീവനും പ്രധാനമാണ്. ഒരു റോഡ് ഷോ നടത്താന്‍ നമ്മള്‍ എല്ലാ രീതിയിലും തയ്യാറല്ലെങ്കില്‍, നമ്മള്‍ അത് ചെയ്യരുത്. നിങ്ങള്‍ക്ക് 11 പേരെ മരണത്തിലേക്ക് വിട്ടയക്കാന്‍ കഴിയില്ല,’ ഗംഭീര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്തത്തില്‍ 50 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ 14 വയസുള്ള കുട്ടിയും ഉള്‍പ്പെട്ടിരുന്നു. ചിന്നസ്വാമി സ്‌റ്റേഡിയത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടം. പരിക്കേറ്റവരെ ബൗറിങ് ആശുപത്രിയിലും ലേഡി കഴ്‌സണ്‍ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്.
അപകട സാധ്യത മുന്നില്‍ കണ്ട് പൊലീസ് നേരത്തെ വിക്ടറി പരേഡിന് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ കെ.സി.എയുടെ (കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ) നിര്‍ബന്ധപ്രകാരമാണ് പരിപാടി നടത്താന്‍ തീരുമാനിച്ചത്. പരേഡിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കര്‍ണാകടക സര്‍ക്കാരും ആര്‍.സി.ബി മാനേജ്‌മെന്റും 10 ലക്ഷം വീതം നല്‍ുമെന്നും പറഞ്ഞിട്ടുണ്ട്.
ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്
Content Highlight: Gautham Gambhir Talking About Bengaluru tragedy