2026 ടി – 20 ലോകകപ്പിനിടെ അഭിഷേക് ശര്‍മയെ പിന്തുണച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. അഭിഷേക് ഫോം ഔട്ടല്ല, ഔട്ട് ഓഫ് റണ്‍സ് മാത്രമായിരുന്നുവെന്നും അതിനാൽ അവന്റെ അഗ്രസീവ് ബാറ്റിങ്ങിൽ ഉറച്ച് നിൽക്കാനായിരുന്നു തന്റെ ഉപദേശമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് 2014 ഐ.പി.എല്ലില്‍ അഭിഷേകിനെക്കാള്‍ മോശം അനുഭവമായിരുന്നുവെന്നും അതിനാല്‍ തന്നെ ലോകം എന്ത് ചിന്തിക്കുന്നുവെന്നതില്ല, ഡ്രസിങ് റൂമിലുള്ളവരുടെ വിശ്വാസത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നും താന്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിയോ ഹോട്ട് സ്റ്റാറില്‍ സംസാരിക്കുകയായിരുന്നു ഗംഭീര്‍.
ഗൗതം ഗംഭീർ. Photo: Mufaddal Vohra/x.com
‘2014 ഐ.പി.എല്ലില്‍ അവനെക്കാള്‍ മോശം അനുഭവം എനിക്കുണ്ടായിട്ടുണ്ട്. തുടര്‍ച്ചയായ നാല് മത്സരത്തിലാണ് ഞാന്‍ ഡക്കായത്. ആളുകള്‍ നിന്റെ സ്‌കോര്‍ കണ്ട് ഫോമിനെക്കുറിച്ച് സംസാരിച്ചേക്കാമെന്ന് ഞാന്‍ അവനോട് പറഞ്ഞു. യഥാര്‍ത്ഥത്തില്‍ നീ ഫോം ഔട്ടല്ല, ഔട്ട് ഓഫ് റണ്‍സ് മാത്രമാണ്.
20 – 30 പന്തുകള്‍ നേരിട്ടാല്‍ മാത്രമേ നമ്മുക്ക് ഒരാളുടെ ഫോമിനെ വിലയിരുത്താനാവൂ. എന്നാല്‍, അവന്‍ 20 പന്തുകള്‍ നേരിട്ടിട്ടിലായിരുന്നു. അടുത്ത മത്സരത്തില്‍ അവന്‍ കൂടുതല്‍ അഗ്രസീവായി കളിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്.
നിനക്ക് ആദ്യ പന്തില്‍ സിക്‌സടിക്കാനാണ് ആഗ്രഹമെങ്കില്‍ 100 ശതമാനം അത് തന്നെ ചെയ്യണമെന്ന് ഞാന്‍ അവനോട് പറഞ്ഞു. ലോകം എന്ത് ചിന്തിക്കുന്നുവെന്നതല്ല, ഡ്രസിങ് റൂമിലെ 30 പേര് എന്ത് ചിന്തിക്കുന്നുവെന്നതാണ് പ്രധാനം. അതിനാണ് അംഗങ്ങളും പ്രാധാന്യം കൊടുക്കേണ്ടത്,’ ഗംഭീര്‍ പറഞ്ഞു.
അഭിഷേക് ശർമ. Photo: BCCI/x.com
2026 ടി – 20 ലോകകപ്പിന് അഭിഷേകിന് മോശം തുടക്കമായിരുന്നു. ആദ്യ മത്സരത്തില്‍ യു.എസ്.എക്കെതിരെ ഡക്കായ താരം അടുത്ത മത്സരത്തില്‍ അനാരോഗ്യം കാരണം പുറത്തിരിക്കേണ്ടി വന്നു. മൂന്നാം മത്സരത്തില്‍ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും അടുത്ത രണ്ട് മത്സരത്തില്‍ താരത്തിന് റണ്‍സ് കണ്ടെത്താന്‍ സാധിച്ചില്ല.
എന്നാല്‍, ലോകകപ്പ് സൂപ്പര്‍ 8 ഘട്ടത്തിലേക്ക് കടന്നപ്പോള്‍ അഭിഷേക് ഫോം വീണ്ടെടുത്തു. അതില്‍ സിംബാബ്വെക്കെതിരെ അര്‍ധ സെഞ്ച്വറി നേടിയ ഇടം കൈയ്യന്‍ ബാറ്റര്‍ ഫൈനലിലും ഫിഫ്റ്റി നേടി. ഷെവറോണ്‍സിനെതിരെ 30 പന്തില്‍ 55 റണ്‍സെടുത്തപ്പോള്‍ ന്യൂസിലാന്‍ഡിനെതിരെ 21 പന്തില്‍ 52 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
Content Highlight: Gautam Gambhir talks about he backing Abhishek Sharma during T20 World Cup 2026