2026 ടി-20 ലോകകപ്പ് വിജയിച്ച ശേഷം ഇന്ത്യന്‍ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. നിലവില്‍ വ്യക്തിഗത റെക്കോഡുകള്‍ക്ക് ഒരു പ്രധാന്യവും ഇല്ലെന്ന് ആവര്‍ത്തിക്കുന്ന ആളാണ് ഗൗതി. വാര്‍ത്താസമ്മേളനത്തിലുടനീളം റെക്കോഡുകള്‍ക്കായി കളിക്കുന്നതിനെ പരോക്ഷമായി വിമര്‍ശിച്ചാണ് ഗംഭീര്‍ സംസാരിച്ചത്.
റെക്കോഡല്ല ആഘോഷിക്കേണ്ടതെന്നും ടീം ഒരുമിച്ച് നേടുന്ന ട്രോഫികളും വിജയങ്ങളുമാണ് നാം ആഘോഷിക്കേണ്ടതെന്നും ഗംഭീര്‍ പറഞ്ഞു. മലയാളി താരം സഞ്ജു സാംസണിന്റെ മികച്ച പ്രകടനത്തെ മുന്‍ നിര്‍ത്തിയാണ് ഗംഭീര്‍ സംസാരിച്ചത്. ഇന്ത്യയുടെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയെ ഉന്നം വെച്ചാണ് ഗംഭീറിന്റെ അഭിപ്രായമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
സഞ്ജു
‘എന്നെ സംബന്ധിച്ച് റെക്കോഡ് ഒരു പ്രശ്നമേ അല്ല. റെക്കോഡല്ല ആഘോഷിക്കേണ്ടത്. ടീം ഒരുമിച്ച് നേടുന്ന ട്രോഫികളും വിജയങ്ങളുമാണ് നാം ആഘോഷിക്കേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ കാലമായി ഈ റെക്കോഡുകള്‍ മറികടക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ് അധികവും നടക്കുന്നത്.
വ്യക്തികളുടെ റെക്കോഡിനല്ല പ്രധാന്യം, മൈല്‍സ്റ്റോണുകളല്ല ആഘോഷിക്കേണ്ടത്. ട്രോഫികളാണ് ആഘോഷിക്കേണ്ടത്. എന്നെ സംബന്ധിച്ച് റെക്കോഡുകള്‍ ഒരിക്കലും പ്രധാനമായിരുന്നില്ല. ഇനി അതു പ്രധാനമാകാനും പോകുന്നില്ല. സൂര്യകുമാര്‍ യാദവും സമാന ചിന്താഗതിയുള്ള വ്യക്തിയാണ്. ഞങ്ങളെ ഒന്നിപ്പിക്കുന്ന ഘടകവും വ്യക്തിഗത പ്രകടനത്തിന് പിന്നാലെ പോകുന്നില്ല എന്നതാണ്.
വ്യക്തിഗത പ്രകടനത്തിന്റെ അളവ് കോല്‍ വെച്ച് ടീം പ്രകടനത്തെ നിര്‍ണയിക്കാന്‍ സാധിക്കില്ല. കഴിഞ്ഞ മൂന്ന് കളികളിലും സഞ്ജു എന്താണ് ചെയ്തതെന്ന് നിങ്ങള്‍ കണ്ടല്ലോ. 97, 89, 89 എന്നീ സ്‌കോറുകളാണ് അദ്ദേഹം നേടിയത്. അദ്ദേഹം സെഞ്ച്വറിക്ക് വേണ്ടിയല്ല കളിച്ചത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ടീമിന് 250 പ്ലസ് റണ്‍സ് നേടാന്‍ സാധിക്കില്ല. ഒരു ബാറ്റര്‍ 96ല്‍ നിന്ന് 100ല്‍ എത്താന്‍ 4 പന്തുകള്‍ എടുക്കുന്നുണ്ടെങ്കില്‍ അദ്ദേഹം ടീമിനായി നഷ്ട്ടപ്പെടുത്തുന്നത് 20 റണ്‍സായിരിക്കും,’ ഗൗതം ഗംഭീര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്സില്‍ നിന്ന് 321 റണ്‍സാണ് താരം അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89ഉം നേടിയിരുന്നു.
Content Highlight: Gautam Gambhir Talking About Sanju Samson And Team India