| Monday, 2nd March 2026, 1:28 pm

അവന്‍ സ്മാര്‍ട്ടായി കളിച്ചു; സഞ്ജുവിന് പ്രശംസയായി ഗംഭീര്‍

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇതോടെ ഇന്ത്യ സെമി ഫൈനലിലും ഇടം നേടി. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ മിന്നും ബാറ്റിങ് പ്രകടനത്തിലാണ് ഇന്ത്യയ്ക്ക് വിജയം സ്വന്തമാക്കാന്‍ സാധിച്ചത്.

മത്സര ശേഷം സഞ്ജു സാംസണിനെക്കുറിച്ച് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ സംസാരിച്ചിരുന്നു. സഞ്ജു  ലോകോത്തര താരമാണെന്നും സമ്മര്‍ദഘട്ടത്തില്‍ താരം തന്റെ പൂര്‍ണ മികവ് പുറത്തെടുത്തെന്നും ഗംഭീര്‍ പറഞ്ഞു.

‘സഞ്ജു ഇന്നിങ്സ് പടുത്തുയര്‍ത്തിയ രീതി വളരെ മികച്ചതായിരുന്നു. അനാവശ്യ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കാതെ ക്രീസില്‍ നിലയുറപ്പിച്ച് സ്മാര്‍ട്ടായി കളിക്കാനാണ് അവന്‍ ശ്രമിച്ചത്. സാധാരണ ക്രിക്കറ്റ് ഷോട്ടുകള്‍ മാത്രമാണ് അവന്‍ കളിച്ചത്. അതാണ് അവന്റെ പ്രതിഭ. സിംബാബ്‌വേക്കെതിരായ മത്സരത്തിലും വലിയ സ്‌കോര്‍ നേടിയില്ലെങ്കിലും സഞ്ജു തന്റെ റോള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്ന. സഞ്ജു  ലോകോത്തര താരമാണ്,’ ഗംഭീര്‍ പറഞ്ഞു.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന സൂപ്പര്‍ 8 മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. നിര്‍ണായക മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 196 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചുനീട്ടിയത്. മറുപടി ബാറ്റിങ്ങില്‍ 19.2 ഓവറില്‍ 199 റണ്‍സ് നേടി ഇന്ത്യ വിജയം സ്വന്തമാക്കുകയായിരുന്നു.

സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ മികവിലാണ് ഇന്ത്യ സെമിയിലെത്തിയത്. 50 പന്തില്‍ നാല് സിക്സും 12 ഫോറും ഉള്‍പ്പെടെ പുറത്താകാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. 194 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലായിരുന്നു സഞ്ജുവിന്റെ താണ്ഡവം.

അതേസമയം സെമി ഫൈനലില്‍ കരുത്തരായ ഇംഗ്ലണ്ടിനെയാണ് ഇന്ത്യയ്ക്ക് നേിരടാനുള്ളത്. മാര്‍ച്ച് അഞ്ചിന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. മാര്‍ച്ച് നാലിന് നടക്കുന്ന ആദ്യ സെമിയില്‍ സൗത്ത് ആഫ്രിക്ക ന്യൂസിലാന്‍ഡിനെ നേരിടും. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സാണ് വേദി.

Content Highlight: Gautam Gambhir Talking About Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more