| Sunday, 15th March 2026, 7:23 pm

ഓഫ് സ്പിന്നര്‍മാരെ കൈകാര്യം ചെയ്യാനല്ല സഞ്ജുവിനെ ടീമിലെടുത്തത്: ഗൗതം ഗംഭീര്‍

ശ്രീരാഗ് പാറക്കല്‍

ലോകകപ്പ് ടീമില്‍ സഞ്ജുവിനെ തിരിച്ചുവിളിച്ചതിന്റെ കാരണത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. സഞ്ജു ഇലവനില്‍ ഇല്ലാത്ത സമയത്ത് മൂന്ന് ഇടംകയ്യന്‍ ബാറ്റര്‍മാരായിരുന്നു ഇന്ത്യയുടെ ടോപ് ഓര്‍ഡറില്‍. അതുകൊണ്ട് തന്നെ സഞ്ജുവിനെ ടീമിലെത്തിച്ചത് ഓഫ് സ്പിന്നറെ കൈകാര്യം ചെയ്യാന്‍ വേണ്ടിയല്ലെന്നും ടോപ്പ് ഓര്‍ഡറില്‍ ആക്രമണാത്മകമായി കളിക്കാനാണെന്നും ഗംഭീര്‍ പറഞ്ഞു.

‘ടോപ്പ് ഓര്‍ഡറില്‍ മൂന്ന് ഇടംകൈയ്യന്‍മാരുടെ കോംബിനേഷന്‍ മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചതിനെക്കുറിച്ച് ധാരാളം ആളുകള്‍ സംസാരിച്ചിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തെ പ്രത്യയശാസ്ത്രത്തെ ഒഴിവാക്കി കഴിയുന്നത്ര സ്‌ഫോടനാത്മക ബാറ്റിങ് പുറത്തെടുക്കണമെന്നായിരുന്നു ഞങ്ങളുടെ പ്ലാന്‍.

ഓഫ് സ്പിന്നറെ കൈകാര്യം ചെയ്യാന്‍ വേണ്ടിയല്ല സഞ്ജുവിനെ ടീമിലെടുത്തത്. ടോപ്പ് ഓര്‍ഡറില്‍ കൂടുതല്‍ കരുത്ത് പുറത്തെടുക്കാനും ആദ്യ ആറ് ഓവറുകളില്‍ (പവര്‍ പ്ലെയില്‍) കൂടുതല്‍ ആക്രമണാത്മകമായി കളിക്കാനുമായിരുന്നു അത്,’ ഗംഭീര്‍ പറഞ്ഞു.2026 ടി-20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടിയ സഞ്ജു സാംസണ്‍

ടി-20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്.

സെമിയടക്കമുള്ള നിര്‍ണായക മത്സരങ്ങളില്‍ തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. ഇതോടെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.

ടൂര്‍ണമെന്റിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം മാത്രം കളിച്ച സഞ്ജു പിന്നീട് അവസരം ലഭിച്ചപ്പോള്‍ വമ്പന്‍ പ്രകടനങ്ങളാണ് പുറത്തെടുത്തത്. വെറും അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 321 റണ്‍സാണ് താരം നിന്ന് അടിച്ചെടുത്തത്. 199.37 എന്ന മിന്നും സ്ട്രൈക്ക് റേറ്റിലാണ് ടൂര്‍ണമെന്റില്‍ താരം ബാറ്റ് വീശിയത്. സൂപ്പര്‍ 8ല്‍ വിന്‍ഡീസിനെതിരായ ഡു ഓര്‍ ഡൈ മത്സരത്തില്‍ 97* റണ്‍സ് നേടിയ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 89 റണ്‍സും നേടിയിരുന്നു.

Content Highlight: Gautam Gambhir Talking About India Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more