| Wednesday, 11th March 2026, 10:52 am

എന്തുകൊണ്ട് മറ്റാരും നല്‍കാത്ത പിന്തുണ സഞ്ജുവിന് നല്‍കി; ഉത്തരവുമായി ഗംഭീര്‍

ആദര്‍ശ് എം.കെ.

ഏറെ നാള്‍ നേരിടേണ്ടി വന്ന അവഗണനകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയായിരുന്നു 2026 ടി-20 ലോകകപ്പില്‍ സഞ്ജു സാംസണിന്റെ പ്രകടനം. വിന്‍ഡീസിനെതിരായ സൂപ്പര്‍ 8 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ സെമിയിലും കിവികള്‍ക്കെതിരായ കിരീടപ്പോരാട്ടത്തിലും മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ പുറത്തെടുത്ത് ടോപ് സ്‌കോററായ സഞ്ജുവിനെ തന്നെയാണ് ടൂര്‍ണമെന്റിന്റെ താരമായും തെരഞ്ഞെടുത്തത്.

സഞ്ജുവിന്റെ തിരിച്ചുവരവില്‍ ആളുകള്‍ എടുത്തുപറയുന്ന പേരാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റേത്. സഞ്ജു ലോകം കീഴടക്കുമ്പോള്‍ അതില്‍ ചെറുതല്ലാത്ത പിന്തുണ ഗംഭീര്‍ സഞ്ജുവിന് നല്‍കിയിരുന്നു.

ഗൗതം ഗംഭീറിനൊപ്പം സഞ്ജു സാംസണ്‍

ഇപ്പോള്‍ എന്തുകൊണ്ട് സഞ്ജുവിനെ പിന്തുണച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗംഭീര്‍. ടീമിന് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സഞ്ജുവിന് സാധിക്കുമെന്ന വിശ്വാസത്തിന്റെ പുറത്താണ് താരത്തെ പിന്തുണച്ചത് എന്നാണ് എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞത്.

‘ഈ ടീമിന് വേണ്ടി പലതും ചെയ്യാന്‍, പലതും നേടിത്തരാന്‍ സഞ്ജുവിന് സാധിക്കുമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിലാണ് ഞാന്‍ അവന് പിന്തുണ നല്‍കിയത്. ആ വിശ്വാസത്തോട് അവന്‍ നീതി പുലര്‍ത്തി. അവന് വീണ്ടും തന്റെ കരിയര്‍ ഇവിടെ നിന്നും തുടരാനാകും. അവനെ സംബന്ധിച്ച് അത് ഏറെ പ്രധാനപ്പെട്ടതുമാണ്,’ ഗംഭീര്‍ പറഞ്ഞു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ഗൗതം ഗംഭീര്‍ പരിശീലകസ്ഥാനമേറ്റെടുത്തതിന് മുമ്പും ശേഷവും, സഞ്ജു സാംസണിന്റെ കരിയറിനെ ഇങ്ങനെ രണ്ടായി തിരിക്കാം. മുന്‍ പരിശീകരുടെ ഭാഗത്ത് നിന്നുണ്ടായ പോലുള്ള അവഗണനകള്‍ ഗംഭീറിന്റെ ഭാഗത്ത് നിന്നും ഉണ്ടായെങ്കിലും അദ്ദേഹത്തിന് കീഴിലാണ് സഞ്ജുവിന്റെ ഫുള്‍ പൊട്ടെന്‍ഷ്യല്‍ ഇന്ത്യന്‍ ടീമിന് ലഭിച്ചത്.

സഞ്ജുവിന്റെ നാച്ചുറല്‍ പൊസിഷനായ ടോപ്പ് ഓര്‍ഡറില്‍ താരത്തിന് അവസരം നല്‍കിയത് ഗംഭീറായിരുന്നു. ആദ്യ പന്ത് മുതല്‍ തന്നെ അറ്റാക്കിങ് ക്രിക്കറ്റ് പുറത്തെടുക്കുന്ന സഞ്ജുവിന് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമെന്ന് ക്രിക്കറ്റ് ലോകം തിരിച്ചറിഞ്ഞ നിമിഷം കൂടിയായിരുന്നു.

സഞ്ജു സാംസണ്‍. Photo: BCCI/x.com

ബംഗ്ലാദേശിനെതിരായ കരിയറിലെ ആദ്യ ടി-20 സെഞ്ച്വറി പിറന്നപ്പോഴും സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ആ നേട്ടം ആവര്‍ത്തിച്ചപ്പോഴും ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ഓപ്പണര്‍മാരില്‍ ഒരാളെ കണ്ടെത്തിയെന്ന് ആരാധകര്‍ വിശ്വസിച്ചു.

എന്നാല്‍ ഏഷ്യാ കപ്പില്‍, വൈസ് ക്യാപ്റ്റനായി ശുഭ്മന്‍ ഗില്ലിന്റെ വരവോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെട്ടു. എന്നാല്‍ ഓപ്പണറുടെ റോളില്‍ ഗില്‍ ഗംഭീര പരാജയമായതോടെ സഞ്ജുവിന് ഓപ്പണിങ് സ്ഥാനം തിരിച്ചുകിട്ടിയെങ്കിലും ന്യൂസിലാന്‍ഡിനെതിരായ പരമ്പരയിലെ മോശം ഫോം താരത്തെ വീണ്ടും ബെഞ്ചിലെത്തിച്ചു.

ക്യാപ്റ്റന്‍ സൂര്യകുമാറിനൊപ്പം. Photo: BCCI/x.com

എന്നാല്‍ ലോകകപ്പില്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി മുതലാക്കിയ സഞ്ജു ടീമും ആരാധകരും തന്നിലര്‍പ്പിച്ച വിശ്വാസം കാക്കുകയും ഇന്ത്യയ്‌ക്കൊപ്പം വിശ്വവിജയിയാവുകയുമായിരുന്നു.

Content Highlight: Gautam Gambhir says why he backed Sanju Samson

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more