| Wednesday, 16th September 2026, 3:03 pm

ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാം പക്ഷെ സഞ്ജുവിനെ ഞങ്ങള്‍ക്ക് വിശ്വാസം; തുറന്ന് പറഞ്ഞ് ഗംഭീര്‍

ശ്രീരാഗ് പാറക്കല്‍

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍. സഞ്ജു സാംസണിന്റെ കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവും ടീമില്‍ ഉണ്ടായിരുന്നില്ലെന്നും പുറത്തുനിന്നുള്ള വിമര്‍ശനങ്ങള്‍ എപ്പോഴും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജു ടി-20 ടീമിലെ അവിഭാജ്യ ഘടകമാണെന്നും ഭാവിയിലും താരം ടീമിന്റെ ഭാഗമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാത്രമല്ല ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്കായി എന്ത് ചെയ്യണമെന്ന് തങ്ങള്‍ക്ക് വ്യക്തമായി അറിയാമെന്നും ഗംഭീര്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘സഞ്ജു സാംസണിന്റെ കാര്യത്തില്‍ ഞങ്ങളുടെ മനസില്‍ യാതൊരു ആശയക്കുഴപ്പവും ഉണ്ടായിരുന്നില്ല. പുറത്തുനിന്നുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എപ്പോഴും ഉണ്ടാകും. ഇംഗ്ലണ്ടില്‍ അദ്ദേഹം ഏതാനും മത്സരങ്ങള്‍ കളിച്ചതിനും സിംബാബ്‌വേ പര്യടനത്തില്‍ ടീമിലില്ലാതിരുന്നതിനും പിന്നാലെ ഇത്തരം ചര്‍ച്ചകള്‍ ശക്തമായിരുന്നു. എന്നാല്‍ ഇത്തരം ശബ്ദങ്ങളൊന്നും ഞങ്ങളുടെ തീരുമാനങ്ങളെ ബാധിച്ചിട്ടില്ല.

സഞ്ജു ഇപ്പോഴും ഞങ്ങളുടെ ടി-20 ടീമിലെ അവിഭാജ്യ ഘടകമാണ്. ഭാവിയിലും അദ്ദേഹം ടീമിന്റെ ഭാഗമായിരിക്കും. വ്യത്യസ്ത കോമ്പിനേഷനുകള്‍ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് ചില മത്സരങ്ങള്‍ നഷ്ടമായത്.

ടി-20 ലോകകപ്പില്‍ സഞ്ജുവിന്റെ കഴിവുകളില്‍ ഞങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ കഴിവുകളില്‍ അതേ വിശ്വാസം തന്നെയുണ്ട്. ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് പറയാം. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിന്റെ മികച്ച ഭാവിക്കായി എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്ക് വ്യക്തമായി അറിയാം,’ ഗംഭീര്‍ മത്സരത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

അഫ്ഗാനിസ്ഥാനെതിരെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ രണ്ടാമത്തെ മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. തുടര്‍ന്ന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സ് നേടി വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി വെടിക്കെട്ട് ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത് സൂപ്പര്‍ താരം സഞ്ജു സാംസണാണ്. 22 പന്തില്‍ നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടെ 57 റണ്‍സ് നേടിയാണ് സഞ്ജു വമ്പന്‍ തിരിച്ചുവരവ് നടത്തിയത്. 259.09 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്. ഇതോടെ ഒരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് സഞ്ജു സാംസണ്‍.

അന്താരാഷ്ട്ര ടി-20 തന്റെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാനും സഞ്ജുവിന് സാധിച്ചിരിക്കുകയാണ്. 20 പന്തിലാണ് സഞ്ജു അഫ്ഗാനെതിരെ സൂപ്പര്‍ ഫിഫ്റ്റി തൂക്കിയത്. 2024ല്‍ ബംഗ്ലാദേശിനെതിരെ 22 പന്തില്‍ സഞ്ജു തന്റെ വേഗമേറിയ ഫിഫ്റ്റി നേടിയിരുന്നു. മത്സരത്തിലെ താരവും സഞ്ജുവാണ്.

Content Highlight: Gautam Gambhir Praises Sanju Samson

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more