| Sunday, 22nd March 2026, 7:49 pm

'സഞ്ജുവും ഇഷാന്‍ കിഷനും പോലുള്ള താരങ്ങളാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു'

ആദര്‍ശ് എം.കെ.

2026 ടി-20 ലോകകപ്പിലെ പ്രകടനത്തില്‍ സൂപ്പര്‍ താരങ്ങളായ സഞ്ജു സാംസണെയും ഇഷാന്‍ കിഷനെയും പ്രശംസ കൊണ്ടുമൂടി പരിശീലകന്‍ ഗൗതം ഗംഭീര്‍. ഒരു തിരിച്ചുവരവ് എല്ലായ്‌പ്പോഴും പ്രയാസമാണെന്നും അരങ്ങേറ്റം കുറിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദം അപ്പോഴുണ്ടാകുമെന്നാണ് ഗംഭീര്‍ പറഞ്ഞത്.

സഞ്ജുവിനെയും ഇഷാനെയും പോലുള്ള താരങ്ങളാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സഞ്ജുവിനൊപ്പം ഗംഭീര്‍. Photo: BCCI/x.com

ഇരുവരുടെയും ടീമിലേക്കുള്ള തിരിച്ചുവരവ് ഏറെ ശ്രദ്ധേയമാണെന്ന് ഗംഭീര്‍ ചൂണ്ടിക്കാട്ടി. 2023 മുതല്‍ ടീമിന് പുറത്തായിരുന്ന ഇഷാന്‍ കിഷന്‍, ന്യൂസിലന്‍ഡിനെതിരെയുള്ള പരമ്പരയിലൂടെയാണ് വീണ്ടും ടീമില്‍ തന്റെ സ്ഥാനം നേടിയെടുത്തത്. എന്നാല്‍ ഇഷാന്‍ എത്തിയതോടെ അവസരം നഷ്ടപ്പെട്ട സഞ്ജുവാകട്ടെ, ലോകകപ്പില്‍ ലഭിച്ച അവസരം മുതലാക്കുകയും ലോകകപ്പിന്റെ താരമായി മാറുകയും ചെയ്തു.

റേവ്സ്പോര്‍ട്സിന്റെ ട്രയല്‍ബ്ലേസേഴ്സ് 4.0 കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് ഗംഭീര്‍ ഇക്കാര്യം പറഞ്ഞത്.

‘ഒരു തിരിച്ചുവരവ് നടത്തുക എന്നത് ഒരിക്കലും എളുപ്പമല്ല. അരങ്ങേറ്റം കുറിക്കുമ്പോഴുള്ളതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദം ഒരു തിരിച്ചുവരവ് നടത്തുമ്പോള്‍ നിങ്ങള്‍ക്കുണ്ടാകും.

നാഗ്പൂരില്‍ ജേക്കബ് ഡഫിക്കെതിരെയുള്ള അവന്‍ (ഇഷാന്‍ കിഷന്‍) നേരിട്ട ആദ്യ പന്തില്‍ തന്നെ ഫോര്‍ അടിച്ചു, അത് അവന്റെ ക്യാരക്ടറാണ് കാണിക്കുന്നത്. അത് നിര്‍ഭയത്വവും കഴിവും വ്യക്തമാക്കുന്നു. എത്ര പെട്ടെന്നാണ് അവന്‍ ‘ടീം ഫസ്റ്റ്’ എന്ന മനോഭാവം കൈക്കൊണ്ടത് എന്നത് അത്ഭുതമാണ്.

ഇഷാന്‍ കിഷന്‍. Photo: BCCI/x.com

ലോകകപ്പ് നേടിയത് കൊണ്ടല്ല ഞാന്‍ ഇത് പറയുന്നത്, മറിച്ച് അവന്റ സ്വഭാവം കാരണമാണ്. സഞ്ജുവിനെയും അദ്ദേഹത്തെയും പോലുള്ള അസാമാന്യ വൈറ്റ് ബോള്‍ താരങ്ങളെ ലഭിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു,’ ഗംഭീര്‍ പറഞ്ഞു.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് സഞ്ജുവും ഇഷാനും. സഞ്ജു അഞ്ച് ഇന്നിങ്‌സില്‍ നിന്നും 321 റണ്‍സ് നേടിയപ്പോള്‍ ഒമ്പത് ഇന്നിങ്‌സില്‍ നിന്നും 317 റണ്‍സാണ് ഇഷാന്‍ നേടിയത്. ടൂര്‍ണമെന്റിലെ റണ്‍ വേട്ടക്കാരില്‍ ഇരുവരും യഥാക്രമം മൂന്നും നാലും സ്ഥാനത്താണ്.

സഞ്ജു സാംസണ്‍.  Photo: BCCI/x.com

അതേസമയം, ഐ.പി.എല്ലിന്റെ തിരക്കുകളിലാണ് സഞ്ജുവും ഇഷാനും. ഇരു താരങ്ങളെയും സംബന്ധിച്ച് കഴിഞ്ഞ സീസണ്‍ അത്രകണ്ട് മികച്ചതായിരുന്നില്ല. സഞ്ജു പരിക്കിന്റെ പിടിയിലകപ്പെട്ടപ്പോള്‍ ഇഷാന്‍ വണ്‍ മാച്ച് വണ്ടറായി ഒതുങ്ങി.

പുതിയ സീസണില്‍ പുതിയ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടിയാണ് സഞ്ജു ഇറങ്ങുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമാണ് ഇഷാന്‍.

മാര്‍ച്ച് 28ന് നടക്കുന്ന ഓപ്പണിങ് മാച്ചില്‍ ഇഷാന്റെ സണ്‍റൈസേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടുമ്പോള്‍ 30ന് തന്റെ പഴയ ടീമായ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് സഞ്ജുവിന്റെ ആദ്യ മത്സരം. എതിരാളികളുടെ തട്ടകത്തിലാണ് ഇരു ടീമുകളും ആദ്യ മത്സരം കളിക്കുന്നത്.

Content Highlight: Gautam Gambhir praises Ishan Kishan and Sanju Samson

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more