| Thursday, 20th November 2025, 3:30 pm

റെഡ് ബോളില്‍ ദുരന്തമായി ഗംഭീര്‍; ദ്രാവിഡും രവി ശാസ്ത്രിയും ഇക്കാര്യത്തില്‍ പുലികള്‍!

സ്പോര്‍ട്സ് ഡെസ്‌ക്

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെയുള്ള ആദ്യ ടെസ്റ്റില്‍ ഇന്ത്യ പരാജയപ്പെട്ടിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ 30 റണ്‍സിനായിരുന്നു ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഹോം ടെസ്റ്റില്‍ ഇന്ത്യ വലിയ തകര്‍ച്ചയാണ് നേരിടുന്നത്. കഴിഞ്ഞ ആറ് ഹോം ടെസ്റ്റുകളില്‍ ഇന്ത്യ വെറും രണ്ട് മത്സരങ്ങളില്‍ മാത്രമാണ് വിജയം കണ്ടത്. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലാന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവരോടാണ് ഇന്ത്യ സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്.

മുഖ്യ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം ഗംഭീറിന് പറയാന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള വിജയവും ഇംഗ്ലണ്ട് പരമ്പരയിലെ സമനിലമാത്രമാണ് ഉള്ളത്. ഇതോടെ ഗംഭീര്‍ യുഗത്തില്‍ ഇന്ത്യയുടെ റെഡ് ബോള്‍ ഫോര്‍മാറ്റിന്റെ ഭാവിയും തുലാസിലാണ്.

കഴിഞ്ഞ 10 വര്‍ഷത്തില്‍ ഇന്ത്യ 53 ഹോം ടെസ്റ്റുകളാണ് കളിച്ചത്. അതില്‍ എട്ട് മത്സരങ്ങളാണ് ഇന്ത്യ പരാജയപ്പെട്ടത്. അതില്‍ നാല് തോല്‍വികളും ഗംഭീര്‍ പരിശീലകനായി എത്തിയ ശേഷമാണ്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലാണ് ഗംഭീര്‍ നാല് ടെസ്റ്റുകളില്‍ പരാജയപ്പെട്ടതെന്ന് എടുത്തുപറയേണ്ടതാണ്.

മുമ്പ് രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ ക്യാപ്റ്റനായിരുന്ന സമയത്ത് മൂന്ന് വര്‍ഷത്തിനിടയിലാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റില്‍ പരാജയപ്പെടുന്നത്. രവിശാസ്ത്രിയുടെ കാലഘട്ടത്തില്‍ നാലര വര്‍ഷത്തിനിടയിലാണ് ഇന്ത്യ ഒരു ടെസ്റ്റ് സ്വന്തം മണ്ണില്‍ പരാജയപ്പെട്ടത്.

സൗത്ത് ആഫ്രിക്കക്കെതിരെ ഇനി അവശേഷിക്കുന്ന അവസാന മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടാല്‍ ഗംഭീര്‍ യുഗത്തിലെ ടെസ്റ്റില്‍ ഇന്ത്യ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് പറയാന്‍ സാധിക്കും. നേരത്തെ സ്വന്തം മണ്ണില്‍ ഇന്ത്യ നേടിയ ഡോമിനേഷന്‍സ് തകര്‍ന്നടിയുന്ന കാഴ്ചയാണ് നിലവിലുള്ളത്. തുടര്‍ പരാജയങ്ങള്‍ക്ക് പുറമെ ഗംഭീറിനെ വിമര്‍ശിച്ച് പല താരങ്ങളും രംഗത്ത് വന്നിരുന്നു. മുന്‍ ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അടക്കമുള്ളവര്‍ ഗംഭീറിന് ഉപദേശവും നല്‍കിയത് ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. അതേസമയം വൈറ്റ് ബോളില്‍ ഗംഭീര്‍ മികച്ച മുന്നേറ്റമാണ് ടീമിന് വേണ്ടി കാഴ്ചവെക്കുന്നത്.

വിരാട് കോഹ്‌ലിക്കും രോഹിത് ശര്‍മയ്ക്കും ശേഷം ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശുഭ്മന്‍ ഗില്ലും പ്രതിസന്ധിയിലാണ്. സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റില്‍ പരിക്ക് പറ്റിയതിനെ തുടര്‍ന്ന് രണ്ടാം മത്സരത്തില്‍ ഗില്‍ കളിക്കുമോ എന്നത് ചോദ്യ ചിഹ്നമാണ്. പ്രോട്ടിയാസിനെതിരെ 22 മുതല്‍ 26 വരെയാണ് ഇന്ത്യയുടെ അവസാന മത്സരം. ഗുവാഹത്തിയിലെ ബര്‍സാപാര സ്റ്റേഡിയമാണ് വേദി.

മത്സരത്തില്‍ എന്ത് വിലകൊടുത്തും വിജയിക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. സമനിലയില്‍ കുരുങ്ങിയാല്‍ പോലും പരമ്പരയില്‍ ഇന്ത്യ പരാജയപ്പെടും. ഗില്ലിന്റെ അഭാവത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് ക്യാപ്റ്റന്‍സി ഏറ്റെടുത്തേക്കുമെന്നാണ് കരുതുന്നത്.

Content Highlight: Gautam Gambhir is failing as the coach of the Indian Test team

We use cookies to give you the best possible experience. Learn more