| Saturday, 22nd August 2026, 5:22 pm

റാങ്കിങ്ങുകള്‍ക്ക് ഒരു പ്രസക്തിയുമില്ല, എന്റെ ജോലി ട്രോഫി നേടുകയെന്നതാണ്; വിമര്‍ശനങ്ങള്‍ക്കെതിരെ കടുപ്പിച്ച് ഗംഭീര്‍

ആദർശ് എം.കെ.

കൊളംബോയില്‍ ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി, കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പ്രകടനത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍.

പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ 165 റണ്‍സിന്റെ വമ്പന്‍ വിജയം നേടിയിരുന്നെങ്കിലും, നിലവിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യൂ.ടി.സി) പോയിന്റ് പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. ഈ പശ്ചാത്തലത്തില്‍ രണ്ടാം ടെസ്റ്റിന് മുന്നോടിയായി നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

ഗൗതം ഗംഭീര്‍

‘എന്റെ ജോലി ട്രോഫികള്‍ നേടുകയെന്നതാണ്, അല്ലാതെ വ്യൂസും ലൈക്കുകളും നേടുകയല്ല. ഞാന്‍ അതില്‍ മാത്രമാണ് വിശ്വസിക്കുന്നത്, എന്റെ അഭിപ്രായവും അത് തന്നെയാണ്.

റാങ്കിങ്ങുകള്‍ക്ക് ഒരു പ്രസക്തിയുമില്ല. നമ്മള്‍ ഒരു മാറ്റത്തിന്റെ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്, പ്രസ് ബോക്‌സിലും കമന്ററി ബോക്‌സിലും ഇരിക്കുന്ന ആളുകള്‍ക്ക് അത് വ്യക്തമായി അറിയാം എന്ന് കരുതുന്നു,’ ഗംഭീര്‍ പറഞ്ഞു.

‘അതുപോലെ തന്നെ, ഇതിനിടയില്‍ ചില വീഴ്ചകളും കയറ്റിറക്കങ്ങളും ഉണ്ടായേക്കാം. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം നമ്മള്‍ അത്യാവശ്യം സ്ഥിരതയുള്ള രീതിയിലാണ് കളിച്ചിട്ടുള്ളത്. നമ്മള്‍ എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്ക് വ്യക്തതയുണ്ട്, ശരിയായ ദിശയിലാണ് നമ്മള്‍ മുന്നേറുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടെസ്റ്റ് പരമ്പരകള്‍ കുറഞ്ഞത് മൂന്ന് മത്സരങ്ങളുള്ള രീതിയില്‍ വേണമൈന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്‌ക്കെതിരായ നിലവിലെ പരമ്പര രണ്ട് ടെസ്റ്റുകള്‍ മാത്രമുള്ളതാണ്.

‘വ്യക്തിപരമായി മൂന്ന് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പരകളാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ആദ്യ ടെസ്റ്റില്‍ തോല്‍ക്കുന്ന ഒരു ടീമിന് തിരികെ വരാനും പരമ്പര സ്വന്തമാക്കാനുമുള്ള അവസരം എപ്പോഴും ഉണ്ടായിരിക്കണം. എന്നാല്‍ രണ്ട് മത്സരങ്ങളുള്ള ഒരു പരമ്പരയില്‍ ആദ്യ മത്സരം തോറ്റാല്‍ പിന്നീട് പരമ്പര സമനിലയിലാക്കാന്‍ മാത്രമാണ് ആ ടീമിന് സാധിക്കുക,’ അദ്ദേഹം വ്യക്തമാക്കി.

നാളെ (ഓഗസ്റ്റ് 23) മുതലാണ് പരമ്പരയിലെ രണ്ടാം മത്സരം ആരംഭിക്കുന്നത്. കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഗ്രൗണ്ടാണ് വേദി.

Content Highlight: Gautam Gambhir gave a strong response to the criticism directed at him.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more