| Monday, 28th July 2025, 2:29 pm

വിജയം മാത്രം ലക്ഷ്യമിടുന്ന അഞ്ചാം ടെസ്റ്റില്‍ ബുംറയുണ്ടാകുമോ? സാധ്യതകള്‍ വ്യക്തമാക്കി ഗംഭീര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഓവലില്‍ നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയ്ക്ക് മുന്നോടിയായി വമ്പന്‍ വെളിപ്പെടുത്തലുമായി ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍. സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയടക്കമുള്ള എല്ലാ പേസര്‍മാരും പൂര്‍ണമായും ഫിറ്റാണെന്നും അവൈലബിളാണെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.

ജൂലൈ 31ന് ആരംഭിക്കുന്ന അവസാന ടെസ്റ്റിന് വെറും മൂന്ന് ദിവസം മാത്രം ബാക്കി നില്‍ക്കവെയാണ് പരിശീലകന്‍ ഇന്ത്യന്‍ സ്‌ക്വാഡിനെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചത്.

വര്‍ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഈ പരമ്പരയില്‍ ബുംറ മൂന്ന് മത്സരങ്ങള്‍ മാത്രമായിരിക്കും കളിക്കുക എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മൂന്ന് മത്സരങ്ങള്‍ ബുംറ കളിക്കുകയും ചെയ്തു. പരമ്പര സമനിലയില്‍ അവസാനിപ്പിക്കാന്‍ വിജയം അനിവാര്യമായ അഞ്ചാം ടെസ്റ്റില്‍ ബുംറയുടെ സേവനം ലഭ്യമാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

‘എല്ലാ ബൗളര്‍മാരും പൂര്‍ണ ആരോഗ്യവാന്‍മാരാണ്. ആരെയും പരിക്കുകളൊന്നും തന്നെ അലട്ടുന്നില്ല,’ മാഞ്ചസ്റ്റര്‍ ടെസ്റ്റിന് ശേഷം ഗംഭീര്‍ പറഞ്ഞു.

ബുംറ കളിക്കുമോ എന്ന ചോദ്യത്തിന്, ‘അവസാന ടെസ്റ്റിനായുള്ള കോമ്പിനേഷനുകളെ സംബന്ധിച്ച് ഇതുവരെ ചര്‍ച്ചകളൊന്നുമുണ്ടായിട്ടില്ല,’ എന്നാണ് ഗംഭീര്‍ പറഞ്ഞത്.

‘ബുംറ കളിക്കുന്നതിനെ കുറിച്ചുള്ള ഒരു തീരുമാനങ്ങളും ഇനിയുമെടുത്തിട്ടില്ല. ആര് തന്നെ കളിച്ചാലും അവര്‍ വിജയിക്കാന്‍ തന്നെയാകും ശ്രമിക്കുന്നത്,’ ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ നാലാം മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന്റെ അവസാന ദിവസം ഇന്ത്യയെ എറിഞ്ഞിടാന്‍ ബെന്‍ സ്റ്റോക്‌സിനും സംഘത്തിനും സാധിക്കാതെ വന്നതോടെയാണ് മത്സരം സമനിലയില്‍ അവസാനിച്ചത്.

സ്‌കോര്‍

ഇന്ത്യ: 358 & 425/4

ഇംഗ്ലണ്ട്: 669

മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ സമനിലയ്ക്ക് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം മത്സരം അവസാനിച്ചപ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് 2-1ന് മുമ്പിലാണ്.

ജൂലൈ 31 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം. ദി ഓവലാണ് വേദി.

നിലവില്‍ പിന്നില്‍ നില്‍ക്കുന്ന ഇന്ത്യയ്ക്ക് പരമ്പര പരാജയപ്പെടാതിരിക്കാന്‍ ഓവലില്‍ വിജയം അനിവാര്യമാണ്. അഞ്ചാം മത്സരത്തില്‍ വിജയിച്ചാല്‍ ഇന്ത്യയ്ക്ക് 2-2 എന്ന നിലയില്‍ പരമ്പര സമനിലയില്‍ അവസാനിപ്പിക്കാം. അതേസമയം, ആതിഥേയരായ ഇംഗ്ലണ്ടിന് പരമ്പര നേടാന്‍ അഞ്ചാം മത്സരത്തില്‍ പരാജയമൊഴിവാക്കിയാല്‍ മാത്രം മതിയാകും.

Content highlight: Gautam Gambhir about Jasprit Bumrah’s availability at 5th Test

We use cookies to give you the best possible experience. Learn more