2013ൽ പുറത്തിറങ്ങിയ ഫിലിപ്സ് ആൻഡ് ദി മങ്കി പെൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടനാണ് ഗൗരവ് മേനോൻ. ചിത്രത്തിലെ ഗൗരവിന്റെ ജുഗ്രു എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് 2015ൽ പുറത്തിറങ്ങിയ ബെൻ എന്ന സിനിമയിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാർഡും സംസ്ഥാന അവാർഡും ഗൗരവ് നേടിയിരുന്നു.
ഗൗരവ് മേനോന്റെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു സിനിമയായിരുന്നു 2015ൽ പുറത്തിറങ്ങിയ ജിലേബി. ജയസൂര്യ, രമ്യ നമ്പീശൻ, വിജയരാഘവൻ എന്നിവരായിരുന്നു ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തിയത്. ജയസൂര്യയോടൊപ്പമുള്ള ഗൗരവിന്റെ രണ്ടാമത്തെ സിനിമയായിരുന്നു ജിലേബി.
ഗൗരവ് മേനോൻ. Photo. Screen Grab/ Youtube
ഇപ്പോഴിതാ ‘പുലിമുരുകൻ’ സിനിമയിൽ അജാസ് അവതരിപ്പിച്ച കഥാപാത്രത്തിന് ശബ്ദം നൽകിയത് താനാണെന്നും, എന്നാൽ ചിത്രത്തിൽ അഭിനയിച്ചത് താനല്ലെന്നും തുറന്നുപറയുകയാണ് ഗൗരവമേനോൻ. ഡബ്ബ് ചെയ്തതും പിന്നീട് മുടി നീട്ടി വളർത്തിയതും കാരണം പലരും താനാണ് പുലിമുരുകനിൽ അഭിനയിച്ച കുട്ടിയെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ടെന്നും ഗൗരവമേനോൻ പറഞ്ഞു.
‘ശരിക്കും ‘പുലിമുരുകനിൽ’ ഡബ്ബ് ചെയ്തിരിക്കുന്നത് ഞാനാണ്. അജാസ് അഭിനയിച്ച കഥാപാത്രത്തിന് ഡബ്ബ് ചെയ്തത് ഞാനാണ്. പക്ഷേ അഭിനയിച്ചത് ഞാനല്ല. അത് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഒരു സമയത്ത് ഞാൻ മുടി നീട്ടി വളർത്തിയിരുന്നു. എന്റെ മുടി നന്നായി വളർന്നാൽ ഓട്ടോമാറ്റിക്കായി ഇങ്ങനെ ചുരുണ്ട് വരും. അന്ന് കുറെ പേർ ഞാൻ അജാസാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. ‘പുലിമുരുകനിൽ അഭിനയിച്ച കുട്ടിയല്ലേ, അജാസ് അല്ലെ എന്നൊക്കെ ഒരുപാട് പേർ ചോദിച്ചിരുന്നു,’ ഗൗരവ് മേനോൻ പറഞ്ഞു.
ഡബ്ബ് ചെയ്തത് താനായിരുന്നതിനാൽ ശബ്ദം കേട്ടും ചിലർ തെറ്റിദ്ധരിച്ചിരുന്നുവെന്നും ഗൗരവമേനോൻ പറയുന്നു. ‘സ്കൂൾ ബസ്’ എന്ന സിനിമയിൽ നേരത്തെ ഡബ്ബിങ് ചെയ്ത അനുഭവമാണ് ‘പുലിമുരുകനി’ലേക്ക് എത്താൻ കാരണമായതെന്നും താരം വ്യക്തമാക്കി.
‘ഡബ്ബ് ചെയ്തത് ഞാൻ ആയതുകൊണ്ടുതന്നെ എന്റെ സൗണ്ട് കേട്ടിട്ടും പലരും തെറ്റിദ്ധരിച്ചിട്ടുണ്ട്. സംസാരിക്കുമ്പോൾ പോലും ഞാൻ തന്നെയാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്ന് പലരും കരുതിയിട്ടുണ്ട്. ‘സ്കൂൾ ബസ്’ എന്ന സിനിമയിൽ അതിനുമുമ്പ് ഞാൻ ഡബ്ബിങ് ചെയ്തിട്ടുണ്ടായിരുന്നു. അങ്ങനെയാണ് ‘പുലിമുരുകനി’ലേക്ക് ഡബ്ബ് ചെയ്യാൻ എത്തുന്നത്,’ ഗൗരവ് പറഞ്ഞു.
അജാസ് അവതരിപ്പിച്ച കഥാപാത്രം തനിക്ക് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നില്ലെന്നും ഗൗരവമേനോൻ പറഞ്ഞു. ആ കഥാപാത്രം അജാസ് നന്നായി ചെയ്തിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
ഗൗരവ് മേനോൻ. Photo. Screen Grab/ Youtube. Facebook.com
‘എനിക്ക് ആ ക്യാരക്ടർ ചെയ്യണമെന്ന് തോന്നിയിട്ടില്ല. അജാസ് അത് നന്നായിട്ട് ചെയ്തിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിയിൽ പൊതുവേ കണ്ടുവരുന്ന കാര്യമാണ് ഒരാൾ ചെയ്യാൻ വിചാരിച്ചിരുന്ന കഥാപാത്രം മറ്റൊരാൾ വന്ന് ചെയ്യുന്നത്. ചില സമയത്ത് അതൊരു നല്ല കാര്യമായിട്ടും എനിക്ക് തോന്നാറുണ്ട്. ഓരോരുത്തർക്കും ഓരോന്ന് പറഞ്ഞു വച്ചിട്ടുണ്ട്. എനിക്കതിൽ വിഷമമൊന്നുമില്ല,’ ഗൗരവമേനോൻ പറഞ്ഞു.
Content Highlight: Gaurav Menon clarifies that he did not act in ‘Pulimurugan’