ഗുവാഹത്തി: ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ ‘വിദേശി’യായി പ്രഖ്യാപിച്ച മുസ്‌ലിം യുവതിയെ അപ്പീല്‍ പോകാന്‍ പോലും അവസരം നല്‍കാതെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയ സംഭവത്തില്‍ അസം സര്‍ക്കാറിനോട് പിഴ നല്‍കാന്‍ ആവശ്യപ്പെട്ട് ഗുവാഹത്തി ഹൈക്കോടതി. യുവതിക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ പിഴ നല്‍കാനാണ് കോടതി ഈ മാസം മൂന്നിന് ഉത്തരവിട്ടത്.
ജസ്റ്റിസ് കല്യാണ്‍ റായ് സുരാന, ജസ്റ്റിസ് സുസ്മിത ഫുകാന്‍ ഖൗണ്ട് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. ബംഗ്ലാദേശിലേക്ക് പുറത്താക്കപ്പെട്ട മുംതാസ് ബീഗം എന്ന യുവതിയുടെ ഭര്‍ത്താവ് മുജമ്മല്‍ ഹോക്ക് സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
ഇടക്കാല നഷ്ടപരിഹാരമായാണ് രണ്ട് ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കേണ്ടത്. 60 ദിവസത്തിനുള്ളില്‍ തുക നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ബെഞ്ച് നിര്‍ദേശിച്ചു. ഇത് അന്തിമ നഷ്ടപരിഹാരമല്ലെന്നും കോടതി വ്യക്തമാക്കി. ഇത് പ്രകാരം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹരജിക്കാര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാന്‍ സാധിക്കും.
കേസ് വീണ്ടും കേട്ടതിനുശേഷം കൂടുതല്‍ ഉത്തരവുകള്‍ ഉണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. സെപ്റ്റംബര്‍ 24 നാണ് കോടതി കേസ് ഇനി പരിഗണിക്കുക. ഈ വര്‍ഷം മെയ് മുപ്പതിനാണ് ബീഗത്തൈ ട്രൈബ്യൂണല്‍ വിദേശിയായി പ്രഖ്യാപിച്ചത്. കേസ് പുനപരിശോധിക്കണമെന്ന മുന്‍ ഹൈക്കോടതി നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു മെയ് 30 ന് ബീഗം ട്രൈബ്യൂണലില്‍ ഹാജരായത്.
നാഗാവോണിലെ ഫോറിനേഴ്‌സ് ട്രൈബ്യൂണലായിരുന്നു ബീഗത്തെ പുറത്താക്കാന്‍ ഉത്തരവിട്ടത്. അസമില്‍ പ്രവര്‍ത്തിക്കുന്ന അര്‍ധ ജുഡീഷ്യല്‍ സ്ഥാപനങ്ങളാണ് ഫോറിനേഴ്‌സ് ട്രൈബ്യൂണലുകള്‍. അനധികൃത കുടിയേറ്റക്കാരാണെന്ന് ആരോപിക്കപ്പെടുന്നവരെ ഇന്ത്യക്കാരാണോ വിദേശികളാണോ എന്ന് തീരുമാനിച്ച് ഉത്തരവിറക്കുന്നത് ഈ ട്രൈബ്യൂണലുകളാണ്.
നാടുകടത്തലുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലംഘിച്ച് ഒരാളെ ബംഗ്ലാദേശിലേക്ക് അയക്കാന്‍ നടപടിയെടുത്ത ഒരു സംഭവത്തില്‍ ഇതാദ്യമായാണ് അസം സര്‍ക്കാരിന് മേല്‍ കോടതി പിഴ ചുമത്തുന്നത്. ‘നിയമവിരുദ്ധമായ കുറ്റകൃത്യങ്ങള്‍’ ട്രൈബ്യൂണലിന്റെ ഭാഗത്ത് നിന്നുണ്ടായതായി രേഖകളില്‍ വ്യക്തമാണെന്നതടക്കമുള്ള നിരീക്ഷണങ്ങളും കോടതി നടത്തി.
ബീഗത്തിന്റെ കേസ് ട്രൈബ്യൂണല്‍ കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് കോടതി ആശങ്ക പ്രകടിപ്പിച്ചു. ട്രൈബ്യൂണല്‍ നിയമം ദുരുപയോഗം ചെയ്തതിന്റെ സൂചന രേഖകളില്‍ വ്യക്തമാണെന്ന് കോടതി നിരീക്ഷിച്ചു. ഫോറിന്‍ ട്രൈബ്യൂണലിനെ കടുത്ത ഭാഷയില്‍ കോടതി വിമര്‍ശിക്കുകയും ചെയ്തു.
ട്രൈബ്യൂണല്‍ ജഡ്ജി തന്റെ ഉത്തരവ് മനപൂര്‍വം വൈകിപ്പിച്ചതിനാല്‍ ബീഗത്തിന് കോടതിയെ സമീപിക്കാനുള്ള അവസരം നഷ്ടപ്പെട്ടു. അവരെ അസമില്‍ നിന്ന് പുറത്താക്കാന്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ഒത്തു ചേര്‍ന്ന് പ്രവര്‍ത്തിച്ചു. നിയമപരമായ പരിഹാര മാര്‍ഗങ്ങള്‍ മുഴുവന്‍ ഉപയോഗിക്കും മുമ്പ് മുംതാസിനെ രാജ്യത്തുനിന്ന് പുറത്താക്കിയെന്നും കോടതി നിരീക്ഷിച്ചു.
പൗരത്വം തെളിയിക്കാന്‍ ബീഗം സമര്‍പിച്ച തെളിവുകള്‍ പരിഗണിക്കുന്നതില്‍ പോലും ട്രൈബ്യൂണല്‍ വീഴ്ച വരുത്തി. ട്രൈബ്യൂണല്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാനുള്ള അവകാശം വിനിയോഗിക്കുന്നതില്‍ നിന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബീഗത്തെ തടഞ്ഞെന്നും കോടതി നിരീക്ഷിച്ചു.
മെയ് 30ലെ ഉത്തരവ് ബീഗത്തെ അറിയിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അറസ്റ്റ്. വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരെ പുറത്താക്കാനുള്ള പൊതു നടപടി ക്രമങ്ങളും ഇവരുടെ കേസില്‍ ലംഘിക്കപ്പെട്ടെന്നും കോടതി വ്യക്താക്കി. പുറത്താക്കുന്നതിന് മുമ്പ് ലഭ്യമായ നിയമപരമായ പരിഹാരങ്ങള്‍ ഉപയോഗിക്കാന്‍ ഒരു വ്യക്തിക്ക് അവസരം ലഭിക്കണം. അത് ഈ കേസിലുണ്ടായില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ വിദേശകാര്യ മന്ത്രാലയത്തെയും ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് കക്ഷിചേര്‍ത്തു. സ്ത്രീ ബംഗ്ലാദേശില്‍ എവിടെയെന്ന് കണ്ടെത്താനും അവരെ തിരിച്ച് ഇന്ത്യയിലേക്ക് എത്തിക്കാനും മന്ത്രാലയത്തോട് ആവശ്യപ്പെടും.
ജൂണ്‍ അവസാനം കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേട്ടിരുന്നു. അതിനു ശേഷമാണ് ബീഗത്തെ ബംഗ്ലാദേശിലേക്ക് നാട് കടത്തിയതായി അധികൃതര്‍ അറിയിച്ചത്. ജൂണ്‍ 14ന് അര്‍ധരാത്രി ശ്രീഭൂമി ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലെ ഒരു ചെക് പോയിന്റില്‍ വച്ച് ബീഗത്തെ അതിര്‍ത്തി സുരക്ഷാ സേനയുടെ സഹായത്തോടെ ബംഗ്ലാദേശിലേക്ക് അയച്ചെന്നാണ് അവര്‍ പറഞ്ഞത്.
മെയ് 30 ലെ ട്രൈബ്യൂണലിന്റെ ഉത്തരവ് തയ്യാറാക്കിയ തീയതിയും സമയവും സംബന്ധിച്ച് അന്വേഷിക്കാന്‍ അസം ആഭ്യന്തര വകുപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു. അഭിപ്രായം എപ്പോള്‍ എഴുതിയെന്ന് അറിയാന്‍ ആവശ്യമെങ്കില്‍ ട്രൈബ്യൂണല്‍ അംഗത്തിന്റെ കമ്പ്യൂട്ടര്‍ പിടിച്ചെടുക്കാമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവന്‍ സംഭവത്തിലും അന്വേഷണത്തിന് ഉത്തരവിടാന്‍ അസം ആഭ്യന്തര വകുപ്പിനോട് കോടതി ആവശ്യപ്പെട്ടു.
ഇനി മുതല്‍ ഒരാളെ വിദേശിയായി പ്രഖ്യാപിച്ച് കസ്റ്റഡിയിലാക്കും മുമ്പ് അവര്‍ക്കെതിരെ ട്രൈബ്യൂണല്‍ പുറപ്പടുവിച്ച അഭിപ്രായം അവരെ അറിയിക്കേണ്ടതുണ്ടെന്ന് സംസ്ഥാനത്തെ പൊലീസ് സൂപ്രണ്ടുമാരോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു.
Content Highlight: Gauhati HC orders Rs 2 lakh compensation for family of woman pushed into Bangladesh