| Saturday, 10th October 2026, 8:10 pm

റൊണാള്‍ഡോയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പോലും ഇനി ഇഷ്ടപ്പെടാന്‍ പ്രയാസമാകും, വെറുക്കുന്നവര്‍ക്കാകട്ടെ, വെറുപ്പ് ഇരട്ടിക്കും! തുറന്നടിച്ച് ഗാരി നെവില്‍

ആദർശ് എം.കെ.

പോര്‍ച്ചുഗല്‍ ക്യാമ്പില്‍ നിന്ന് പുറത്തുപോയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടിയെയും തുടര്‍ന്ന് അദ്ദേഹം നടത്തിയ പ്രസ്താവനയെയും വിമര്‍ശിച്ച് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഗാരി നെവില്‍.

മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്റെ മുന്‍ സഹതാരമായിരുന്ന റൊണാള്‍ഡോയുടെ ഈ പ്രവൃത്തി നിരാശാജനകമാണെന്ന് നെവില്‍ തുറന്നടിച്ചു.

ദി ഓവര്‍ലാപ്പ് ഡെയ്ലിയില്‍ സംസാരിക്കവെയാണ് ഗാരി നെവില്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

‘ഞാന്‍ വാസ്തവത്തില്‍ അദ്ദേഹത്തെ ഒരുപാട് സ്‌നേഹിക്കുന്നുണ്ട്. എങ്കിലും ആ പ്രസ്താവനയെ എനിക്ക് അംഗീകരിക്കാനോ, അദ്ദേഹം ചെയ്തത് നല്ല കാര്യമാണെന്ന് പറയാനോ കഴിയില്ല; അത് അദ്ദേഹത്തെ ഇഷ്ടപ്പെടാന്‍ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു.

നിങ്ങള്‍ അദ്ദേഹത്തെ സ്‌നേഹിക്കുന്ന ആളാണെങ്കില്‍, ഈ സംഭവം അദ്ദേഹത്തെ ഇഷ്ടപ്പെടുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കും. ഇനി നിങ്ങള്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍, ഇത് നിങ്ങളുടെ വെറുപ്പ് ഇരട്ടിയാക്കും.

എന്നാല്‍ മറ്റൊരു വര്‍ഷം കഴിഞ്ഞ് അദ്ദേഹം വിരമിച്ചു കഴിയുമ്പോള്‍, ഫുട്‌ബോളിലെ അദ്ദേഹത്തിന്റെ മഹത്വത്തെക്കുറിച്ചാകും നമ്മള്‍ ഓര്‍ക്കുക, ആളുകള്‍ ഈ ഒടുവിലത്തെ സംഭവങ്ങള്‍ ഓര്‍ക്കില്ല,’ നെവില്‍ പറഞ്ഞു.

മാത്രമല്ല, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ റൊണാള്‍ഡോ രണ്ടാം തവണ കളിക്കാനെത്തിയ സമയത്തെ പെരുമാറ്റത്തിലും തനിക്ക് അതൃപ്തിയുണ്ടായിരുന്നതായി നെവില്‍ ഓര്‍മിച്ചു.

താന്‍ കരിയറിന്റെ തുടക്കത്തില്‍ യുണൈറ്റഡില്‍ എത്തിയപ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ തന്നോട് കാണിച്ച ക്ഷമയും സഹിഷ്ണുതയും റൊണാള്‍ഡോ യുവതാരങ്ങളോട് കാണിച്ചില്ലെന്നാണ് നെവില്‍ അഭിപ്രായപ്പെട്ടത്.

‘എനിക്ക് ഇത് ബുദ്ധിമുട്ടായി തോന്നുന്നു; കാരണം, 18 വയസ്സുള്ള ഒരു കുട്ടിയായി അവന്‍ യുണൈറ്റഡില്‍ എത്തിയ കാലം എനിക്ക് ഓര്‍മയുണ്ട്. ചുരുങ്ങിയത് രണ്ടോ മൂന്നോ വര്‍ഷത്തോളം അവന്‍ പല കാര്യങ്ങളിലും അപൂര്‍ണനായിരുന്നു. എന്നാല്‍ അവന്റെ കളിയിലെ കണക്കുകള്‍ അവിശ്വസനീയമാണ്.

ഞങ്ങള്‍ ചെറുപ്പമായിരുന്നപ്പോള്‍ മുതിര്‍ന്ന താരങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയ ക്ഷമയും സഹിഷ്ണുതയും അത്രയേറെ വലുതായിരുന്നു. എന്നാല്‍ റൊണാള്‍ഡോ യുണൈറ്റഡില്‍ തിരിച്ചെത്തിയപ്പോള്‍, ക്ലബ്ബിലെ യുവതാരങ്ങളോട് അവന്‍ അതേ രീതിയില്‍ പെരുമാറിയെന്ന് ഞാന്‍ കരുതുന്നില്ല, അത് എനിക്ക് ബുദ്ധിമുട്ടായി തോന്നി,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെന്‍മാര്‍ക്കിനെതിരായ മത്സരത്തിന് തൊട്ടുമുമ്പാണ് കോച്ച് ജോര്‍ജ് ജീസസുമായുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് റൊണാള്‍ഡോ പോര്‍ച്ചുഗല്‍ സ്‌ക്വാഡ് വിട്ടത്. ജീസസിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ താരം പരിശീലന ക്യാമ്പ് വിടുകയായിരുന്നു. തുടര്‍ന്ന് പുറത്തിറക്കിയ ദീര്‍ഘമായ പ്രസ്താവനയില്‍, പോര്‍ച്ചുഗല്‍ കോച്ചിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് റൊണാള്‍ഡോ ഉന്നയിച്ചത്.

യുവേഫ നേഷന്‍സ് ലീഗില്‍ നോര്‍വെക്കെതിരായ മത്സരത്തില്‍ കോച്ച് തന്നെ കളിപ്പിക്കാതിരുന്നതില്‍ തനിക്ക് കടുത്ത നിരാശയുണ്ടായെന്നും തനിക്ക് നല്‍കിയ വാക്ക് കോച്ച് പാലിച്ചില്ലെന്നും റൊണാള്‍ഡോ തന്റെ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

എങ്കിലും, തന്റെ പെട്ടെന്നുള്ള യാത്രയേപ്പറ്റി സഹതാരങ്ങളോടും പോര്‍ച്ചുഗീസ് ജനതയോടും അദ്ദേഹം മാപ്പ് പറയുകയും ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന ഏത് ശിക്ഷയും സ്വീകരിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ, താന്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

Content highlight: Gary Neville slams Cristiano Ronaldo

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more