| Friday, 31st October 2025, 3:02 pm

നാറ്റം നിങ്ങളുമറിയണം; ബെംഗളൂരുവില്‍ മാലിന്യം വലിച്ചെറിയുന്നവരുടെ വീടിന് മുന്നില്‍ 'മാലിന്യനിക്ഷേപ ക്യാമ്പയിന്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: കര്‍ണാടകയില്‍ വേറിട്ട മാലിന്യനിക്ഷേപ ബോധവത്ക്കരണവുമായി ബെംഗളൂരു സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ലിമിറ്റഡ്. പതിവായി മാലിന്യം വലിച്ചെറിയുന്നവരുടെ വീടിന് മുന്നില്‍ ബി.എസ്.ഡബ്ല്യൂ.എം.എല്‍ തിരികെ മാലിന്യം നിക്ഷേപിച്ചുകൊണ്ടുള്ള ക്യാമ്പയിന് തുടക്കം കുറിച്ചു. ഇന്നലെ (ഒക്ടോബര്‍ 30) മുതലാണ് ഈ യജ്ഞത്തിന് ആരംഭമായത്. ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റിയുടേതാണ് നടപടി.

നഗരത്തിലെ മാലിന്യനിക്ഷേപ പരിപാടികള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് ബെംഗളൂരു അധികൃതരുടെ പുതിയ നീക്കം. ‘കസ സുരിസുവ ഹബ്ബ’ അഥവാ ‘മാലിന്യ നിക്ഷേപ ഉത്സവം’ എന്ന പേരിലാണ് പുതിയ പദ്ധതിയ്ക്ക് തുടക്കമിട്ടിരിക്കുന്നത്.

മാലിന്യം വലിച്ചെറിയുന്നവരുടെ വീടിന് മുന്നില്‍ അതേ മാലിന്യം നിക്ഷേപിച്ചുകൊണ്ടാണ് അധികൃതര്‍ പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ശ്രമിക്കുന്നത്. ഇതിനായി പ്രത്യേകം ജീവനക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബി.എസ്.ഡബ്ല്യൂ.എം.എല്‍ പറഞ്ഞു.

മാലിന്യം കുമിഞ്ഞുകൂടിയ ബെംഗളൂരുവിലെ ചില മേഖലകള്‍ തൊഴിലാളികള്‍ തന്നെ വൃത്തിയാക്കുന്നുണ്ട്. മറ്റു ചില മേഖലകളില്‍ മാലിന്യം വലിച്ചെറിയുന്ന താമസക്കാരില്‍ നിന്ന് പിഴ ഈടാക്കുന്നുണ്ടെന്നും ബി.എസ്.ഡബ്ല്യൂ.എം.എല്‍ ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു.

200ഓളം വീടുകള്‍ ലക്ഷ്യമിട്ടാണ് ‘കസ സുരിസുവ ഹബ്ബ’ നടപ്പിലാക്കാന്‍ തീരുമാനിച്ചതെന്നും വരും ആഴ്ചകളില്‍ പദ്ധതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ബി.എസ്.ഡബ്ല്യൂ.എം.എല്‍ പറഞ്ഞു. വ്യത്യസ്തമായ ഏതാനും ബോധവത്ക്കരണ ക്യാമ്പയിനുകള്‍ ആലോചനയിലുണ്ടെന്നും നഗരസഭ അറിയിച്ചു.

ഇനിയും നിയമം ലംഘിക്കുകയാണെങ്കില്‍ 2,000 മുതല്‍ 10,000 രൂപ വരെ പിഴ ചുമത്തുന്നത് കര്‍ശനമാക്കുമെന്ന് ബി.എസ്.ഡബ്ല്യൂ.എം.എല്‍ മാനേജിങ് ഡയറക്ടര്‍ കരി ഗൗഡ പറഞ്ഞു. അടുത്തിടെ പൊതുയിടങ്ങളില്‍ നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിക്കുന്നവരില്‍ നിന്ന് 10,000 രൂപ പിഴ ഈടാക്കിയിരുന്നു.

നിലവില്‍ നഗരസഭയുടെ പുതിയ പദ്ധതിയില്‍ താമസക്കാര്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തുന്നതില്‍ ചില അധികൃതര്‍ക്ക് പിഴവ് സംഭവിക്കുന്നുണ്ടെന്നാണ് ഒരു വിഭാഗം ആളുകളുടെ വാദം.

എന്നാല്‍ വിവാദ പദ്ധതി നടപ്പിലാക്കി തുടങ്ങിയതോടെ മാലിന്യം വലിച്ചെറിയുന്നത് 869 ശതമാനത്തില്‍ നിന്ന് 150 ആയി കുറഞ്ഞുവെന്ന് നഗരസഭാ ഉദ്യോഗസ്ഥര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.

Content Highlight: ‘Garbage dumping campaign’ in front of the houses of those who throw garbage in Bengaluru

We use cookies to give you the best possible experience. Learn more