ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ നിന്നുള്ള 16കാരിയായ വിദ്യാര്‍ഥിനിയെ ഓടിക്കൊണ്ടിരുന്ന സ്ലീപ്പര്‍ ബസില്‍ കൂട്ടബലാത്സംഗം ചെയ്തതായി പരാതി.
സംഭവത്തില്‍ ബസ് ഡ്രൈവറെയും കണ്ടക്ടറെയും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് നാലിനായിരുന്നു സംഭവം.
കുടുംബവുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍നിന്ന് ഇറങ്ങിയ പെണ്‍കുട്ടി നോയിഡയിലുള്ള ബന്ധുവിനെ കാണാന്‍ പോകുന്നതിനിടെ കനത്ത മഴയില്‍ വഴിതെറ്റുകയായിരുന്നു.
നോയിഡയിലെ പാരിചൗക്കില്‍ ഇറങ്ങിയ പെണ്‍കുട്ടി സഹായം തേടിയതിനെ തുടര്‍ന്ന് അതുവഴി എത്തിയ ഒഴിഞ്ഞ സ്ലീപ്പര്‍ ബസ് നിര്‍ത്തുകയും നോയിഡയിലേക്ക് പോകുകയാണെന്ന് പറഞ്ഞ് ഡ്രൈവറും കണ്ടക്ടറും പെണ്‍കുട്ടിയെ ബസില്‍ കയറ്റിയെന്ന് പൊലീസ് പറഞ്ഞു.
ബസ് യാത്ര ആരംഭിച്ചതിന് പിന്നാലെ കണ്ടക്ടര്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറുകയും പിന്നീട് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തെ എതിര്‍ത്തപ്പോള്‍ ഇരുവരും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. തുടര്‍ന്ന് ബസ് ഏകദേശം 47 കിലോമീറ്റര്‍ സഞ്ചരിച്ച് ദല്‍ഹി കശ്മീരി ഗേറ്റിന് സമീപം എത്തിയ ശേഷം പെണ്‍കുട്ടിയെ റോഡില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു.
കശ്മീരി ഗേറ്റ് പൊലീസിനെ സമീപിച്ച പെണ്‍കുട്ടിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ചു. തിമാര്‍പൂരിലെ ബസ് പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ബസ് കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്കായി അയച്ചു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
Content Highlights: Gang-rape on a moving bus in Delhi; driver and conductor arrested.