തിരുവനന്തപുരം: ഗണേഷ് കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷ ബഹളം.
ബഹളത്തെ തുടര്‍ന്ന് സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു. രാവിലെ 8.30ന് സഭ തുടങ്ങി ചോദ്യോത്തര വേള ആരംഭിച്ചതിന് തൊട്ടു പിന്നാലെ പ്രതിപക്ഷം ബഹളവുമായി രംഗത്തുവരികയായിരുന്നു. []
ഗണേഷിന്റെ രാജി സംബന്ധിച്ച വാര്‍ത്തകളുള്ള പത്രതാളുകള്‍ ഉയര്‍ത്തികാട്ടിയാണ് പ്രതിപക്ഷം ബഹളം വെച്ചത്. ചോദ്യോത്തരവേളക്ക് ശേഷം വിഷയത്തിലേക്ക് വരാമെന്ന് സ്പീക്കര്‍ പലതവണ പറഞ്ഞെങ്കിലും പ്രതിപക്ഷം ഇത് ചെവിക്കൊണ്ടില്ല.
ബഹളം നിയന്ത്രണാതീതമായതോടെ സ്പീക്കര്‍ സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി അറിയിച്ചു. ചോദ്യോത്തര വേള നിര്‍ത്തി വെക്കുന്നത് കീഴ്‌വഴക്കമല്ലെന്ന് പറഞ്ഞാണ് സ്പീക്കര്‍ സഭ നിര്‍ത്തിവച്ചത്. ഗാര്‍ഹിക പീഡന നിയമം ലംഘിച്ച മുഖ്യമന്ത്രി രാജി വെക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതിയുമായി ചെന്ന യാമിനിയുടെ രേഖാമൂലമുള്ള പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ല എന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം.
മുഖ്യമന്ത്രി നിയമം ലംഘിച്ചുവെന്നും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്നും പ്രതിപക്ഷം ആരോപിച്ചു. മുഖ്യമന്ത്രി നിയമവിരുദ്ധ പ്രവൃത്തി നടത്തി.
തന്റെ പരാതി മുഖ്യമന്ത്രി സ്വീകരിച്ചില്ലെന്ന ഡോ. യാമിനിയുടെ വാക്കുകള്‍ ഉയര്‍ത്തിപ്പിടിച്ചാണ് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചത്. ഗാര്‍ഹിക പീഡനപരാതി സ്വീകരിക്കാത്ത മുഖ്യമന്ത്രി കടുത്ത നിയമലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. തല്‍സ്ഥാനത്ത് തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും പ്രതിപക്ഷം നിയമസഭയില്‍ അറിയിച്ചു.
കെ.ബി.ഗണേഷ് കുമാര്‍ വിഷയത്തില്‍ മുന്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഗണേഷിന്റെ ഭാര്യ ഡോ.യാമിനി തങ്കച്ചി തനിക്ക് ഇന്നലെ രാത്രി രണ്ടു പരാതികള്‍ നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. ഇതില്‍ ഒന്നു പ്രശ്‌നം രൂക്ഷമായ മാര്‍ച്ച് ആറിനു തയാറാക്കിയ പരാതിയാണ്. എന്നാല്‍ നേരത്തെ യാമിനി പരാതി നല്‍കിയിരുന്നില്ല.
അച്ഛനെ പോലെ കാണുന്നയാളോടു പരാതിപ്പെടുകയാണെന്നാണു നേരത്തെ യാമിനി പറഞ്ഞത്. ആ നിലയില്‍ പ്രശ്‌നം തീര്‍ക്കാനാണു ശ്രമിച്ചത്. ഒരു കുടുംബകാര്യം കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട പക്വതയും മര്യാദയുമാണു താന്‍ ഇക്കാര്യത്തില്‍ കാണിച്ചത്.
ഗണേഷിന്റെയും യാമിനിയുടെയും പരാതികളില്‍ നിയമപരമായ നടപടികള്‍ കൈക്കൈാള്ളും. അതില്‍ യാതൊരു വീഴ്ചയും വരുത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗണേഷ് കുമാര്‍ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു ഉമ്മന്‍ ചാണ്ടി.