| Saturday, 28th February 2026, 3:03 pm

അതിനെന്താ മോനെ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി; ഗുഡ് വിൽ അംബാസിഡറാകാൻ പണം വേണ്ട എന്ന് പറഞ്ഞു: ഗണേഷ് കുമാർ

നന്ദന എം.സി

മലയാളികളുടെ പ്രിയ നടനാണ് മോഹൻലാൽ. ഇപ്പോളിതാ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ കെ.എസ്.ആർ.ടി.സിയുടെ പുതിയ പരസ്യം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. മോഹൻലാൽ കേന്ദ്രകഥാപാത്രമായ ഈ പരസ്യം, അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള ആദ്യയാത്രയും കെ.എസ്.ആർ.ടി.സി ബസുമായുള്ള ആത്മബന്ധവും മനോഹരമായി അവതരിപ്പിക്കുന്നുണ്ട്.

‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ’ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി കെ.എസ്.ആർ.ടി.സിയിൽ കയറിയ ഓർമകളാണ് പരസ്യത്തിൽ മോഹൻലാൽ പങ്കുവെക്കുന്നത്. ആ യാത്ര തന്റെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് അന്ന് കരുതിയിരുന്നില്ലെന്നും താരം കൂട്ടിച്ചേർത്തു.

ഈ പരസ്യം മോഹൻലാൽ സൗജന്യമായാണ് ചെയ്തതെന്ന് പറയുകയയാണ് മന്ത്രി ഗണേഷ് കുമാർ. മനോരമ ന്യൂസിന്റെ ‘മന്ത്രിക്ക് മാർക്കെത്ര’ എന്ന അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. സിനിമയുടെ സെറ്റിൽ വച്ചാണ് താൻ മോഹൻലാലിനോട് കെ.എസ്.ആർ.ടി.സിക്കായി രണ്ട് പരസ്യങ്ങൾ ചെയ്യാമോ എന്ന് ചോദിച്ചതെന്നും, ‘അതിനെന്താ മോനെ’ എന്നായിരുന്നു മറുപടിയെന്നും ഗണേഷ് കുമാർ പറഞ്ഞു.

മോഹൻലാൽ, Photo: YouTube/ Screengrab

‘ലാലേട്ടനൊപ്പം തുടക്കം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചിരുന്നു. കെ.എസ്.ആർ.ടി.സിക്ക് വേണ്ടി രണ്ട് പരസ്യമെടുത്ത് തരുമോന്ന് അന്ന് ഞാൻ ചോദിച്ചു. അതിനെന്താ മോനെ എന്നായിരുന്നു മറുപടി. ചേട്ടാ ബ്രാൻഡ് അംബാസിഡറായി നിൽക്കാമോയെന്ന് ഞാൻ ചോദിച്ചു. ബ്രാൻഡ് അംബാസിഡർ പൈസ വാങ്ങിയാണ് നിൽക്കുന്നത്, ഗുഡ് വിൽ അംബാസിഡറാകാൻ പണം വേണ്ട എന്ന് പറഞ്ഞു.

അദ്ദേഹത്തിൻറെ പ്രതികരണം അതായിരുന്നു. ആ മറുപടി എന്നെ അത്ഭുതപ്പെടുത്തി. കാരണം ഒരു നിമിഷം അദ്ദേഹം ആലോചിച്ചില്ല എന്നുള്ളതാണ്. നാളെ ആകട്ടെ എന്നും പറഞ്ഞില്ല. ഒരു ഫൈറ്റ് സീൻ ഷൂട്ട് ചെയ്യുമ്പോഴാണിത്.

മോഹൻലാലിനെ അംബാസിഡറാക്കിയതിൽ പലരും വിമർശനം ഉന്നയിച്ചിരുന്നു. ഇലക്ഷൻ സ്റ്റണ്ടാണെന്ന് പറഞ്ഞു. പക്ഷേ അതി മനോഹരമായ രണ്ട് പരസ്യങ്ങളാണ് എടുത്തിട്ടുള്ളത്. മോഹൻലാൽ എന്ന മനുഷ്യൻറെ ഹൃദയസ്പർശിയായ സംഭാഷണമാണ് പരസ്യത്തിലുള്ളത്. ഇതിൽ യാതൊരു കൃത്രിമത്വവും ഇല്ല.

മോഹൻലാൽ എന്ന നടൻ എങ്ങനെ കെ.എസ്.ആർ.ടി.സിയെ കാണുന്നു എന്നുള്ളതാണ്. വളരെ ഹൃദയസ്പർശിയായിട്ടുള്ള പരസ്യമാണ്. പ്രിയദർശനാണ് ചിത്രീകരണം. അദ്ദേഹവും സൗജന്യമായാണ് പരസ്യം ചെയ്തത്. നന്ദിയോടെ അത് ഞാൻ ഓർക്കുകയാണ്,’ ഗണേഷ് പറഞ്ഞു.

കേരളത്തിന്റെ പൊതുസ്വത്താണ് മോഹൻലാൽ എന്ന് പറയുമ്പോൾ ഇത്തരത്തിൽ നമ്മുടെ നാടിന്റെ പൊതു മേഖലയ്ക്ക് വേണ്ടി അദ്ദേഹം മുന്നിട്ട് ഇറങ്ങി വന്ന് പ്രവർത്തിക്കുന്നത് ആദ്യമായിട്ടല്ല കാണുന്നതെന്നും പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പലരും പങ്കുവെക്കുന്നു.

എയ്ഡ്സ് ബോധവൽക്കരണം, സുരക്ഷിതമായ ഡ്രൈവിങ് തുടങ്ങി പൊതുജനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ അവരിലേക്ക് എത്തിക്കാൻ സർക്കാർ സംവിധാനങ്ങൾക്ക് ഒപ്പം പൈസ വാങ്ങാതെ തന്നെ എല്ലാ കാലത്തും മോഹൻലാൽ നിന്നിട്ടുണ്ടെന്നും അവർ ഓർത്തെടുത്തു പറയുന്നു.

Content Highlight: Ganesh Kumar talk abouty Mohanlal

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more