| Friday, 28th October 2011, 11:26 am

അധ്യാപകനെ ‘കൈകാര്യം’ ചെയ്തതാണെന്ന് മന്ത്രി ഗണേഷിന്റെ സ്ഥിരീകരണം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: വാളകത്ത് പരിക്കേറ്റ അധ്യാപകന് നേരെ നടന്നത് ആക്രമണമാണെന്ന് മന്ത്രി കെ.ബി ഗേഷ്‌കുമാറിന്റെ സ്ഥിരീകരണം. ഇന്നലെ പത്തനാപുരത്ത് ഗണേഷ്‌കുമാര്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

“വി.എസ് അച്ച്യുതാനന്ദന്റെ ഞരമ്പുരോഗം ഒരു പ്രായം കഴിഞ്ഞപ്പോള്‍ കാമഭ്രാന്തായി മാറിയതാണ്. വാളകം കേസിലെ അധ്യാപകന്‍ കൃഷ്ണകുമാറിന് ഇത്തരത്തിലുള്ള കുഴപ്പമുണ്ടായിരുന്നിരിക്കാം. അതു പിടിക്കപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തുണ്ടായ കുഴപ്പമായിരിക്കാം. അത് തന്റെയും പിതാവിന്റെയും തലയില്‍ കെട്ടിവയ്ക്കുകയാണ് വി.എസ് ചെയ്യുന്നത്. ഏതാണ്ടൊരു സാധനം അധ്യാപകന്റെ എവിടെയോ കയറ്റിയെന്നാണ് പറയുന്നത്. ഇനി അതു കൊണ്ട് ഉപയോഗമില്ല, കൊള്ളത്തില്ല എന്നൊക്കെയാണ് പറയുന്നത്.

അധ്യാപകന്‍ കൃഷ്ണകുമാറിന് സംഭവിച്ചതു പോലെ എന്തോ ഒന്ന് മുമ്പ് അച്യുതാനന്ദനും സംഭവിച്ചിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു”- തുടങ്ങി വിവാദമായ പരാമര്‍ശങ്ങളടങ്ങിയതായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രസ്താവന.

വി.എസ് അച്ച്യുതാനന്ദന്‍ ഇതു പോലെ ആക്രമിക്കപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായുള്ള ഗണേഷ്‌കുമാറിന്റെ പ്രസ്താവന, അധ്യാപകനെതിരെ നടന്നത് ആക്രമണമാണെന്ന് സ്ഥിരീകരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. അധ്യാപകനെ നാട്ടുകാര്‍ കൈകാര്യം ചെയ്തതായിരിക്കാമെന്ന പ്രസ്താവനയും മറ്റൊരു തരത്തില്‍ ആക്രമണമാണ് നടന്നതെന്ന് ശരിവെക്കുകയാണ് ചെയ്യുന്നത്. അധ്യാപകന്‍ ആക്രമിക്കപ്പെട്ടതാണെന്ന തരത്തില്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നുണ്ടാകുന്ന ആദ്യ സ്ഥിരീകരണമാണിത്.

വാളകത്ത് അധ്യാപകന് പരിക്കേറ്റത് വാഹനാപകടത്തിലാണെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ടായിരുന്നത്. അധ്യാപകന്‍ പരിക്കേറ്റ് റോഡരികില്‍ കിടക്കുന്നതായി ഒരു സാക്ഷി മൊഴി ലഭിക്കുകയും ചെയ്തിരുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ പരിക്ക് വാഹനാപകടം കാരണമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. എന്നാല്‍ അധ്യാപകനെതിരെ നടന്ന ആക്രമണം വാഹനാപകടമാക്കി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചന നടത്തുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.

ഇതിനിടെയാണ് അധ്യാപകന്‍ ആക്രമിക്കപ്പെട്ടത് തന്നെയാണെന്ന് വിവാദത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഗണേഷ്‌കുമാര്‍ പറഞ്ഞത്.

ഗണേഷ്‌കുമാറിന്റെ പ്രസ്താവന വിവാദമായതോടെ ഇന്ന് നിയമസഭയില്‍ മന്ത്രി മാപ്പ് പറഞ്ഞുവെങ്കിലും അത് വി.എസ് അച്ച്യുതാനന്ദനെതിരെ നടത്തിയ പ്രസ്താവനയില്‍ മാത്രമാണ്. പ്രസംഗത്തിലെ വിവാദമായ മറ്റ് പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ മാപ്പ് പറയാനോ ഗണേഷ് തയ്യാറായിട്ടില്ല. ക്ഷമ ചോദിച്ചത് തന്നെ അച്ച്യുതാനന്ദന് പ്രായക്കൂടുതലുള്ളതുകൊണ്ട് മാത്രമാണെന്നാണ് ഗണേഷ് പറഞ്ഞത്. വി.എസിനെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ചെങ്കിലും അധ്യാപകന്‍ കാമഭ്രാന്തനാണെന്നും അത് പിടിക്കപ്പെട്ടപ്പോള്‍ നാട്ടുകാര്‍ കൈകാര്യം ചെയ്തതായിരിക്കാമെന്നും പറഞ്ഞത് പിന്‍വലിക്കാനോ മാപ്പ് പറയാനോ അദ്ദേഹം ഗണേഷ് തയ്യാറായിട്ടില്ല.

അതേസമയം വാളകത്ത് അധ്യാപകനെ ആരോ കൈകാര്യം ചെയ്തതാണെന്ന് ഗണേഷ് കുമാറിന്റെ പ്രസ്താവനിയലൂടെ വ്യക്തമായിരിക്കയാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

We use cookies to give you the best possible experience. Learn more