| Friday, 29th March 2019, 3:41 pm

അച്ഛന്‍ വേദിയില്‍ കുഴഞ്ഞുവീണപ്പോള്‍ പൊലീസ് തിരിഞ്ഞുനോക്കിയില്ല: വിമര്‍ശനവുമായി ഗണേഷ് കുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിക്കിടെ ആര്‍. ബാലകൃഷ്ണപിള്ള കുഴഞ്ഞു വീണപ്പോള്‍ പൊലീസ് വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന് മകനും എം.എല്‍.എയുമായ കെ.ബി ഗണേഷ് കുമാര്‍.

ക്യാബിനറ്റു റാങ്കുള്ള ബാലകൃഷ്ണപിള്ള പ്രസംഗവേദിയില്‍ കുഴഞ്ഞു വീണപ്പോള്‍ പൊലീസ് നോക്കിനില്‍ക്കുകയായിരുന്നെന്നും തികച്ചും നിരുത്തരവാദിത്തപരായ സമീപനമായിരുന്നു ഇതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ശ്രമിക്കേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇക്കാര്യം കൊല്ലം എസ്.പിയോട് പറഞ്ഞതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.


ആ ഐഡിയ കിട്ടിയത് മോദിയുടെ പ്രസംഗത്തില്‍ നിന്ന്; മിനിമം വരുമാന പദ്ധതിയില്‍ മനസുതുറന്ന് രാഹുല്‍


കോട്ടുക്കലില്‍ സമ്മേളനസ്ഥലത്ത് പോലീസ് ഉണ്ടായിട്ടും ആര്‍.ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ട സഹായം ലഭിച്ചില്ലെന്ന് കേരള കോണ്‍ഗ്രസ്(ബി) യും ആരോപിച്ചിരുന്നു. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായതിനാല്‍ ക്യാബിനറ്റ് റാങ്കുള്ളയാളാണ് പിള്ള. വേദിയില്‍നിന്ന് കാറിലേക്ക് പിള്ളയെ കൊണ്ടുവരുന്നതിനോ ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനോ പോലീസ് സഹായിച്ചില്ലെന്നും കേരള കോണ്‍ഗ്രസ് ബി കുറ്റപ്പെടുത്തി.

സ്ഥലത്തുണ്ടായിരുന്ന പോലീസ് കാഴ്ചക്കാരായി നില്‍ക്കുകയായിരുന്നു. വാഹനം കടന്നുപോകുന്നതിന് വഴിയൊരുക്കുന്നതിനോ ചികിത്സ ലഭ്യമാക്കുന്നതിനോ പോലീസ് ഇടപെട്ടില്ല. ഇതിനെതിരേ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുമെന്നും കേരള കോണ്‍ഗ്രസ്(ബി) ജില്ലാ പ്രസിഡന്റ് എ.ഷാജു പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം അഞ്ചല്‍ കോട്ടുകാലില്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പ്രസംഗിക്കുന്നതിനിടെയാണ് ബാലകൃഷ്ണപിള്ള തളര്‍ന്നുവീണത്. ഈ സമയം കുറച്ചു പൊലീസുകാര്‍ വേദിക്കു സമീപത്തു ഉണ്ടായിരുന്നെങ്കിലും ബാലകൃഷ്ണപിള്ളയെ പരിചരിക്കാനോ ആശുപത്രിയിലെത്തിക്കാനോ ശ്രമിച്ചിരുന്നില്ല.

We use cookies to give you the best possible experience. Learn more