| Tuesday, 26th August 2025, 4:07 pm

മാപ്പ് ! മനപൂര്‍വമല്ല; നിയമസഭയില്‍ ആര്‍.എസ്.എസ് ഗണഗീതം ചൊല്ലിയതില്‍ ഡി.കെ ശിവകുമാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: നിയമസഭയില്‍ ആര്‍.എസ്.എസ് ഗണഗീതം ചൊല്ലിയതില്‍ മാപ്പ് പറഞ്ഞ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍. കോണ്‍ഗ്രസ് നേതാക്കളെയോ ഇന്ത്യ ബ്ലോക്കിനെയോ വേദനിപ്പിക്കാനായിരുന്നില്ല തന്റെ ഉദ്ദേശമെന്ന് ഡി.കെ ശിവകുമാര്‍ പറഞ്ഞു.

ബി.ജെ.പിയെ ലക്ഷ്യമിട്ടുള്ള ഒരു തമാശ മാത്രമായിരുന്നു താന്‍ ഉദ്ദേശിച്ചതെന്നും ശിവകുമാര്‍ പറഞ്ഞു. എന്നാല്‍ ചിലര്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി അത് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഗാന്ധി കുടുംബത്തെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഞാന്‍ ജന്മം കൊണ്ട് തന്നെ ഒരു കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസുകാരനായി തന്നെ മരിക്കുകയും ചെയ്യും. ഞാന്‍ ഒരു തെറ്റ് ചെയ്തുവെന്ന് നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍, ഇപ്പോഴും ക്ഷമ ചോദിക്കാന്‍ തയ്യാറാണ്,’ ഡി.കെ ശിവകുമാര്‍ പറഞ്ഞു.

നിയമസഭയില്‍ ഗണഗീതം ആലപിച്ചത് ബി.ജെ.പിയുടെ ശ്രദ്ധ ആകര്‍ഷിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. തന്റെ ചില സുഹൃത്തുക്കള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഇത് ദുരുപയോഗം ചെയ്തെന്നും ഇതുവഴി ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിച്ചെന്നും ശിവകുമാര്‍ ആരോപിച്ചു.

‘എന്റെ ഉദ്ദേശം ഒരിക്കലും ആര്‍.എസ്.എസിനെ പ്രശംസിക്കുകയായിരുന്നില്ല. 1980-ല്‍ ഞാന്‍ ഒരു കോണ്‍ഗ്രസുകാരനായി രാഷ്ട്രീയ ജീവിതം തുടങ്ങി. രാജ്യത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ചരിത്രം ഞാന്‍ പഠിച്ചിട്ടുണ്ട്.

ബി.ജെ.പി. എന്നെ പീഡിപ്പിക്കുകയും തീഹാര്‍ ജയിലിലടക്കുകയും ചെയ്തു. ജയിലില്‍ അവര്‍ എന്നെ ദുരിതത്തിലാക്കി. ആരുടെയും വികാരം വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍, എനിക്ക് അവരോട് സഹതാപം തോന്നുന്നു. എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,’ ശിവകുമാര്‍ പറഞ്ഞു.

പാര്‍ട്ടിക്കുള്ളിലും പുറത്തും തനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടെന്നും അവരുമായി ഒരു തര്‍ക്കത്തിന് താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 24-ന് ചിന്നസ്വാമി സ്റ്റേഡിയത്തിലെ തിരക്കിനെക്കുറിച്ച് സഭയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു ‘നമസ്തേ സദാ വത്സലേ’ എന്ന ആര്‍.എസ്.എസ് ഗണഗീതം ഡി.കെ ശിവകുമാര്‍ ആലപിച്ചത്. പിന്നാലെ ഇത് വലിയ വിവാദമായി.

നിയമസഭയ്ക്കുള്ളില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച് ഡി.കെ ശിവകുമാര്‍ ആരെയെങ്കിലും സ്വാധീനിക്കാന്‍ ശ്രമിക്കുകയാണോ എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ ബി.കെ. ഹരിപ്രസാദ് ചോദിച്ചിരുന്നു.

ആര്‍.എസ്.എസ് ഗണഗീതം പാടിയതുകൊണ്ട് ശിവകുമാര്‍ ബി.ജെ.പി.യില്‍ ചേരുമെന്ന അര്‍ത്ഥമില്ലെന്ന് മന്ത്രി എച്ച്.സി. മഹാദേവപ്പ പറഞ്ഞിരുന്നു.

വിഷയത്തില്‍ തീരുമാനം പറയേണ്ടത് ഹൈക്കമാന്‍ഡാണെന്നായിരുന്നു മന്ത്രി ജി. പരമേശ്വര പറഞ്ഞത്. ‘ഞാന്‍ ഇതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല.

നേതാക്കള്‍ എന്ത് ചെയ്യുന്നു, എന്ത് പ്രസ്താവനകള്‍ നടത്തുന്നു, വിഷയങ്ങളില്‍ എന്ത് നിലപാട് എടുക്കുന്നു എന്നെല്ലാം നിരീക്ഷിക്കുന്നത് ഹൈക്കമാന്‍ഡാണ്. ഇതില്‍ തീരുമാനം എടുക്കേണ്ടതും ഹൈക്കമാന്‍ഡാണ്. തെറ്റാണെന്ന് അവര്‍ക്ക് തോന്നിയാല്‍, ശിവകുമാറിനോട് വിശദീകരണം ചോദിക്കും. എന്നാല്‍ ഇതൊരു വിഷയം മാത്രമാണ്’, ജി. പരമേശ്വര പറഞ്ഞു.

Content Highlight: Gandhi family is my God: DK Shivakumar ‘ready to apologise’ over RSS anthem row

We use cookies to give you the best possible experience. Learn more