ബോക്‌സ് ഓഫീസില്‍ പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറുകയാണ് വാഴ 2. റിലീസ് ചെയ്ത് 12 ദിവസം പിന്നിടുമ്പോള്‍ 164 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. മലയാളത്തിലെ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ സിനിമകളുടെ ലിസ്റ്റില്‍ ആറാം സ്ഥാനത്താണ് ഇപ്പോള്‍ വാഴ 2. എല്ലാം ഒത്തുവന്നാല്‍ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി വാഴ 2 മാറുമെന്നാണ് വിലയിരുത്തല്‍.
ഇന്‍സ്റ്റഗ്രാമില്‍ റീല്‍സ് ചെയ്തുകൊണ്ടിരുന്ന ഒരുകൂട്ടം യുവാക്കളെ അണിനിരത്തി നവാഗതനായ സവിന്‍ സായാണ് വാഴ 2 അണിയിച്ചൊരുക്കിയത്. ആദ്യഭാഗത്തിന്റെ നാലിരട്ടി കളക്ഷന്‍ ഇതിനോടകം ചിത്രം നേടിക്കഴിഞ്ഞു. ആദ്യഭാഗത്തില്‍ വെറും മൂന്ന് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട ഹാഷിറും ഗ്യാങ്ങുമാണ് വാഴ 2ലെ പ്രധാന കഥാപാത്രങ്ങള്‍.
ചിത്രത്തില്‍ വളരെ കുറച്ച് സീനുകളില്‍ മാത്രം വന്നുപോവുകയും ഗംഭീര പെര്‍ഫോമന്‍സ് കാഴ്ചവെക്കുകയും ചെയ്തവരില്‍ ഒരാളാണ് ദേവരാജ്. അജിന്റെ സഹോദരനായ സജിന്‍ എന്ന കഥാപാത്രത്തെയാണ് ദേവരാജ് അവതരിപ്പിച്ചത്. ഇന്‍സ്റ്റഗ്രാമിലെ യുറേക്ക സ്റ്റോറീസ് എന്ന പേജിലെ പ്രധാനിയാണ് ദേവരാജ്. റീല്‍സിലെ ഗംഭീര പ്രകടനം ബിഗ് സ്‌ക്രീനിലും ആവര്‍ത്തിക്കാന്‍ ദേവരാജിന് സാധിച്ചു.
വാഴ 2ലേക്കുള്ള ദേവരാജിന്റെ എന്‍ട്രിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. സജിന്‍ എന്ന കഥാപാത്രത്തിലേക്ക് ആദ്യം മറ്റൊരു നടനെയായിരുന്നു അണിയറപ്രവര്‍ത്തകര്‍ മനസില്‍ കണ്ടതെന്ന റിപ്പോര്‍ട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബാലതാരമായി സിനിമാലോകത്തേക്ക് കടന്നുവന്ന് ഇപ്പോള്‍ ക്യാരക്ടര്‍ റോളുകളില്‍ തിളങ്ങുന്ന ഗണപതിയെയാണ് ആദ്യം ഈ വേഷത്തിലേക്ക് പരിഗണിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ മറ്റ് സിനിമകളുടെ തിരക്കിലായതിനാല്‍ ഗണപതിക്ക് ഈ ചിത്രം ചെയ്യാന്‍ സാധിച്ചില്ലെന്നും പിന്നീട് ദേവരാജിലേക്ക് ഈ കഥാപാത്രം എത്തിയതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗണപതിക്ക് വെച്ച വേഷം തന്നിലേക്ക് എത്തിയപ്പോള്‍ ഗംഭീരമായി അത് അവതരിപ്പിക്കാന്‍ ദേവരാജിന് സാധിച്ചു. റീല്‍സിലെ സ്വാഭാവിക പ്രകടനം ബിഗ് സ്‌ക്രീനിലും ദേവരാജ് ആവര്‍ത്തിച്ചു.
അച്ഛനുണ്ടാക്കി വെച്ച കടങ്ങള്‍ തീര്‍ക്കാന്‍ വേണ്ടി പ്ലസ് ടു കഴിഞ്ഞ് നേരെ ദുബായില്‍ പോയി പണിയെടുക്കേണ്ടി വന്ന യുവാവിന്റെ കഥാപാത്രം ദേവരാജില്‍ ഭദ്രമായിരുന്നു. തന്റെ കൂടെ പണിയെടുക്കാന്‍ അനിയനും കൂടി വരുന്നതറിഞ്ഞ് അയാള്‍ നിരാശനാകുന്നുണ്ട്. ക്ലൈമാക്‌സില്‍ അനിയനോട് മനസ് തുറന്ന് സംസാരിക്കുന്ന രംഗങ്ങള്‍ പ്രേക്ഷകരുടെ കണ്ണ് നിറക്കുന്നുണ്ട്.
യുറേക്ക സ്റ്റോറീസില്‍ ദേവനായും ഉണ്ണി നമ്പൂതിരിയായുമെല്ലാം ഗംഭീര പെര്‍ഫോമന്‍സായിരുന്നു ദേവരാജ് കാഴ്ചവെച്ചത്. അഭിനയമാണെന്ന് തോന്നാത്ത തരത്തില്‍ നാച്ചുറലായിട്ടുള്ള പ്രകടനമാണ് ദേവരാജിന്റേത്. ഹൃദയപൂര്‍വത്തിലൂടെ ബിഗ് സ്‌ക്രീന്‍ എന്‍ട്രി നടത്തിയ ദേവരാജ് ഇനിയും സിനിമാലോകത്ത് ഞെട്ടിക്കുമെന്ന് ഉറപ്പാണ്.
Content Highlight: Ganapathi was the first choice for Devaraj’s character in Vaazha 2 movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ