സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സര്‍വൈവല്‍ ത്രില്ലര്‍ ഴോണറിലൊരുങ്ങിയ സിനിമയാണ് ഇത്.
കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ഈ സിനിമയുടെ കാസ്റ്റിങ് ഡയറക്ടര്‍ ഗണപതിയായിരുന്നു.
മഞ്ഞുമ്മല്‍ ബോയ്‌സിലേക്ക് സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ബാലു വര്‍ഗീസ്, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയവരെ കാസ്റ്റ് ചെയ്യാനുള്ള കാരണമെന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ഗണപതി. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘ഓഫ് സ്‌ക്രീനില്‍ യഥാര്‍ത്ഥ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കെമിസ്ട്രി എന്താണെന്ന് നമുക്ക് അറിയാവുന്നതാണ്. അവരുടെ കൂടെ ഒരുമിച്ചിരുന്ന് ഒരുപാട് സംസാരിച്ച് ഇടപഴകിയതാണ്. അവര്‍ പരസ്പരം സംസാരിക്കുന്ന രീതിയും അവരുടെ ബന്ധവും അവര്‍ക്കിടയിലെ സന്തോഷവുമൊക്കെ നമ്മള്‍ കണ്ടതാണ്.
അപ്പോള്‍ എനിക്ക് അതില്‍ നിന്ന് പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റിയത് നമ്മളുടെ ഫ്രണ്ട്ഷിപ്പ് ഗാങ്ങിലുള്ള ആളുകളെയാണ്. അത് കാസ്റ്റിങ്ങിനെ ഒരുപാട് സഹായിച്ചിട്ടുണ്ട്. സിനിമ തുടങ്ങിയിട്ട് ഇവന്‍ ഈ കഥാപാത്രമെന്ന് പറഞ്ഞ് തെരഞ്ഞെടുക്കുന്നതിലും നല്ലത് ഇതാണ്.
ഓണ്‍ സ്‌ക്രീനില്‍ അത്രയും കെമിസ്ട്രിയുള്ള ആളുകള്‍ വന്നാല്‍ അത് സിനിമക്ക് ഗുണം ചെയ്യുമെന്ന് ഉറപ്പായിരുന്നു. അതിന് ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍സ് ഇവരൊക്കെ തന്നെയായിരുന്നു,’ ഗണപതി പറഞ്ഞു.
Content Highlight: Ganapathi Talks About Manjummel Boys Casting