| Thursday, 6th August 2026, 4:55 pm

ബാലനില്‍ ഗണപതിക്ക് റോളില്ലെന്ന് ആരാ പറഞ്ഞേ, അധികമാരും ശ്രദ്ധിക്കാത്ത 'സൂപ്പര്‍സ്റ്റാറിനെ' കണ്ടുപിടിച്ച് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഈ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അഭിപ്രായപ്പെട്ട ചിത്രമാണ് ബാലന്‍. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സെന്‍സേഷണല്‍ ഹിറ്റിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. സീ ഫൈവിലൂടെ സ്ട്രീം ചെയ്യുന്ന ബാലനാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

ചിത്രത്തില്‍ അധികമാരും ശ്രദ്ധിക്കാതെപോയ ബ്രില്യന്‍സുകളും ഒ.ടി.ടി റിലീസിന് പിന്നാലെ പലരും കണ്ടുപിടിച്ചിട്ടുണ്ട്. അത്തരത്തിലൊന്നാണ് ബാലനിലെ ഗണപതിയുടെ സാന്നിധ്യം. ബാലനിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം കാസ്റ്റ് ചെയ്തത് ഗണപതിയായിരുന്നു. ചിദംബരത്തിന്റെ മുന്‍ ചിത്രങ്ങളായ ജാന്‍ ഏ മന്‍, മഞ്ഞുമ്മല്‍ ബോയ്‌സ് എന്നീ ചിത്രങ്ങളില്‍ കാസ്റ്റിങ് ഡയറക്ടറായിരുന്ന ഗണപതി ബാലനിലെ ഓരോ കഥാപാത്രത്തെയും തെരഞ്ഞെടുത്തത് പലരുടെയും പ്രശംസ ഏറ്റുവാങ്ങി.

ചിദംബരത്തിന്റെ സിനിമകളില്‍ സ്ഥിരം സാന്നിധ്യമായ ഗണപതിക്ക് ബാലനില്‍ ചെയ്യാനുള്ള കഥാപാത്രമില്ലായിരുന്നെന്ന് പലരും അഭിപ്രായപ്പെട്ടു. എന്നാല്‍ ഒറ്റ ഷോട്ടില്‍ ഗണപതിയുടെ സാന്നിധ്യമുണ്ടെന്നാണ് ചിലര്‍ കണ്ടെത്തിയത്. ചിത്രത്തില്‍ ഫര്‍സാനയുടെ കഥാപാത്രം ഒരു തിയേറ്ററില്‍ ജോലി ചെയ്യുന്നതായി കാണിക്കുന്നുണ്ട്.

ഈ തിയേറ്ററിന്റെ പരിസരത്ത് ഗണപതിയുടെ ഫ്‌ളക്‌സും കട്ടൗട്ടും ചിലര്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ്. കൂള്‍ സ്റ്റാര്‍ അര്‍ജുന്‍ എന്നാണ് കട്ടൗട്ടില്‍ എഴുതിയിരിക്കുന്നത്. ബൗണ്‍സര്‍ എന്നാണ് കൂള്‍ സ്റ്റാറിന്റെ സിനിമയുടെ പേര്. ബാലനിലെ ഈയൊരു ഷോട്ടിലെ ഗണപതിയുടെ സാന്നിധ്യം തിയേറ്റര്‍ റിലീസിന്റെ സമയത്ത് ആരും ശ്രദ്ധിച്ചില്ലെങ്കിലും ഒ.ടി.ടി റിലീസിന് പിന്നാലെ ചര്‍ച്ചയാണ്.

ബാലനില്‍ ക്യാമറയുടെ മുന്നിലെത്തുന്നില്ലെങ്കിലും ഗണപതി പലരുടെയും കൈയടി നേടുന്നുണ്ട്. കേരളത്തില്‍ അങ്ങോളമിങ്ങോളമലഞ്ഞ് നാലായിരത്തോളം പേരെ ഓഡിഷന്‍ ചെയ്തതിന് ശേഷമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആദിശേഷനെ ഗണപതി കണ്ടെത്തിയത്. ഫര്‍സാന പാലത്തിങ്കല്‍, ഡോളി ജൂണ്‍, ഗിരീഷ് എ.ഡി എന്നിങ്ങനെ ഗണപതി ബാലനിലൂടെ പരിചയപ്പെടുത്തിയ പുതുമുഖങ്ങള്‍ക്ക് മികച്ച കൈയടി ലഭിക്കുന്നുണ്ട്.

ഗണപതിയുടെ കട്ടൗട്ടിന് പുറമെ മറ്റ് ചില ഡയറക്ടര്‍ ബ്രില്യന്‍സും ചര്‍ച്ചയാകുന്നുണ്ട്. ക്ലൈമാക്‌സില്‍ ബാലന്‍ ടൊവിനോയുടെ കൈയില്‍ താക്കോല്‍ നല്‍കുന്നതും സിസിലി എന്ന കഥാപാത്രത്തിന്റെ ഇപ്പോഴത്തെ ജീവിതവുമെല്ലാം ഒ.ടി.ടി റിലീസിന് ശേഷമാണ് പലരും കണ്ടുപിടിച്ചത്. കൂടുതല്‍ ഡയറക്ടര്‍ ബ്രില്യന്‍സുകള്‍ ഇനിയും ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

Content Highlight: Ganapathi’s presence in Balan movie noticing after OTT release

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more