അനൗണ്‍സ്‌മെന്റ് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഹൈപ്പ് ലഭിക്കുന്ന ചിത്രമാണ് സീന്‍. ബാക്ക് ടു ബാക്ക് ബ്ലോക്ക്ബസ്റ്ററുമായി കളംനിറഞ്ഞുനില്‍ക്കുന്ന സൂര്യയുടെ ഹാട്രിക് ഹിറ്റായി സീന്‍ മാറുമെന്നാണ് ആരാധകര്‍ കരുതുന്നത്. വന്ന അപ്‌ഡേറ്റുകളില്‍ ഒന്നുപോലും നിരാശ നല്‍കുന്നതല്ലായിരുന്നു. മലയാളത്തിന്റെ സ്വന്തം ജിത്തു മാധവന്‍, സുഷിന്‍ ശ്യാം എന്നിവരുടെ തമിഴ് അരങ്ങേറ്റം കൂടിയാണ് സീന്‍.
ചിത്രത്തിനായി സുഷിന്‍ ഒരുക്കിയ ട്രാക്കുകളെല്ലാം ഇതിനോടകം ചാര്‍ട്ട്ബസ്റ്ററായി മാറി. ആവേശത്തിന് ശേഷം സുഷിന്‍ കമ്പോസ് ചെയ്യുന്ന കൊമേഷ്‌സ്യല്‍ ചിത്രമാണ് സീന്‍. ഇതുവരെ പുറത്തിറങ്ങിയ ട്രാക്കുകളില്‍ പലരുടെയും ഫേവറെറ്റായത് ‘ഏറോപ്ലെയ്ന്‍’ എന്ന ഗാനമാണ്. ഗാനാ സ്റ്റൈലില്‍ ഒരുങ്ങിയ റൊമാന്റിക് ഗാനം ആലപിച്ചത് ഗാനാ ബാലയാണ്.
തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് ഗാനാ ബാല. സുഷിന്‍ ശ്യാമിന് വേണ്ടി പാട്ട് പാടിയപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ബാല. ചിത്രത്തിലേക്ക് തന്നെ വിളിക്കുമെന്ന് കരുതിയില്ലെന്നും സര്‍പ്രൈസായിരുന്നു സുഷിന്റെ ക്ഷണമെന്നും ബാല പറഞ്ഞു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഈ പടത്തില്‍ 12- 13 പാട്ടുകളുണ്ട്. അതില്‍ ഏറ്റവും പ്രയാസമുള്ള പാട്ട് തന്നെയാണ് സുഷിന്‍ എനിക്ക് തന്നത്. അതും എന്നെ വിളിച്ച കഥ രസകരമാണ്. ഒരുദിവസം രാവിലെ വിളിച്ചിട്ട് ‘10.30ന് റെക്കോഡിങ്ങുണ്ട്, വരാന്‍ പറ്റുമോ’ എന്ന് ചോദിച്ചു. എനിക്കാണെങ്കില്‍ അന്ന് ഒഴിവാക്കാനാകാത്ത ഒരു മീറ്റിങ്ങുണ്ട്. അത് കഴിഞ്ഞിട്ടേ എന്തും ചെയ്യാന്‍ പറ്റുള്ളൂ.
വേറെ ദിവസം റെക്കോഡ് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ അതിനും സമ്മതിച്ചില്ല. ഒടുവില്‍ മീറ്റിങ് കഴിഞ്ഞ് ഉച്ചക്ക് പുറപ്പെട്ടു. കുറെ നേരം ട്രാവല്‍ ചെയ്ത് അവിടെയെത്തി പാട്ട് റെക്കോഡ് ചെയ്ത് കഴിഞ്ഞപ്പോള്‍ സമയം പാതിരാത്രിയായി. അത്രയും നേരം ഞാന്‍ ഒന്നും കഴിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാതെയാണ് ആ പാട്ട് കംപ്ലീറ്റ് ചെയ്തത്,’ ഗാനാ ബാല പറയുന്നു.
ഓഡിയോ ലോഞ്ചിനിടെ തന്റെ പാട്ടിന്റെ അണ്‍പ്ലഗ്ഡ് വേര്‍ഷന്‍ ഗാനാ ബാല പാടിയതിന്റെ വീഡിയോയും വൈറലായി. ഓട്ടോ ട്യൂണ്‍ പോലുമില്ലാതെ അതിമനോഹരമായിട്ടാണ് അദ്ദേഹം പാടിയതെന്ന് പലരും അഭിപ്രായപ്പെടുന്നു. സമീപകാലത്ത് വന്ന ഏറ്റവും വൈബുള്ള പാട്ടെന്നാണ് പലരും ‘ഏറോപ്ലെയ്‌നി’നെ വിശേഷിപ്പിക്കുന്നത്.
Content Highlight: Gana Bala about Sushin Shyam and song in Scene movie