| Wednesday, 28th January 2026, 8:57 am

ഗാമോസ വിവാദം തെറ്റായ പ്രചാരണം; രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കാനുള്ള ശ്രമം: ഖാര്‍ഗെ

നിഷാന. വി.വി

ന്യൂദല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരായ ഗാമോസ വിവാദത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ.

തെറ്റായ പ്രചാരണങ്ങളിലൂടെ രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ തകര്‍ക്കാനാണ് ബി.ജ.പി ആഗ്രഹിക്കുന്നുന്നതെന്നും എന്നാല്‍ അതൊരിക്കലും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

റിപ്പബ്ലിക് ദിന പരേഡില്‍ സഹമന്ത്രിമാര്‍ക്കൊപ്പം മൂന്നാം നിരയിലിരുത്തി തന്നെയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെയും മോദി സര്‍ക്കാര്‍ അപമാനിച്ചുവെന്നും ഖാര്‍ഗെ ആരോപിച്ചു.

റിപ്പബ്ലിക് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു നല്‍കിയ സ്വീകരണത്തില്‍ അതിഥികള്‍ക്ക് നല്‍കിയ ആസാമീസ് ഗാമോസ ധരിക്കാതെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകത്തെ രാഹുല്‍ ഗാന്ധി അപമാനിച്ചുവെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു.

രാഷ്ട്രപതി ദ്രൗപതി മുര്‍മു രണ്ട് തവണ അഭ്യര്‍ത്ഥിച്ചിട്ടും രാഹുല്‍ ഇത് ധരിക്കാന്‍ കൂട്ടാക്കിയില്ലെന്ന് ബി.ജെ.പി ഐ.ടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു.

എന്നാല്‍ ഇതൊരു നുണയാണെന്നും രാഹുല്‍ ഗാന്ധി ഗാമോസ ധരിച്ച ശേഷം ഊരി കയ്യില്‍ വെക്കുകയായിരുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

‘ഇതൊരു നുണയാണ്, പ്രതിരോധ മന്ത്രി പോലും അത് ധരിച്ചിരുന്നില്ല. രാഹുല്‍ ഗാന്ധി അത് ധരിച്ചതിന് ശേഷം കയ്യില്‍ പിടിച്ചിരുന്നു. രാഹുല്‍ ഗാന്ധി മുഴുവന്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെയും അവരുടെ സംസ്‌കാരത്തെയും അപമാനിച്ചതായി ബി.ജെ.പി പ്രചാരണം നടത്തുന്നു. എന്നാല്‍ ആ സംസ്‌കാരത്തെ നശിപ്പിക്കാന്‍ അവര്‍ (ബി.ജെ.പി ) ആഗ്രഹിക്കുകയാണ്,’ ഖാര്‍ഖെ പറഞ്ഞതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

താന്‍ ഒരു ദൃക്‌സാക്ഷിയാണെന്നും തെറ്റായ പ്രചാരണത്തിലൂടെ രാഹുല്‍ ഗാന്ധിയുടെ പ്രതിഛായ നശിപ്പിക്കാന്‍ ആഗ്രഹിക്കുകയാണെന്നും പക്ഷേ അവര്‍ ഒരിക്കലും വിജയിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയും താനും ഗാമോസ ധരിച്ചിരുന്നുവെന്നും ഭക്ഷണം കഴിക്കുമ്പോള്‍ അത് അഴിച്ച് മേശപ്പുറത്ത് വെച്ചിരിക്കുകയായിരുന്നുവെന്നും ബി.ജെ.പിയുടെ ആളുകള്‍ ധരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വടക്കുകിഴക്കന്‍ കലാകാരന്മാരെയെല്ലാം കാണുകയും ഹസ്തധാനം ചെയ്യുകയും അരുണാചലില്‍ നിന്നുള്ള കലാകരനെ കെട്ടിപ്പിടിക്കുകയും ചെയ്ത ഒരേയൊരു നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണ് ഇതിന്റെ ഫോട്ടാകള്‍ ലഭ്യമാണ്,’ ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധിയുടെ നടപടി വടക്കുകിഴക്കന്‍ ജനതയോടുള്ള അനാദരവാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിമര്‍ശനമുയര്‍ത്തിയിരുന്നു. രാഹുലിന്റെ ഇത്തരത്തിലുള്ള പെരുമാറ്റം കൊണ്ടാണ് കോണ്‍ഗ്രസിന് ആ മേഖലയില്‍ സ്വാധീനം നഷ്ടപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അപമാനിച്ചതിന് രാഹുല്‍ ഗാന്ധി നിരുപാധികം മാപ്പ് പറയണമെന്നും ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു.

ബി.ജെ.പി വക്താക്കളായ ഷഹസാദ് പൂനെവാല, പ്രദീപ് ബണ്ഡാരി എന്നിവരും രാഹുലിനെ വിമര്‍ശിച്ചിരുന്നു.

Content Highlight: Gamosa controversy is false propaganda; an attempt to tarnish Rahul Gandhi’s image: Kharge

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more